സര്‍വ് ബാങ്കിന്റെ ഒക്ടോബറിലെ കണക്കുകള്‍ പ്രകാരം, ബാങ്കുകള്‍ നല്‍കിയ സ്വര്‍ണ വായ്പകളുടെ വളര്‍ച്ചാ നിരക്ക് ഇരട്ടിയായി. കഴിഞ്ഞ വര്‍ഷം 65% ആയിരുന്നിടത്ത് നിന്ന് ഈ വര്‍ഷം ഇത് 128.5% വര്‍ദ്ധിച്ച് 3.37 ലക്ഷം കോടി രൂപയായി.
രാജ്യത്തെ സാധാരണക്കാര്‍ക്കിടയില്‍ വ്യക്തിഗത വായ്പകളെ അപേക്ഷിച്ച് സ്വര്‍ണ്ണപ്പണയ വായ്പകള്‍ക്ക് പ്രിയമേറുന്നതായി കണക്കുകള്‍. സ്വര്‍ണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടമാണ് ഇതിന് പ്രധാന കാരണം. കൂടുതല്‍ തുക കുറഞ്ഞ പലിശയില്‍ ലഭിക്കുന്നതാണ് സാധാരണക്കാരെ സ്വര്‍ണ്ണവായ്പയിലേക്ക് ആകര്‍ഷിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ ഒക്ടോബറിലെ കണക്കുകള്‍ പ്രകാരം, ബാങ്കുകള്‍ നല്‍കിയ സ്വര്‍ണ വായ്പകളുടെ വളര്‍ച്ചാ നിരക്ക് ഇരട്ടിയായി. കഴിഞ്ഞ വര്‍ഷം 65% ആയിരുന്നിടത്ത് നിന്ന് ഈ വര്‍ഷം ഇത് 128.5% വര്‍ദ്ധിച്ച് 3.37 ലക്ഷം കോടി രൂപയായി. അതേസമയം, 'മറ്റ് വ്യക്തിഗത വായ്പകള്‍' എന്ന വിഭാഗത്തിന്റെ വളര്‍ച്ചാ നിരക്ക് ഒരു വര്‍ഷം മുമ്പുള്ള 10.4% ല്‍ നിന്ന് 9.9% ആയി കുറഞ്ഞു. ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികയുടെ വളര്‍ച്ചയാകട്ടെ 17% ല്‍ നിന്ന് 7.7% ലേക്ക് ഇടിഞ്ഞു. സ്വര്‍ണ്ണവില വര്‍ദ്ധിച്ചതാണ് ബാങ്കിന്റെ വ്യക്തിഗത വായ്പാ ബിസിനസ്സ് പ്രതീക്ഷിച്ചത്ര വേഗത്തില്‍ വളരാതിരിക്കാന്‍ കാരണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ സി.എസ്. ഷെറ്റി പറഞ്ഞു.
കുറഞ്ഞ പലിശ നിരക്ക്
വ്യക്തിഗത വായ്പകളെ അപേക്ഷിച്ച് സ്വര്‍ണ്ണവായ്പകള്‍ക്ക് പലിശ നിരക്കും കുറവാണ്.
സ്വര്‍ണ്ണവായ്പകളുടെ പലിശ നിരക്ക്: 9% - 15% വരെ.
വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക്: 10% - 20% വരെ.
സ്വര്‍ണ്ണവിലയിലെ വര്‍ദ്ധന പ്രധാന ഘടകം
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്വര്‍ണ്ണവില 74% ആണ് വര്‍ദ്ധിച്ചത്. ഗ്രാമീണ മേഖലയിലുള്ളവര്‍ സാധാരണയായി 20,000 രൂപ മുതല്‍ 2 ലക്ഷം രൂപ വരെയാണ് എടുക്കാറുള്ളതെങ്കില്‍, നഗരങ്ങളിലെ ഉപഭോക്താക്കളും ബിസിനസ്സുകാരും ഉയര്‍ന്ന വായ്പാ തുക തിരഞ്ഞെടുക്കുന്നു.
എല്‍ടിവി അനുപാതത്തില്‍ മാറ്റം; ഏപ്രില്‍ ഒന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍!
ഏപ്രില്‍ 1 മുതല്‍ ആര്‍ബിഐ ലോണ്‍-ടു-വാല്യൂ അനുപാതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഈ മേഖലയുടെ ആകര്‍ഷണം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. നിലവില്‍, സ്വര്‍ണ്ണവായ്പയുടെ എല്‍ടിവി 75% ആണ്. (പണയം വെച്ച സ്വര്‍ണ്ണത്തിന്റെ മൂല്യത്തിന് ആനുപാതികമായി ലഭിക്കുന്ന വായ്പാ തുകയാണിത്). ഏപ്രില്‍ 1 ന് ശേഷം, 2.5 ലക്ഷം രൂപയില്‍ താഴെയുള്ള വായ്പകള്‍ക്ക് എല്‍ടിവി 85% ആയും, 2.5 ലക്ഷം രൂപയ്ക്കും 5 ലക്ഷം രൂപയ്ക്കും ഇടയിലുള്ള വായ്പകള്‍ക്ക് 80% ആയും മാറും.
