ഭവനവായ്പ അടച്ചുതീര്‍ന്നു; ഇനി ആ പണം എന്തുചെയ്യണം? സാമ്പത്തിക സുരക്ഷയ്ക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Published : Oct 19, 2026, 11:58 AM IST
indian currency

Synopsis

ഭവനവായ്പ അടച്ചുതീർക്കുമ്പോൾ ലഭിക്കുന്ന അധിക തുക കൃത്യമായി ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഈ പണം അടിയന്തര ഫണ്ട് രൂപീകരിക്കാനും ഉയർന്ന പലിശയുള്ള മറ്റ് കടങ്ങൾ വീട്ടാനും ഉപയോഗിക്കാം. കൂടാതെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനും വിരമിക്കൽ കാലത്തേക്കുള്ള നിക്ഷേപങ്ങൾ വർധിപ്പിക്കാനും ഇത് സഹായിക്കും.

ഭവനവായ്പ നേരത്തേ അടച്ചുതീര്‍ക്കുന്നതിന് പലരും വലിയ പ്രാധാന്യം നല്‍കാറുണ്ട്. വായ്പയുടെ ബാധ്യതയില്‍ നിന്ന് എത്രയും വേഗം മോചനം നേടണമെന്ന ആഗ്രഹത്തില്‍ കൈവശമുള്ള പണത്തിന്റെ വലിയൊരു ഭാഗം വായ്പ തിരിച്ചടയ്ക്കാന്‍ ഉപയോഗിക്കുന്നവരുമുണ്ട്. എന്നാല്‍ ഭവനവായ്പ പൂര്‍ണമായി അടച്ചുതീര്‍ന്നാല്‍, ഓരോ മാസവും ഇഎംഐയായി നല്‍കേണ്ടിവന്നിരുന്ന തുക എങ്ങനെ വിനിയോഗിക്കണം എന്നതും പ്രധാനമാണ്.

വീണ്ടും വായ്പയെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍, ഭവനവായ്പ അവസാനിക്കുന്നതോടെ പ്രതിമാസ വരുമാനത്തില്‍ ഒരു തുക മിച്ചംവരും. ഈ പണം കൃത്യമായി ആസൂത്രണം ചെയ്ത് ഉപയോഗിച്ചാല്‍ ഭാവിയിലെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും പ്രധാനപ്പെട്ട ലക്ഷ്യങ്ങള്‍ക്കായി സമ്പാദ്യം വളര്‍ത്താനും കഴിയും.

അടിയന്തര ആവശ്യങ്ങള്‍

അടിയന്തര സാഹചര്യങ്ങള്‍ മുന്‍കൂട്ടി അറിയിച്ചിട്ടല്ല എത്തുന്നത്. അതിനാല്‍ ഇതുവരെ കൃത്യമായൊരു എമര്‍ജന്‍സി ഫണ്ട് രൂപീകരിച്ചിട്ടില്ലെങ്കില്‍, ഭവനവായ്പ അടച്ചുതീര്‍ന്നശേഷം അതിന് മുന്‍ഗണന നല്‍കണം.

കുറഞ്ഞത് ആറുമാസത്തെ ചെലവുകള്‍ക്കു തുല്യമായ തുകയെങ്കിലും അടിയന്തര ഫണ്ടായി മാറ്റിവയ്ക്കണമെന്നാണ് പൊതുവായ നിര്‍ദേശം. കുടുംബത്തില്‍ ആശ്രിതര്‍ കൂടുതലുണ്ടെങ്കില്‍, ജോലി സ്ഥിരത കുറഞ്ഞ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍, ഒന്‍പത് മുതല്‍ 12 മാസം വരെയുള്ള ചെലവുകള്‍ക്ക് തുല്യമായ തുക കരുതിവയ്ക്കുന്നതാണ് ഉചിതം.

കുടുംബത്തില്‍ പ്രായമായവരുണ്ടെങ്കില്‍ അവരുടെ ചികിത്സയ്ക്കും ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ നടത്തേണ്ടിവരുന്ന മറ്റ് ആരോഗ്യപരിചരണ ചെലവുകള്‍ക്കുമായി അധിക തുക മാറ്റിവയ്ക്കണം. ഇതിനെയാണ് മെഡിക്കല്‍ കണ്ടിന്‍ജന്‍സി ഫണ്ട് എന്നു പറയുന്നത്.

