
പണ്ടൊക്കെ മൊബൈൽ നമ്പർ അല്ലെങ്കിൽ ഇമെയിൽ ഐഡി പെട്ടെന്ന് മാറ്റുന്നത് കൊണ്ട് വലിയ പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ 2026 ൽ ഇതെല്ലാം മാറ്റി പുതിയൊരെണ്ണം എടുക്കുന്നത് ‘മാസ്റ്റർ കീ’ മാറ്റുന്നതിന് തുല്യമായ നിർണായക നടപടിയായി മാറിയിരിക്കുകയാണ്. ബാങ്കുകൾ, യു പി ഐ ആപ്പുകൾ, ബ്രോക്കറേജ് അക്കൗണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ് പോർട്ടലുകൾ, ക്രെഡിറ്റ് കാർഡുകൾ തുടങ്ങി ഭൂരിഭാഗം സാമ്പത്തിക സേവനങ്ങളുടെയും ഒടിപി അലർട്ട്, ഐഡന്റിറ്റി വെരിഫിക്കേഷൻ തുടങ്ങിയവക്ക് മൊബൈൽ നമ്പറും ഇമെയിൽ ഐഡിയുമാണ് ഉപയോഗിക്കേണ്ടി വരുന്നത്.
സാമ്പത്തിക ഇടപാടുകളുടെ കേന്ദ്രമാണ് ബാങ്ക് അക്കൗണ്ട്. യുപിഐ, ഡെബിറ്റ് കാർഡ്, ഇഎംഐ, എസ്ഐപി തുടങ്ങിയവയെല്ലാം ബന്ധപ്പെട്ടിരിക്കുന്നത് ബാങ്കുമായിട്ടാണ്. അതിനാൽ അതുവരെ ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പറോ ഇ- മെയിൽ ഐഡിയോ ഉപയോഗിക്കുമ്പോൾ ബ്രാഞ്ച് സന്ദർശിച്ചോ നെറ്റ് ബാങ്കിംഗ്, അല്ലെങ്കിൽ ബാങ്കിന്റെ ഔദ്യോഗിക ആപ്പ് ഉപയോഗിച്ചോ മാത്രം അപ്ഡേറ്റ് ചെയ്യുക. ഇത് തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനും സഹായകമാകും. അപ്ഡേറ്റ് ചെയ്തതിന് ശേഷം ടെസ്റ്റ് ചെയ്യാനായി ഒരു ചെറിയ ട്രാൻസാക്ഷൻ നടത്തി നോക്കാം. ഒടിപികളും നോട്ടിഫിക്കേഷനുകളും പുതിയ നമ്പറിലേക്ക് എത്തുന്നുണ്ടോ എന്ന് ഇങ്ങനെ ഉറപ്പാക്കണം. പഴയ നമ്പറിലേക്കാണ് ഇപ്പോഴും സന്ദേശങ്ങൾ എത്തുന്നത് എങ്കിൽ അപ്ഡേഷൻ പൂർത്തിയായിട്ടില്ലെന്ന് മനസിലാക്കാം
യുപിഐ അക്കൗണ്ടുകൾ മൊബൈൽ നമ്പറുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ബാങ്കിൽ നമ്പർ മാറ്റിയതിന് നടത്തിയതിന് ശേഷവും യുപിഐ ആപ്പിലും പുതിയ നമ്പർ വീണ്ടും ലിങ്ക് ചെയ്യണം. ചില ആപ്പുകൾക്ക് സിം ലിങ്കിംഗ് ആവശ്യമായേക്കാം. ഇത് ചെയ്യാത്ത പക്ഷം പഴയ ലോഗിൻ വിവരങ്ങൾ തന്നെ ഉപയോഗപ്പെടുത്തി നോട്ടിഫിക്കേഷനുകൾ എവിടേക്കാണ് പോകുന്നത് എന്ന ആശയക്കുഴപ്പം ഉണ്ടാകുകയും ചെയ്യും.
നിക്ഷേപവും ഇൻഷുറൻസും
ട്രേഡിംഗ് പ്ലാറ്റ്ഫോമുകൾ, മ്യൂച്വൽ ഫണ്ട് സൈറ്റുകൾ, ഇൻഷുറൻസ് കമ്പനികൾ എന്നിവയ്ക്കു തങ്ങളുടേതായ ഡാറ്റാബേസുകളുണ്ട്. ബാങ്കിൽ മാറ്റം വരുത്തിയതുകൊണ്ട് ഇവിടെയൊന്നും സ്വയം അപ്ഡേറ്റ് ആവില്ല. ഡീമാറ്റ് അക്കൗണ്ട് ഉള്ളവർ കെവൈസി വിവരങ്ങളുമായി പുതിയ വിവരങ്ങൾ ഒത്തുപോകുന്നുണ്ടോ എന്ന് പരിശോധിക്കണം. ഇല്ലെങ്കിൽ ഭാവിയിലെ ട്രാൻസാക്ഷനുകൾക്കും പിന്‍വലിക്കലുകൾക്കും ഇത് തടസമാകാൻ സാധ്യതയുണ്ട്.
ക്രെഡിറ്റ് കാർഡും ലോൺ അക്കൗണ്ടുകളും
ട്രാൻസാക്ഷൻ അലർട്ടുകളും ഫ്രോഡ് ഡിറ്റെക്ഷനും എസ്എംഎസ്, ഇമെയിൽ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനാൽ ഇവിടെയും വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടത് നിർബന്ധമാണ്. ഒരു ചെറിയ ട്രാൻസാക്ഷൻ നടത്തി ലിങ്ക് ചെയ്തുവെന്ന് ഉറപ്പിക്കാം.
പഴയ നമ്പർ/ഇമെയിൽ ഉടൻ ഒഴിവാക്കരുത്
പഴയ മൊബൈൽ നമ്പർ അല്ലെങ്കിൽ ഇമെയിൽ പൂർണമായും ഉപേക്ഷിക്കുന്നതിന് മുമ്പ് എല്ലാ സാമ്പത്തിക സേവനങ്ങളും പുതിയതിലേക്ക് മാറിയിട്ടുണ്ടോ എന്ന് ഉറപ്പാക്കണം. ടു ഫാക്ടർ ഓതന്റിഫിക്കേഷൻ (2FA) സംവിധാനങ്ങളും റിക്കവറി ഓപ്ഷനുകളും പുതുക്കണം. ബാങ്കുകൾ, യുപിഐ, കാർഡുകൾ, നിക്ഷേപങ്ങൾ, ഇൻഷുറൻസ്, ടാക്സ് പോർട്ടലുകൾ, പെൻഷൻ അക്കൗണ്ടുകൾ എന്നിവയെല്ലാം വീണ്ടും പരിശോധിച്ച് വിവരങ്ങൾ ഒരേ പോലെ അപ്ഡേറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പാക്കണം..