
വരുന്ന ഒരു വർഷം സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരന്മാരോട് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയിൽ സ്വർണം കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും വീണ്ടും ചർച്ചയാകുകയാണ്. അനാവശ്യ ഇറക്കുമതി കുറച്ച് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനാണ് കേന്ദ്രത്തിന്റെ ഈ നീക്കം ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ സ്വർണം കൈവശം വെക്കുന്നതിന് നിയമപരമായി പ്രത്യേക പരിധികളൊന്നുമില്ല. എന്നാൽ ആദായനികുതി റെയ്ഡ് പോലുള്ളവ നടക്കുന്ന സമയത്ത് കണ്ടെടുക്കുന്ന സ്വർണത്തിന്റെ അളവ് സംബന്ധിച്ച് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
വിവാഹിതരായ സ്ത്രീകൾക്ക് 500 ഗ്രാം വരെ കൈവശം വക്കാമെന്നാണ്. അവിവാഹിതരായ സ്ത്രീകൾക്ക് 250 ഗ്രാം വരെ കൈവശം വക്കാൻ സിബിഡിടി അനുവാദം നൽകുന്നുണ്ട്. വിവാഹിതരോ അവിവാഹിതരോ ആയ പുരുഷന്മാർക്ക് 100 ഗ്രാം വരെ സൂക്ഷിക്കാവുന്നതാണ്. കുടുംബത്തിന്റെ സാമൂഹിക നിലവാരമോ വരുമാനമോ പരിഗണിക്കാതെ തന്നെ ഈ പരിധിയിലുള്ള ആഭരണങ്ങൾ പിടിച്ചെടുക്കരുതെന്നാണ് നിർദ്ദേശം.
നിർദ്ദിഷ്ട പരിധിയിൽ കൂടുതൽ സ്വർണം കൈവശം വെക്കുന്നവർക്ക് ചില സാഹചര്യങ്ങളിൽ ഇളവ് ലഭിക്കും. വെൽത്ത് ടാക്സ് റിട്ടേണിൽ സ്വർണ്ണത്തിന്റെ വിവരം വെളിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഇളവ് അനുവദിക്കും. സ്വർണം വാങ്ങാനുപയോഗിച്ച പണത്തിന്റെ കൃത്യമായ സ്രോതസ് (Income Source) വ്യക്തമാക്കാൻ സാധിച്ചാലും രക്ഷ നേടാം. കുടുംബത്തിലെ ആചാരങ്ങളും പാരമ്പര്യങ്ങളും കണക്കിലെടുത്ത് കൂടുതൽ അളവ് സ്വർണം അനുവദിക്കാൻ ഉദ്യോഗസ്ഥർക്ക് വിവേചനാധികാരമുണ്ട്. അതേ സമയം, ഈ ഇളവുകൾ ആഭരണങ്ങൾക്ക് മാത്രമാണ് ബാധകം. സ്വർണ്ണ നാണയങ്ങൾക്കോ ഗോൾഡ് ബാറുകൾക്കോ (Gold Bars) ഈ പരിരക്ഷ ലഭിക്കില്ല.
ഇനി സ്രോതസ് വ്യക്തമാക്കാൻ സാധിച്ചില്ലെങ്കിലോ? കൈവശമുള്ള സ്വർണ്ണത്തിന്റെ സ്രോതസ് കാണിക്കുന്നതിൽ പരാജയപ്പെട്ടാൽ ഭീമമായ നികുതി നൽകേണ്ടി വരും. 60% നികുതി, 25% സർചാർജ്, 4% സെസ് എന്നിവയുൾപ്പെടെ ഏകദേശം 78% വരെ നികുതി അടയ്‌ക്കേണ്ടി വരുമെന്ന് ക്ലിയർടാക്സ് (ClearTax) റിപ്പോർട്ട് പറയുന്നു. ഇതിനുപുറമെ, നികുതി തുകയുടെ മേൽ 10% പിഴയും ഈടാക്കാവുന്നതാണ്. ചുരുക്കത്തിൽ, കൃത്യമായ രേഖകളും വരുമാന സ്രോതസും ഉണ്ടെങ്കിൽ എത്ര സ്വർണം വേണമെങ്കിലും കൈവശം വെക്കാം. എന്നാൽ, രേഖകളില്ലാത്ത സ്വർണം പിടിച്ചെടുത്താൽ കനത്ത വില നൽകേണ്ടി വരും.