അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! പെട്ടുപോകുന്ന സന്ദർഭങ്ങളിലും സ്മാർട്ട് ആയി ഉപയോഗിച്ചാൽ ലാഭം നേടാം

Published : Dec 01, 2025, 12:57 PM IST
Personal Loan

Synopsis

ഉയർന്ന പലിശ നിരക്കുള്ള പേഴ്സണൽ ലോണുകൾ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ സാമ്പത്തിക നേട്ടമുണ്ടാക്കാനും സാധിക്കും. ക്രെഡിറ്റ് കാർഡ് വായ്പകൾ പോലുള്ള വലിയ പലിശ നിരക്കുള്ള കടങ്ങൾക്ക് എങ്ങനെ പേഴ്സണൽ ലോൺ ഉപകാരപ്രദമാകുമെന്ന് നോക്കാം. 

എന്തെങ്കിലും അടിയന്തര ആവശ്യങ്ങൾ വരുമ്പോൾ മുൻപിൻ നോക്കാതെ നമ്മൾ എടുക്കുന്ന ഒന്നാണ് പേഴ്സണൽ ലോണുകൾ. പെട്ടെന്ന് പ്രൊസസ് ചെയ്ത് കയ്യിൽ പണം കിട്ടുമെന്നത് കൊണ്ടും, അധികം പേപ്പർ വർക്കുകൾ ആവശ്യമില്ലാത്തതുമാണ് പേഴ്സണൽ ലോണുകളെ ഇത്രയും ജനകീയമാക്കുന്നത്. എന്നാൽ, പലിശ നിരക്കാണ് ഇവിടത്തെ പ്രധാന വില്ലൻ. സാധാരണക്കാരെ സംബന്ധിച്ച് ഒരു മാസമെങ്ങാനും പാളിപ്പോയാൽ, അടച്ച് തീരുന്നത് വരെ പിന്നെ ടെൻഷനാണിത്. എന്നാൽ, പേഴ്സണൽ ലോൺ സ്മാർട്ട് ആയി ഉപയോഗിച്ചാൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി പണ്ടത്തേതിൽ നിന്നും മെച്ചപ്പെടുത്താനും സാധിക്കും. കൂടുതൽ പണം ലാഭിക്കാനുള്ള വഴി കൂടിയായി ഇതിനെ ഉപയോഗിക്കാമെന്നർത്ഥം. കൃത്യമായ പ്ലാനിങ് ആണ് ഇതിന് ആദ്യം വേണ്ടത്.

ആദ്യത്തേത്, ഉയർന്ന പലിശ നിരക്ക് വരുന്ന ബാധ്യതകൾ തീർക്കാൻ പേവ്സണൽ ലോൺ ഉപയോഗിക്കാമെന്നതാണ്. ക്രെഡിറ്റ് കാർഡ് ഡ്യൂ ഡേറ്റ് കഴിഞ്ഞ് വരുന്ന ബാധ്യതയൊക്കെ ഈ ലിസ്റ്റിൽ പെടും. ഇത്തരം സമയങ്ങളിൽ കുറഞ്ഞ പലിശയുള്ള ഒരു പേഴ്സണൽ ലോൺ എടുത്ത് ക്രെഡിറ്റ് കാർഡ് ബിൽ ഒറ്റയടിക്ക് തീർക്കുന്നത് പരിഗണിക്കാം. പല കടങ്ങളെ ഒറ്റ ലോൺ ആയി മാറ്റുന്നത് തിരിച്ചടവ് ലളിതമാക്കുകയും ആകെ പലിശബാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യും.

എപ്പോഴും ദീർഘകാലാവധിയുള്ള ലോൺ എടുത്താൽ മാസാമാസം നിങ്ങളടക്കേണ്ട ഇഎംഐ തുക കുറയുമെങ്കിലും പലിശയായി അടക്കുന്ന പണം വലിയ അളവിൽ കൂടും. നിങ്ങൾക്ക് വലിയ തട്ടും മുട്ടും ഇല്ലാതെ അടച്ചു തീർക്കാനാകുമെങ്കിൽ കുറഞ്ഞ കാലാവധിയുള്ള ലോൺ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇത്തരത്തിൽ നേരത്തെയുള്ള ലോണുകളുണ്ടെങ്കിൽ ഒരു പേഴ്സണൽ ലോണെടുത്ത് പെട്ടെന്ന് അടച്ചു തീർക്കാം. ഉയർന്ന ഇഎംഐ ആയാലും ചുരുങ്ങിയ കാലയളവിൽ തിരിച്ചടവ് പൂർത്തിയാക്കുകയാണെങ്കിൽ പലിശയിൽ വലിയ ലാഭമുണ്ടാക്കാം.

