
വിവാഹത്തോടെ സാമ്പത്തിക കാര്യങ്ങളിലെ കുടുംബത്തിന്റെ കാഴ്ചപ്പാടുകള്‍ മാറും. ഭവന വായ്പകള്‍, കുട്ടികളുടെ ഭാവി, പ്രായമായ മാതാപിതാക്കളുടെ സംരക്ഷണം, കുടുംബത്തിന്റെ നിത്യച്ചെലവുകള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ദമ്പതികള്‍ക്ക് ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ കുടുംബത്തില്‍ കൂടുതല്‍ വരുമാനമുള്ള ആള്‍ക്ക് മാത്രം ടേം ഇന്‍ഷുറന്‍സ് എടുക്കുക എന്ന പഴയ രീതി മാറ്റേണ്ട സമയമായി. ഓരോരുത്തരുടെയും സാമ്പത്തിക പങ്കാളിത്തം വിലയിരുത്തി, ഒരാളുടെ അസാന്നിധ്യത്തില്‍ കുടുംബം എങ്ങനെ മുന്നോട്ട് പോകും എന്ന് ചിന്തിച്ചുവേണം ഇന്‍ഷുറന്‍സ് തിരഞ്ഞെടുക്കാന്‍.
ഭാര്യയ്ക്കും ഭര്‍ത്താവിനും വെവ്വേറെ ടേം പ്ലാനുകള്‍ എടുക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും. ഓരോരുത്തരുടെയും വരുമാനം, സാമ്പത്തിക ബാധ്യതകള്‍, പ്രായം എന്നിവയ്ക്കനുസരിച്ച് കവറേജ് തിരഞ്ഞെടുക്കാന്‍ ഇത് സഹായിക്കും. ശമ്പളം കുറവുള്ളയാളോ അല്ലെങ്കില്‍ ജോലിക്ക് പോകാത്ത പങ്കാളിയോ ആണെങ്കില്‍പ്പോലും അവര്‍ കുടുംബത്തിന് നല്‍കുന്ന സംഭാവനകള്‍ക്ക് വലിയ സാമ്പത്തിക മൂല്യമുണ്ട്.
ഉദാഹരണത്തിന്, ജോലിക്ക് പോകാത്ത പങ്കാളിയാകും കുട്ടികളെയും പ്രായമായ മാതാപിതാക്കളെയും നോക്കുന്നതും വീട്ടുജോലികള്‍ ചെയ്യുന്നതും. ഇവരുടെ അപ്രതീക്ഷിത വിയോഗം കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയാകും ഉണ്ടാക്കുക. ഈ കാര്യങ്ങള്‍ ചെയ്യാന്‍ പുറത്തുനിന്ന് ഒരാളെ ഏല്‍പ്പിക്കേണ്ടി വരുമ്പോഴുണ്ടാകുന്ന അധികച്ചെലവ് കൂടി ഇന്‍ഷുറന്‍സ് തുക നിശ്ചയിക്കുമ്പോള്‍ കണക്കിലെടുക്കേണ്ടതുണ്ട്.
കൂടുതല്‍ ശമ്പളമുള്ളയാള്‍ക്ക് മാത്രം ഇന്‍ഷുറന്‍സ് മതി എന്ന് തീരുമാനിക്കുന്നത് വലിയ അബദ്ധമാണ്. വരുമാനം പ്രധാനമാണെങ്കിലും ഇന്‍ഷുറന്‍സ് കണക്കാക്കാനുള്ള ഒരേയൊരു ഘടകം അതല്ല. നിലവിലുള്ള വായ്പകള്‍, കുട്ടികളുടെ വിദ്യാഭ്യാസം, നിത്യച്ചെലവുകള്‍, ആശ്രിതരായ മാതാപിതാക്കള്‍, ദീര്‍ഘകാല ലക്ഷ്യങ്ങള്‍ എന്നിവയെല്ലാം പരിഗണിക്കണം. ഒരാളുടെ അസാന്നിധ്യത്തില്‍ കുടുംബത്തിന് എത്ര തുക വേണ്ടിവരും എന്ന ചോദ്യമാണ് ഇവിടെ ചോദിക്കേണ്ടത്. ഇതിലൂടെ ദമ്പതികള്‍ക്ക് രണ്ടുപേര്‍ക്കും ആവശ്യമായ ഇന്‍ഷുറന്‍സ് കവറേജ് വ്യത്യസ്തമായിരിക്കും എന്ന് മനസ്സിലാക്കാം.