ഉയര്‍ന്ന പലിശയുള്ള വായ്പകള്‍ ആദ്യം അടയ്ക്കുക

ഭവനവായ്പ അവസാനിച്ചതോടെ ലഭിക്കുന്ന സാമ്പത്തിക ആശ്വാസം മറ്റ് കടങ്ങള്‍ കുറയ്ക്കാനും ഉപയോഗിക്കാം. വ്യക്തിഗത വായ്പകള്‍ പോലുള്ള ഈടില്ലാത്ത വായ്പകളോ ഉയര്‍ന്ന പലിശ നല്‍കേണ്ട ക്രെഡിറ്റ് കാര്‍ഡ് കുടിശികകളോ ഉണ്ടെങ്കില്‍ അവ വേഗത്തില്‍ തിരിച്ചടയ്ക്കുന്നതിന് മുന്‍ഗണന നല്‍കാം.ഭവനവായ്പയുടെ ഇഎംഐയായി ഓരോ മാസവും നല്‍കിയിരുന്ന തുക ഇതിനായി ഉപയോഗിക്കുന്നത് ഉയര്‍ന്ന പലിശയുടെ ഭാരം കുറയ്ക്കാന്‍ സഹായിക്കും.

ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുക

ജീവന്‍, ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ ആവശ്യത്തിന് ഇല്ലെങ്കില്‍ അവ മെച്ചപ്പെടുത്തുന്നതിനും ഭവനവായ്പ അവസാനിച്ചതോടെ മിച്ചംവരുന്ന പണം വിനിയോഗിക്കാം. ജോലി ചെയ്യുന്ന സ്ഥാപനത്തിലൂടെ ലഭിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയെ മാത്രം ആശ്രയിക്കരുത്. സ്വന്തം പേരില്‍ ടേം ലൈഫ് ഇന്‍ഷുറന്‍സും ആരോഗ്യ ഇന്‍ഷുറന്‍സും ഉണ്ടായിരിക്കുന്നതാണ് ഉചിതം. കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതില്‍ ഇവയ്ക്ക് പ്രധാന പങ്കുണ്ട്.

വിരമിക്കല്‍ കാലത്തേക്കുള്ള നിക്ഷേപം വര്‍ധിപ്പിക്കാം

വായ്പ തിരിച്ചടവ് അവസാനിച്ചതോടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായുള്ള സമ്പാദ്യത്തിനും നിക്ഷേപത്തിനും കൂടുതല്‍ പണം കണ്ടെത്താനാകും. വായ്പ നേരത്തേ അടച്ചുതീര്‍ക്കുന്നതില്‍ അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം, വായ്പ അവസാനിച്ചശേഷം അതേ തുക ഭാവിയിലേക്കുള്ള നിക്ഷേപങ്ങളിലേക്ക് തിരിച്ചുവിടുന്നതും പരിഗണിക്കണം.

ഉദാഹരണത്തിന്, 45 വയസ്സുള്ള ഒരാള്‍ പ്രതിമാസം 75,000 രൂപ ഇഎംഐ അടച്ചിരുന്ന ഭവനവായ്പ പൂര്‍ണമായി തിരിച്ചടച്ചുവെന്ന് കരുതുക. അടിയന്തര ഫണ്ട്, ഇന്‍ഷുറന്‍സ് തുടങ്ങിയ അടിസ്ഥാന സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റിയശേഷം ഈ തുക ഭാവിയിലെ ലക്ഷ്യങ്ങള്‍ക്കായി നിക്ഷേപിക്കാം.

PREV
Read more Articles on
click me!

Recommended Stories

ആധാറും യുപിഐയും കരുത്ത്; ലോകത്തിലെ മികച്ച 10 പരിഷ്‌കാരങ്ങളില്‍ ഉള്‍പ്പെട്ട് ഇന്ത്യയുടെ ഡിജിറ്റല്‍ മുന്നേറ്റം
ആർബിഐ തീരുമാനത്തിന് പിന്നാലെ ബാങ്കുകളുടെ നിർണായക നീക്കം; പലിശ നിരക്കുകൾ ഉയര്‍ത്തി 6 പ്രമുഖ ബാങ്കുകള്‍