നാളെ മുതല്‍ ശമ്പളം നിന്നാല്‍ എന്തുചെയ്യും? എമര്‍ജന്‍സി ഫണ്ട് എത്ര വേണമെന്ന് എങ്ങനെ കണ്ടെത്താം?

Published : Sep 23, 2026, 11:48 AM IST
savings

Synopsis

അപ്രതീക്ഷിതമായി വരുമാനം നിലച്ചാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഒരു എമർജൻസി ഫണ്ട് അത്യാവശ്യമാണ്. മൂന്ന് മുതൽ ആറു മാസത്തെ ചിലവുകൾക്കായുള്ള തുക എങ്ങനെ കൃത്യമായി കണക്കാക്കാമെന്നും എവിടെ സൂക്ഷിക്കണമെന്നും നോക്കാം.

നാളെ മുതല്‍ നിങ്ങളുടെ ശമ്പളം നിന്നാല്‍ എങ്ങനെ ജീവിക്കും? പലര്‍ക്കും ഇതിന് വ്യക്തമായ ഉത്തരമില്ല. എമര്‍ജന്‍സി ഫണ്ട് അഥവാ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള പണം മൂന്ന് മുതല്‍ ആറു മാസത്തെ ചിലവുകള്‍ക്ക് തികയുന്നതായിരിക്കണം എന്ന് നാം കേള്‍ക്കാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥ ചിലവുകള്‍ എത്രയെന്ന് കൃത്യമായി കണക്കാക്കാതെ പലരും തങ്ങള്‍ക്ക് സുരക്ഷിതമെന്ന് തോന്നുന്ന ഒരു തുക അങ്ങ് ഊഹിച്ച് വെക്കുകയാണ് പതിവ്. ഇതിനൊരു മാറ്റം ആവശ്യമാണ്.

3 മുതല്‍ 6 മാസം വരെ: റിസര്‍വ് ബാങ്ക് പറയുന്നത്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക സാക്ഷരതാ രേഖകള്‍ പ്രകാരം, ഒരാള്‍ കുറഞ്ഞത് മൂന്ന് മാസത്തെ ജീവിതച്ചെലവെങ്കിലും എമര്‍ജന്‍സി ഫണ്ടായി മാറ്റി വയ്ക്കണം. എന്നാല്‍ സ്വന്തമായി ബിസിനസ് നടത്തുന്നവര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ തുടങ്ങി സ്ഥിരവരുമാനം ഇല്ലാത്ത ആളുകള്‍ക്ക് ആറ് മാസമോ അതില്‍ കൂടുതലോ തുക വേണ്ടി വന്നേക്കാം.

എങ്ങനെ കണക്കാക്കാം?

വാടക, ഭവനവായ്പയുടെ ഇഎംഐ, പലചരക്ക് സാധനങ്ങള്‍, കറന്റ് ബില്‍, കുട്ടികളുടെ സ്‌കൂള്‍ ഫീസ്, ഇന്‍ഷുറന്‍സ് പ്രീമിയം, യാത്രാച്ചെലവ്, മരുന്നുകള്‍ തുടങ്ങി പെട്ടെന്ന് നിര്‍ത്തിവെക്കാന്‍ കഴിയാത്ത എല്ലാ ചിലവുകളും ആദ്യം എഴുതി തയ്യാറാക്കുക. ഉദാഹരണത്തിന്, ഈ ചിലവുകളെല്ലാം കൂടി മാസത്തില്‍ 55,000 രൂപയാണെന്ന് കരുതുക. മൂന്ന് മാസത്തേക്ക് 1.65 ലക്ഷം രൂപയും ആറ് മാസത്തേക്ക് 3.3 ലക്ഷം രൂപയും വേണ്ടിവരും. ഒരു വലിയ തുക വെറുതെ ഊഹിച്ച് തീരുമാനിക്കുന്നതിനേക്കാള്‍ പ്രായോഗികമായ രീതിയാണിത്.

