വർഷങ്ങളായി ഉപയോഗിക്കാത്ത പഴയ ബാങ്ക് അക്കൗണ്ടുകൾ നിങ്ങൾക്കുണ്ടോ? തുടർച്ചയായി രണ്ട് വർഷം ഇടപാടുകൾ നടക്കാത്ത അക്കൗണ്ടുകൾ നിർജീവമാകുമെങ്കിലും അതിലെ പണം നഷ്ടപ്പെടില്ല. കെവൈസി രേഖകൾ നൽകി ഇത്തരം അക്കൗണ്ടുകൾ വീണ്ടും പ്രവർത്തനക്ഷമമാക്കാൻ സാധിക്കും.

നിത്യജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ പഴയ ബാങ്ക് അക്കൗണ്ടുകളുടെ കാര്യം പലരും മറന്നുപോകാറുണ്ട്. ജോലി മാറുമ്പോഴോ പുതിയ ബിസിനസ് തുടങ്ങുമ്പോഴോ ഒക്കെ പുതിയ അക്കൗണ്ടുകള്‍ എടുക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍, വര്‍ഷങ്ങളായി യാതൊരു ഇടപാടുകളും നടത്താത്ത പഴയ ബാങ്ക് അക്കൗണ്ടുകള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ അതൊന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ഇത്തരം അക്കൗണ്ടുകളുടെ നിലവിലെ അവസ്ഥ എന്താണെന്ന് പരിശോധിക്കണമെന്നും അവ കൃത്യമായി ഉപയോഗിക്കണമെന്നും റിസര്‍വ് ബാങ്ക് ഇടപാടുകാര്‍ക്ക് എസ്എംഎസ്, ഇ-മെയില്‍, പത്രക്കുറിപ്പുകള്‍ എന്നിവയിലൂടെ മുന്നറിയിപ്പ് നല്‍കാറുണ്ട്.

എപ്പോഴാണ് അക്കൗണ്ടുകള്‍ നിര്‍ജീവമാകുക?

തുടര്‍ച്ചയായി രണ്ടു വര്‍ഷത്തിലധികം അക്കൗണ്ട് ഉടമകള്‍ യാതൊരുവിധ ഇടപാടുകളും നടത്തിയില്ലെങ്കില്‍ ബാങ്കുകള്‍ ആ അക്കൗണ്ടിനെ നിര്‍ജീവമായി കണക്കാക്കും. സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്താനും ഉപഭോക്താക്കളുടെ പണത്തിന്റെ സുരക്ഷയ്ക്കുമായാണ് ആര്‍ബിഐ ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നിങ്ങള്‍ക്കും ഇത്തരം പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ബാങ്കുമായി ബന്ധപ്പെട്ട് ആവശ്യമായ കെവൈസി രേഖകള്‍ നല്‍കി അക്കൗണ്ട് വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാവുന്നതാണ്.

അക്കൗണ്ട് നിര്‍ജീവമായാല്‍ പണം നഷ്ടപ്പെടുമോ?

ഒരിക്കലുമില്ല. നിങ്ങളുടെ അക്കൗണ്ട് പ്രവര്‍ത്തനരഹിതമായി എന്ന് കരുതി അതിലെ പണം നഷ്ടപ്പെടുകയോ ബാങ്കിന്റെ സ്വത്തായി മാറുകയോ ഇല്ല. എന്നാല്‍, ഈ തുക അക്കൗണ്ട് ഉടമയ്ക്ക് ഉടന്‍ പിന്‍വലിക്കാനോ ഉപയോഗിക്കാനോ സാധിക്കില്ല. അക്കൗണ്ട് വീണ്ടും ആക്ടീവ് ആക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഈ പണം ബാങ്കില്‍ നിന്ന് എടുക്കാന്‍ സാധിക്കൂ.

ഇതിനായി അക്കൗണ്ട് ഉടമകള്‍ ബാങ്കുമായി ബന്ധപ്പെട്ട് കെവൈസി വിവരങ്ങള്‍ പുതുക്കണം. ബാങ്കിന്റെ നിയമങ്ങള്‍ അനുസരിച്ച് ഏത് ശാഖയില്‍ നിന്നോ അല്ലെങ്കില്‍ വീഡിയോ കെവൈസി വഴിയോ വിവരങ്ങള്‍ പുതുക്കാവുന്നതാണ്. അക്കൗണ്ട് വീണ്ടും ആക്ടീവ് ആക്കാന്‍ ചെയ്യേണ്ടതെന്ത്?

  • നിങ്ങളുടെ ബാങ്കിന്റെ ഏറ്റവും അടുത്തുള്ള ശാഖയില്‍ നേരിട്ടെത്തുക.
  • ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് സംസാരിച്ച് അക്കൗണ്ട് റീ-ആക്ടിവേറ്റ് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ വ്യക്തമായി മനസ്സിലാക്കുക.
  • ഇതിനായി എന്തൊക്കെ രേഖകളാണ് സമര്‍പ്പിക്കേണ്ടതെന്ന് ചോദിച്ചറിയുക.
  • നിലവിലെ നിയമങ്ങള്‍ അനുസരിച്ച് ആവശ്യമായ രേഖകള്‍ ബാങ്കില്‍ സമര്‍പ്പിക്കുക.
  • ബാങ്കിന്റെ പരിശോധനകള്‍ക്ക് ശേഷം നിങ്ങളുടെ അക്കൗണ്ട് വീണ്ടും ആക്ടീവ് ആക്കി നല്‍കുന്നതാണ്.