വീട് വാങ്ങുമ്പോൾ ഡൗണ്‍ പേയ്മെന്റ് മാത്രം നോക്കിയാൽ പോരാ; കയ്യില്‍ വേണം ഈ പണവും!

Published : Aug 28, 2026, 11:26 AM IST
Home Loan

Synopsis

സ്വന്തമായി വീട് വാങ്ങുമ്പോൾ ഡൗൺ പേയ്‌മെന്റ് മാത്രം കരുതിയാൽ പോരാ. സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ, അറ്റകുറ്റപ്പണികൾ തുടങ്ങിയ അധിക ചെലവുകൾക്കായി പണം കണ്ടെത്തേണ്ടതുണ്ട്. സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ നിക്ഷേപങ്ങൾ പൂർണ്ണമായി പിൻവലിക്കാതെ, ഒരു എമർജൻസി ഫണ്ട് കയ്യിൽ കരുതേണ്ടതും അത്യാവശ്യമാണ്.

സ്വന്തമായൊരു വീടെന്ന സ്വപ്നത്തിലേക്ക് എത്തുമ്പോള്‍ പലരും കണക്കുകൂട്ടുന്നത് വായ്പക്കുള്ള ഡൗണ്‍ പേയ്മെന്റ് തുകയെക്കുറിച്ച് മാത്രമാണ്. എന്നാല്‍ എഗ്രിമെന്റില്‍ ഒപ്പിടുന്നതിന് മുന്‍പ് തന്നെ മറ്റ് പല ചെലവുകള്‍ക്കായി കയ്യില്‍ ഗണ്യമായ തുക കരുതേണ്ടതുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന്‍, വീടുമാറ്റച്ചെലവുകള്‍, അറ്റകുറ്റപ്പണികള്‍, അടിയന്തര ആവശ്യങ്ങള്‍ക്കുള്ള കരുതല്‍ ധനം എന്നിവയെല്ലാം ആവശ്യമുണ്ട്. കയ്യിലുള്ള സമ്പാദ്യം മുഴുവന്‍ ഡൗണ്‍ പേയ്മെന്റായി നല്‍കിയാല്‍, താക്കോല്‍ കയ്യില്‍ കിട്ടുമ്പോഴേക്കും സാമ്പത്തികമായി നെട്ടോട്ടമോടേണ്ടി വരും.

തുടക്കം ഡൗണ്‍ പേയ്മെന്റില്‍ നിന്ന്

വീടിന്റെ മുഴുവന്‍ മൂല്യവും ബാങ്കുകള്‍ വായ്പയായി നല്‍കാറില്ല. വായ്പ നല്‍കുന്ന സ്ഥാപനം, വീടിന്റെ വില, ലോണ്‍-ടു-വാല്യൂ വ്യവസ്ഥകള്‍ എന്നിവ ഇതിനെ സ്വാധീനിക്കും. ഉദാഹരണത്തിന് 70 ലക്ഷം രൂപയുടെ വീട് വാങ്ങുമ്പോള്‍ ബാങ്ക് 80 ശതമാനം വായ്പ അനുവദിച്ചാല്‍, ബാക്കി 14 ലക്ഷം രൂപ സ്വന്തം കയ്യില്‍ നിന്ന് നല്‍കേണ്ടിവരും.

സ്റ്റാമ്പ് ഡ്യൂട്ടിക്കും രജിസ്ട്രേഷനും തുക മാറ്റിവെക്കുക

തുടക്കത്തില്‍ തന്നെ വരുന്ന വലിയൊരു ചെലവാണിത്. ഓരോ സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശത്തെയും നിയമങ്ങള്‍, വസ്തുവിന്റെ സ്ഥാനം, മൂല്യം എന്നിവ അനുസരിച്ചാണ് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ചാര്‍ജും നിശ്ചയിക്കുന്നത്. സാധാരണയായി ഇവ ഭവനവായ്പയില്‍ ഉള്‍പ്പെടാറില്ല. അതിനാല്‍ ബാങ്ക് ഇത് നല്‍കുമെന്ന് കരുതരുത്. ലീഗല്‍ വെരിഫിക്കേഷന്‍, ബ്രോക്കറേജ്, വീടുമാറ്റച്ചെലവ്, ഫര്‍ണിഷിങ്, അറ്റകുറ്റപ്പണികള്‍, വൈദ്യുതി-വെള്ളം കണക്ഷനുകള്‍ എന്നിവയ്‌ക്കൊക്കെ തുക വേണ്ടിവരും. നികുതികളും പദ്ധതിയുമായി ബന്ധപ്പെട്ട മറ്റ് നിരക്കുകളും നല്‍കേണ്ടിവരാം.

ആദ്യം വേണം എമര്‍ജന്‍സി ഫണ്ട്

വീട് വാങ്ങിയ ശേഷം ചെലവുകള്‍ വര്‍ധിക്കുകയാണ് ചെയ്യുക. ഇഎംഐ, മെയിന്റനന്‍സ് ചെലവുകള്‍, ഇന്‍ഷുറന്‍സ് പ്രീമിയം, ദൈനംദിന ബില്ലുകള്‍ എന്നിവ മുന്നിലുണ്ടാകും. ഇതിനായി കുറച്ചു മാസങ്ങളിലെ അത്യാവശ്യ ചെലവുകള്‍ക്ക് ആവശ്യമുള്ള എമര്‍ജന്‍സി ഫണ്ട് കയ്യിലുണ്ടായിരിക്കണം.

നിക്ഷേപങ്ങള്‍ കണ്ണടച്ച് പിന്‍വലിക്കരുത്

വലിയൊരു തുക ഡൗണ്‍ പേയ്മെന്റ് നല്‍കിയാല്‍ ഇഎംഐ കുറയ്ക്കാം എന്നത് ശരിയാണ്. എന്നാല്‍ അതിനായി സമ്പാദ്യങ്ങളും നിക്ഷേപങ്ങളും വിറ്റഴിക്കുന്നത് എപ്പോഴും നല്ല തീരുമാനമാകണമെന്നില്ല. ലോണ്‍ തുക കുറയ്ക്കാന്‍ മാത്രം വിരമിക്കല്‍ സമ്പാദ്യമോ മറ്റ് ദീര്‍ഘകാല നിക്ഷേപങ്ങളോ പൂര്‍ണ്ണമായി പിന്‍വലിക്കരുത്. നിങ്ങളുടെ പ്രായം, വരുമാനം, മറ്റ് നിക്ഷേപങ്ങള്‍, ബാധ്യതകള്‍ എന്നിവ കണക്കിലെടുത്താണ് തീരുമാനം എടുക്കേണ്ടത്. സാമ്പത്തിക ഭദ്രത തകരാത്ത വിധത്തിലാവണം വീട് വാങ്ങല്‍.

PREV
Read more Articles on
click me!

Recommended Stories

കുടുംബത്തിലേക്ക് പുതിയ അതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണോ? മെറ്റേണിറ്റി ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
ഭവനവായ്പ കയ്യിൽ കിട്ടിയോ? അതോ സാങ്ഷൻ ലെറ്റ‍‌ർ മാത്രമാണോ? പണം അക്കൗണ്ടിലെത്തും മുന്‍പ് അറിയേണ്ട കാര്യങ്ങൾ