അതു പോലെ, നിങ്ങളെടുക്കുന്ന എല്ലാ വായ്പകളെയും ഒരുപോലെ അല്ല കണക്കാക്കേണ്ടത്. ഭാവിയിൽ നിങ്ങളുടെ വരുമാന ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ചെലവുകൾക്കായി, ഉദാഹരണത്തിന് പഠനം, പ്രൊഫഷണൽ ടൂൾസ്, സ്‌കിൽ ഡെവലപ്മെന്റ് തുടങ്ങിയവക്കായി അത്യാവശ്യ ഘട്ടങ്ങളിൽ പേഴ്സണൽ ലോൺ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നാണ് സാമ്പത്തിക വിദഗ്ദരടക്കം പറയുന്നത്. അതായത്, വളരെ പെട്ടെന്ന് പണം ആവശ്യമായി വന്നാൽ പലിശ ബാധ്യതക്കപ്പുറത്തേക്ക് ഭാവിയെപ്പറ്റി ചിന്തിക്കാമെന്നർത്ഥം. ചില ബാങ്കുകളും എൻബിഎഫ്സികളും ഇന്ത്യയിൽ യോഗ്യരായ ഉപഭോക്താക്കൾക്ക് 9.99% മുതൽ പലിശ നിരക്കിൽ പേഴ്സണൽ ലോൺ നൽകുന്നുണ്ട്.

ഇനി പേഴ്സണൽ ലോണിൽത്തന്നെ ഏറ്റവും എഫക്ടീവായ പലിശ നിരക്ക് കണ്ടെത്തുക എന്നതാണ് മറ്റൊരു മാർഗം. ഉയർന്ന ക്രെഡിറ്റ് സ്‌കോർ, കുറഞ്ഞ കടബാധ്യതാ അനുപാതം, സ്ഥിരമായ വരുമാനം എന്നിവയുള്ള വായ്പാകാർക്ക് കുറഞ്ഞ പലിശ നിരക്കിൽ ലോൺ ലഭിക്കും. ഇതിൽത്തന്നെ പല സ്ഥാപനങ്ങളെയും താരതമ്യം ചെയ്ത് അനുയോജ്യമെന്ന് തോന്നുന്നത് തെരഞ്ഞെടുക്കാവുന്നതാണ്. നിങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈൽ നീറ്റായി വക്കുക എന്നത് എല്ലാക്കാലത്തും നമുക്ക് ഉപകാരപ്പെടുന്ന ഒന്നാണ്. സാധാരണ ഇഎംഐ അടക്കുന്ന തുകക്ക് പുറമേ നടത്തുന്ന എല്ലാ പേയ്മെന്റുകളും പ്രിൻസിപ്പൽ തുക തുക കുറയ്ക്കുന്നതിനും അതുവഴി പലിശ ബാധ്യത കുറക്കുന്നതിനും സഹായിക്കും. ബോണസ്, ടാക്‌സ് റീഫണ്ട്, മറ്റേതെങ്കിലും വഴി അപ്രതീക്ഷിതമായി കുറച്ചധികം പണം കയ്യിൽ വന്നാൽ അത് ലോണിലേക്ക് അടക്കാം. ഇങ്ങനെ ചെയ്യുന്നത് പെട്ടെന്ന് നിങ്ങളുടെ ബാധ്യതകളൊഴിവാക്കാനും ടെൻഷൻ ഫ്രീ ആകാനും സഹായിക്കും.

അപ്പോൾ പറഞ്ഞു വന്നത്, പേഴ്സണൽ ലോൺ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ അത് കടബാധ്യതകൾ കൂട്ടുന്നതിന് പകരം സാമ്പത്തികമായി കൂടുതൽ ലാഭമുണ്ടാക്കാനും സഹായകമായേക്കാം എന്നാണ്. സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധയോടെ, സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാം.

PREV
Read more Articles on
click me!

Recommended Stories

നിര്‍മ്മാണത്തിലിരിക്കുന്ന വീട് വാങ്ങണോ? അപകട സാധ്യതകൾ എന്തൊക്കെ?
സ്ഥാപനം നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് മാത്രം മതിയോ? അപകടം പതിയിരിക്കുന്നത് ഇവിടെ!