ദമ്പതികളുടെ പ്രായം, ആരോഗ്യസ്ഥിതി, വിരമിക്കുന്ന കാലയളവ് എന്നിവ പലപ്പോഴും വ്യത്യസ്തമായിരിക്കും. അതിനാല്‍ രണ്ടുപേരെയും ഒരേ പോളിസിയില്‍ ഉള്‍പ്പെടുത്തുന്നതിന് പകരം, അവരവര്‍ക്ക് അനുയോജ്യമായ പോളിസി കാലയളവും ഇന്‍ഷുറന്‍സ് തുകയും ഉള്‍പ്പെടുന്ന പ്രത്യേകം പോളിസികള്‍ എടുക്കുന്നതാണ് നല്ലത്.
ഭാവിയില്‍ വരുമാനം വര്‍ധിക്കുകയോ, പുതിയ ലോണ്‍ എടുക്കുകയോ, കുടുംബത്തിലേക്ക് പുതിയ അതിഥി എത്തുകയോ ചെയ്യുമ്പോള്‍ കവറേജില്‍ മാറ്റം വരുത്താന്‍ ഇത് എളുപ്പമാക്കും. ഒരാളുടെ പോളിസി മാറ്റുന്നത് മറ്റേയാളുടെ ഇന്‍ഷുറന്‍സ് കവറേജിനെ ബാധിക്കുകയുമില്ല.
രണ്ടുപേര്‍ക്കും കൂടി ഒറ്റ പോളിസി നല്‍കുന്ന ജോയിന്റ് ലൈഫ് ഇന്‍ഷുറന്‍സുകള്‍ ചില കമ്പനികള്‍ നല്‍കുന്നുണ്ട്. രണ്ട് പോളിസികള്‍ക്ക് പകരം ഒന്ന് കൈകാര്യം ചെയ്താല്‍ മതി എന്നത് ഇതിന്റെ ആകര്‍ഷണമാണ്. എന്നാല്‍ ഇതിലെ ആനുകൂല്യങ്ങള്‍, ക്ലെയിം ചെയ്യുന്ന രീതി, പ്രീമിയം തുക, ഒരാളുടെ മരണശേഷം ബാക്കിയുള്ള ആളുടെ കവറേജ് എന്നിവ ഉല്‍പ്പന്നങ്ങള്‍ക്കനുസരിച്ച് മാറും.
ചെലവ് കുറവാണ് അല്ലെങ്കില്‍ കൈകാര്യം ചെയ്യാന്‍ എളുപ്പമാണ് എന്ന് കരുതി മാത്രം ജോയിന്റ് പോളിസികള്‍ തിരഞ്ഞെടുക്കരുത്. വ്യക്തിഗത പോളിസികളുമായി ഇത് താരതമ്യം ചെയ്ത് നോക്കണം. പരസ്യങ്ങള്‍ കണ്ട് പോളിസി എടുക്കാതെ ഐ.ആര്‍.ഡി.എ.ഐ നിഷ്‌കര്‍ഷിക്കുന്ന വ്യവസ്ഥകള്‍ കൃത്യമായി വായിച്ച് മനസ്സിലാക്കണം.
ടേം ഇന്‍ഷുറന്‍സ് എടുക്കുന്നത് ഒറ്റത്തവണത്തേക്കുള്ള തീരുമാനമായി കാണരുത്. പുതിയ വീടിനായി ലോണ്‍ എടുക്കുമ്പോഴോ, കുട്ടി ജനിക്കുമ്പോഴോ, പുതിയ ജോലി ലഭിക്കുകയോ അല്ലെങ്കില്‍ വരുമാനം ഗണ്യമായി കൂടുമ്പോഴോ ഇന്‍ഷുറന്‍സ് കവറേജും അതിനനുസരിച്ച് പുതുക്കേണ്ടതുണ്ട്.
ഇതോടൊപ്പം നോമിനികളെ കൃത്യമായി ചേര്‍ത്തിട്ടുണ്ടെന്ന് ദമ്പതികള്‍ ഉറപ്പുവരുത്തുക. പോളിസി രേഖകള്‍ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ഇരുവരും അറിഞ്ഞിരിക്കണം. ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയില്‍ നോമിനേഷന്‍ നിര്‍ബന്ധമാണെന്ന് ഐ.ആര്‍.ഡി.എ.ഐ വ്യക്തമാക്കുന്നുണ്ട്. നിബന്ധനകള്‍ക്ക് വിധേയമായി പോളിസി കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും നോമിനിയെ മാറ്റാന്‍ സാധിക്കുന്നതാണ്.