വലിയ ശമ്പളമില്ലെങ്കിലും സമ്പന്നനാകാം; സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ശീലമാക്കാം ഈ 5 കാര്യങ്ങള്‍

Published : Aug 28, 2026, 12:30 PM IST
Indian Currency

Synopsis

ഉയർന്ന വരുമാനത്തേക്കാൾ സാമ്പത്തിക ഭദ്രതയ്ക്ക് പ്രധാനം നല്ല സാമ്പത്തിക ശീലങ്ങളാണ്. ചെലവാക്കും മുൻപ് സമ്പാദിക്കുക, വരുമാനം കൂടുമ്പോൾ സമ്പാദ്യം കൂട്ടുക, ലക്ഷ്യങ്ങൾ വെച്ച് നിക്ഷേപിക്കുക എന്നിവയുൾപ്പെടെ സാമ്പത്തിക ഭാവിയെ മാറ്റിമറിക്കാൻ സഹായിക്കുന്ന 5 പ്രധാന ശീലങ്ങൾ വളർത്തുകയാണ് വേണ്ടത്.

സാമ്പത്തിക ഭദ്രത എന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പലരുടെയും മനസില്‍ ആദ്യം വരുന്നത് വലിയൊരു തുക ശമ്പളമായി ലഭിക്കുന്നതോ അല്ലെങ്കില്‍ ഏറ്റവും മികച്ച നിക്ഷേപങ്ങള്‍ കണ്ടെത്തുന്നതോ ആകും. തീര്‍ച്ചയായും ഇവ രണ്ടും സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായിക്കും. പക്ഷേ അത് മാത്രമല്ല കാര്യം. മികച്ച വരുമാനമുള്ള പലരും മാസാന്ത്യം പണത്തിന് ബുദ്ധിമുട്ടുമ്പോള്‍, കുറഞ്ഞ ശമ്പളമുള്ള പലരും ഭാവിയിലേക്ക് മികച്ചൊരു സമ്പാദ്യം കെട്ടിപ്പടുക്കുന്നത് നമ്മള്‍ കാണാറില്ലേ?

ഇവിടെ വ്യത്യാസം വരുന്നത് അവരുടെ ശീലങ്ങളിലാണ്. നല്ല സാമ്പത്തിക ശീലങ്ങള്‍ ഒറ്റരാത്രികൊണ്ട് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കില്ല. അതുകൊണ്ട് തന്നെ പലരും ഇത് കാര്യമാക്കാറില്ല. എന്നാല്‍ പത്തോ ഇരുപതോ വര്‍ഷം കഴിയുമ്പോള്‍ നിങ്ങളുടെ സാമ്പത്തിക നില തന്നെ മാറ്റിമറിക്കാന്‍ ഈ ചെറിയ ശീലങ്ങള്‍ക്ക് കഴിയും. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ നോക്കാം.

ചെലവാക്കും മുൻപ് സമ്പാദിക്കുക

ഏറ്റവും ലളിതവും എന്നാല്‍ ഫലപ്രദവുമായ ഒരു ശീലമാണിത്. മാസാന്ത്യം ചെലവുകള്‍ കഴിഞ്ഞ് ബാക്കിയുള്ളത് സമ്പാദിക്കാം എന്ന് ചിന്തിക്കുന്നതിന് പകരം, ശമ്പളം അക്കൗണ്ടില്‍ എത്തുമ്പോള്‍ തന്നെ അതില്‍ നിന്ന് ഒരു നിശ്ചിത തുക സേവിങ്‌സിലേക്കോ നിക്ഷേപങ്ങളിലേക്കോ മാറ്റുക.

വരുമാനം കൂടുമ്പോള്‍ സമ്പാദ്യവും കൂട്ടുക

ശമ്പളം കൂടുമ്പോള്‍ സ്വാഭാവികമായും നമ്മുടെ ജീവിതച്ചെലവും കൂടും. പുതിയ ഗാഡ്ജെറ്റുകള്‍, വലിയ ഷോപ്പിംഗ്, വിലകൂടിയ റെസ്റ്റോറന്റുകള്‍ എന്നിവയെല്ലാം ജീവിതത്തിലേക്ക് വരുന്നത് സ്വാഭാവികമാണ്. പക്ഷേ, വരുമാനം വര്‍ധിക്കുന്നതിനനുസരിച്ച് ചെലവും കൂട്ടിയാല്‍, വലിയ ശമ്പളം കിട്ടിയാലും നിങ്ങളുടെ സമ്പാദ്യം എങ്ങുമെത്തില്ല. ശമ്പളം വര്‍ധിക്കുമ്പോള്‍ പ്രതിമാസ സമ്പാദ്യവും വര്‍ധിപ്പിക്കുന്നതാണ് ബുദ്ധി. വര്‍ധിച്ച തുക മുഴുവനായി നിക്ഷേപിക്കണം എന്നില്ല. എന്നാല്‍ ശമ്പള വര്‍ധനവിന്റെ ഒരു ഭാഗമെങ്കിലും നിക്ഷേപത്തിലേക്ക് മാറ്റുന്നത് ഭാവിയില്‍ വലിയൊരു തുക സ്വന്തമാക്കാന്‍ സഹായിക്കും.