വരുമാനവും ആശ്രിതരും

നിങ്ങളുടെ വരുമാനം അനിശ്ചിതത്വത്തിലാണെങ്കില്‍ ഇതിലും വലിയ തുക ആവശ്യമായി വന്നേക്കാം. കുടുംബത്തില്‍ രണ്ടുപേര്‍ക്ക് ശമ്പളമുണ്ടെങ്കില്‍ അല്പം ചെറിയൊരു എമര്‍ജന്‍സി ഫണ്ട് മതിയാകും. എന്നാല്‍ കുട്ടികളെയോ പ്രായമായ മാതാപിതാക്കളെയോ സംരക്ഷിക്കുന്ന, ഒരാള്‍ മാത്രം ജോലി ചെയ്യുന്ന കുടുംബത്തില്‍ കൂടുതല്‍ തുക കരുതണം. ബിസിനസ്സ് ചെയ്യുന്നവര്‍ക്കും കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും പുതിയൊരു വരുമാനം കണ്ടെത്താന്‍ കൂടുതല്‍ സമയം വേണ്ടിവരും എന്നതിനാല്‍ വലിയൊരു തുക തന്നെ കരുതിവെക്കേണ്ടതുണ്ട്.

ലോണുകള്‍ ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക!

ലോണുകള്‍ ഉണ്ടെങ്കില്‍ കണക്കുകള്‍ മാറും. നിങ്ങള്‍ എല്ലാ മാസവും 30,000 രൂപ ഭവനവായ്പ അടയ്ക്കുന്നുണ്ടെങ്കില്‍, ജോലി പോയാലും ആ ബാധ്യത ഇല്ലാതാകുന്നില്ല. ഇത്തരം ഇഎംഐ തുകകള്‍ ഒഴിവാക്കി എമര്‍ജന്‍സി ഫണ്ട് കണക്കാക്കിയാല്‍, അത് നിങ്ങള്‍ക്ക് തെറ്റായ സുരക്ഷിതത്വബോധം നല്‍കും.

മറ്റു ചിലവുകള്‍ക്ക് വേറെ പണം

വാര്‍ഷിക ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍, സ്‌കൂള്‍ അഡ്മിഷന്‍, അവധിക്കാല യാത്രകള്‍, ഉത്സവങ്ങള്‍, വാഹനങ്ങളുടെ സര്‍വീസ് എന്നിവയ്ക്കായി പ്രത്യേകം തുക മാറ്റി വെക്കുന്നതാണ് ഉചിതം. എമര്‍ജന്‍സി ഫണ്ടില്‍ നിന്ന് ഈ ആവശ്യങ്ങള്‍ക്ക് പണമെടുക്കുന്നത്, യഥാര്‍ത്ഥത്തില്‍ ഒരു പ്രതിസന്ധി വരുമ്പോള്‍ കൈയില്‍ പണമില്ലാത്ത അവസ്ഥയുണ്ടാക്കും.

ചികിത്സാ ചിലവുകള്‍ മറക്കരുത്

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ പോലും ചികിത്സാ ചിലവുകളെക്കുറിച്ച് ശ്രദ്ധിക്കണം. ഇന്‍ഷുറന്‍സ് പോളിസിയില്‍ എല്ലാ ചിലവുകളും ഉള്‍പ്പെടണമെന്നില്ല. ഇത്തരം സാഹചര്യങ്ങളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാത്ത തുക അടയ്ക്കാന്‍ എമര്‍ജന്‍സി ഫണ്ട് സഹായിക്കും. വീടിനോ വാഹനത്തിനോ പെട്ടെന്നുണ്ടാകുന്ന അറ്റകുറ്റപ്പണികള്‍ക്കും ഈ തുക ഉപയോഗിക്കാം.

പണം എവിടെ സൂക്ഷിക്കണം?

എളുപ്പത്തില്‍ പിന്‍വലിക്കാന്‍ കഴിയുന്ന മറ്റൊരു സേവിംഗ്‌സ് അക്കൗണ്ടില്‍ എമര്‍ജന്‍സി ഫണ്ട് സൂക്ഷിക്കാനാണ് ആര്‍ബിഐ നിര്‍ദ്ദേശിക്കുന്നത്. ഉയര്‍ന്ന പലിശ ലഭിക്കുന്നതിനേക്കാള്‍, ആവശ്യമുള്ളപ്പോള്‍ വേഗത്തില്‍ പണം ലഭ്യമാവുക എന്നതാണ് ഇവിടെ പ്രധാനം. ഇനി മറ്റ് ഏതെങ്കിലും നിക്ഷേപ പദ്ധതികളിലാണ് പണം സൂക്ഷിക്കുന്നതെങ്കില്‍, അത് എത്ര വേഗത്തില്‍ പിന്‍വലിക്കാന്‍ കഴിയുമെന്നും അതിലെ വ്യവസ്ഥകള്‍ എന്തൊക്കെയെന്നും കൃത്യമായി മനസിലാക്കിയിരിക്കണം.