ഓരോ രൂപയ്ക്കും ഒരു ലക്ഷ്യം നല്‍കുക

ഒരു പ്രത്യേക ലക്ഷ്യമില്ലാതെ പണം മാറ്റിവെച്ചാല്‍ അത് പെട്ടെന്ന് ചെലവായിപ്പോകാന്‍ സാധ്യതയുണ്ട്. വെറുതെ 'കൂടുതല്‍ സമ്പാദിക്കുക' എന്ന് ചിന്തിക്കുന്നതിനേക്കാള്‍ നല്ലത് വ്യക്തമായ ലക്ഷ്യങ്ങളോടെ പണം മാറ്റിവെക്കുന്നതാണ്. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ഫണ്ട്, വീട് വാങ്ങല്‍, കുട്ടികളുടെ വിദ്യാഭ്യാസം, റിട്ടയര്‍മെന്റ് തുടങ്ങി എന്തുമാകട്ടെ കൃത്യമായ ലക്ഷ്യങ്ങള്‍ വെക്കുന്നത് സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കും. വെറുതെ പണം കൂട്ടിവെക്കുന്നതിന് പകരം അര്‍ഥവത്തായ ഒന്നിന് വേണ്ടിയാണ് നമ്മള്‍ സമ്പാദിക്കുന്നത് എന്ന തോന്നല്‍ ഇത് ഉണ്ടാക്കും.

വര്‍ഷത്തിലൊരിക്കല്‍ വിലയിരുത്തല്‍ നടത്തുക

ദിവസവും ഓരോ രൂപയുടെയും കണക്കെഴുതി വെക്കണം എന്നല്ല പറയുന്നത് എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ സ്വന്തം സാമ്പത്തിക കാര്യങ്ങള്‍ ഒന്ന് വിലയിരുത്തുന്നത് നല്ലൊരു ശീലമാണ്. നിങ്ങളുടെ സമ്പാദ്യം, നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ്, വലിയ ചെലവുകള്‍ എന്നിവയെല്ലാം പരിശോധിക്കുക. നിങ്ങളുടെ നിലവിലെ ജീവിതസാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ളതാണോ ഇപ്പോഴത്തെ സാമ്പത്തിക പ്ലാന്‍ എന്ന് സ്വയം ചോദിക്കുക.

ക്ഷമയോടെ കാത്തിരിക്കുക

ഇതില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം വിപണിയിലെ പുതിയ നിക്ഷേപ ട്രെന്‍ഡുകള്‍ക്ക് പിന്നാലെ പോകാതിരിക്കുക എന്നതാണ്. എല്ലാ വര്‍ഷവും പുതിയ നിക്ഷേപ ഉല്‍പ്പന്നങ്ങളും വിപണി പ്രവചനങ്ങളും പെട്ടെന്ന് പണമുണ്ടാക്കാനുള്ള വഴികളുമൊക്കെ വരും. ഇത് കാണുമ്പോള്‍ നമ്മുടെ സ്ഥിരമായുള്ള നിക്ഷേപങ്ങള്‍ വളരെ ബോറാണെന്ന് തോന്നിയേക്കാം. എന്നാല്‍ നിരന്തരമായി ഒരു കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നവരാണ് സാമ്പത്തികമായി വിജയിച്ചിട്ടുള്ളത്. വിപണിയിലെ മാറ്റങ്ങള്‍ക്ക് പിന്നാലെ പോകാതെ, പണം ഇടയ്ക്ക് വെച്ച് പിന്‍വലിക്കാതെ കൃത്യമായി നിക്ഷേപം തുടര്‍ന്നവരാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്.

PREV
Read more Articles on
click me!

Recommended Stories

എഫ്ഡിയാണോ ആര്‍ഡിയാണോ മികച്ചത്? ബാങ്ക് നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍
വീട് വാങ്ങുമ്പോൾ ഡൗണ്‍ പേയ്മെന്റ് മാത്രം നോക്കിയാൽ പോരാ; കയ്യില്‍ വേണം ഈ പണവും!