എങ്ങനെ തുടങ്ങാം?

മുഴുവന്‍ തുകയും ഒറ്റയടിക്ക് കണ്ടെത്തുക എന്നത് ബുദ്ധിമുട്ടായിരിക്കും. ആദ്യം ഒരു മാസത്തെ ചിലവിനുള്ള തുക മാറ്റി വെച്ച് തുടങ്ങുക. പിന്നീട് അത് സാവധാനം വര്‍ദ്ധിപ്പിക്കുക. ബോണസ്, ടാക്‌സ് റീഫണ്ട് അല്ലെങ്കില്‍ മറ്റ് രീതികളില്‍ ലഭിക്കുന്ന ഒറ്റത്തവണ വരുമാനങ്ങള്‍ ഇതിനായി ഉപയോഗിക്കാം. ഇത് നിങ്ങളുടെ പ്രതിമാസ ബജറ്റിനെ താറുമാറാക്കാതെ ഫണ്ട് വളര്‍ത്താന്‍ സഹായിക്കും.

മാറ്റങ്ങള്‍ വരുമ്പോള്‍ ഫണ്ടും വര്‍ദ്ധിപ്പിക്കുക

ജീവിതച്ചെലവുകളില്‍ വലിയ മാറ്റങ്ങള്‍ വരുമ്പോള്‍ എമര്‍ജന്‍സി ഫണ്ടിലെ തുകയും പുനഃപരിശോധിക്കണം. പുതിയൊരു ലോണ്‍ എടുക്കുമ്പോഴോ, വീട്ടുവാടക കൂടുമ്പോഴോ, കുട്ടി സ്‌കൂളില്‍ പോയി തുടങ്ങുമ്പോഴോ, വരുമാനത്തില്‍ മാറ്റം വരുമ്പോഴോ ഫണ്ടും വര്‍ദ്ധിപ്പിക്കേണ്ടി വരും. നിങ്ങളുടെ അത്യാവശ്യ പ്രതിമാസ ചിലവ് 55,000-ല്‍ നിന്ന് 70,000 രൂപയായി കൂടിയാല്‍, ആറു മാസത്തെ ഫണ്ട് 3.3 ലക്ഷത്തില്‍ നിന്ന് 4.2 ലക്ഷമായി ഉയര്‍ത്തണം.

ലാഭമല്ല, സുരക്ഷയാണ് ലക്ഷ്യം

എമര്‍ജന്‍സി ഫണ്ട് എന്നാല്‍ ലാഭം തരാതെ വെറുതെ കിടക്കുന്ന പണമല്ല. പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികളില്‍ ഉയര്‍ന്ന പലിശയ്ക്ക് കടമെടുക്കുന്നതില്‍ നിന്നും, തെറ്റായ സമയത്ത് നിങ്ങളുടെ നിക്ഷേപങ്ങള്‍ നഷ്ടത്തില്‍ വില്‍ക്കേണ്ടി വരുന്നതില്‍ നിന്നും നിങ്ങളെ രക്ഷിക്കുന്നത് ഈ തുകയാണ്. വരുമാനം നിലച്ചാലും നിങ്ങളുടെ അത്യാവശ്യ ചിലവുകള്‍ മുടങ്ങാതെ കൊണ്ടുപോകാന്‍ ഒരു എമര്‍ജന്‍സി ഫണ്ട് തീര്‍ച്ചയായും കൂടിയേ തീരൂ.

PREV
Read more Articles on
click me!

Recommended Stories

ഇഎംഐ അടച്ച് കീശ കാലിയാകുന്നോ? ഭവന വായ്പയുടെ ഭാരം കുറയ്ക്കാന്‍ ചില വഴികള്‍
കൂടുതല്‍ വരുമാനമുള്ളയാള്‍ക്ക് മാത്രം ടേം ഇന്‍ഷുറന്‍സ് മതിയോ? ദമ്പതികള്‍ക്ക് അബദ്ധം പറ്റാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം