സ്ഥാപനം നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് മാത്രം മതിയോ? അപകടം പതിയിരിക്കുന്നത് ഇവിടെ!

Published : Oct 22, 2025, 11:40 PM IST
How to Understand Health Insurance Policy Documents Without Confusion

Synopsis

ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പലര്‍ക്കും വലിയ ആശ്വാസമാണ്. യുവ പ്രൊഫഷണലുകള്‍ക്ക് ഇത് മതിയായ സുരക്ഷയായി തോന്നിയേക്കാം.

 

പ്രീമിയം അടയ്ക്കേണ്ടതില്ല, കുടുംബത്തിന് കവറേജ് ലഭിക്കും, ക്ലെയിമുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാം... ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പലര്‍ക്കും വലിയ ആശ്വാസമാണ്. യുവ പ്രൊഫഷണലുകള്‍ക്ക് ഇത് മതിയായ സുരക്ഷയായി തോന്നിയേക്കാം. എന്നാല്‍, ഈ ഇന്‍ഷുറന്‍സ് പരിരക്ഷ ട ജോലിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യം മറക്കരുത്. കൂടാതെ, വലിയ ചികിത്സാ ചെലവുകള്‍ വരുമ്പോള്‍ ഇതിന്റെ പരിധി പലപ്പോഴും അപര്യാപ്തമാവുകയും ചെയ്യും. അതിനാല്‍, സ്ഥാപനത്തിന്റെ പോളിസിയെ മാത്രം ആശ്രയിക്കുന്നത് വലിയ സാമ്പത്തിക നഷ്ടത്തിലേക്ക് നയിച്ചേക്കാം.

പരിരക്ഷയുടെ പരിമിതികള്‍

1. കവറേജ് തുക അപര്യാപ്തം: മിക്ക സ്ഥാപനങ്ങളും ജീവനക്കാര്‍ക്കും അവരുടെ കുടുംബത്തിനും കൂടി നല്‍കുന്നത് 3 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെയുള്ള കവറേജാണ്. ചെറിയ ആശുപത്രി ആവശ്യങ്ങള്‍ക്ക് ഈ തുക മതിയാകും. എന്നാല്‍, കാന്‍സര്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ക്ക് ഇത് തികയാതെ വരും. ഇത്തരം രോഗങ്ങള്‍ക്ക് ചികിത്സാ ചെലവ് 10 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയാകാന്‍ സാധ്യതയുണ്ട്. ദീര്‍ഘകാല ആശുപത്രിവാസം വേണ്ടി വന്നാല്‍ ഈ പരിധി വേഗത്തില്‍ തീര്‍ന്നുപോയേക്കാം. ഒരു വ്യക്തിഗത പോളിസി ഇല്ലെങ്കില്‍, വലിയൊരു തുക സ്വന്തം സമ്പാദ്യത്തില്‍ നിന്ന് കണ്ടെത്തേണ്ടിവരും.

2. ജോലി മാറുമ്പോള്‍ കവറേജ് ഇല്ലാതാകും: സ്ഥാപനം നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് ആ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നിടത്തോളം കാലം മാത്രമേ സാധുവായിരിക്കുകയുള്ളൂ. ജോലി മാറുമ്പോഴോ, ജോലിയില്ലാത്ത ഇടവേളകളിലോ, അല്ലെങ്കില്‍ വിരമിക്കുമ്പോഴോ പോളിസിയുടെ പരിരക്ഷ ഇല്ലാതാകുന്നു. ഈ ഘട്ടത്തില്‍ ഒരു പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നത് വളരെ ബുദ്ധിമുട്ടാണ്, പ്രത്യേകിച്ച് പ്രായം കൂടുമ്പോഴോ നിലവില്‍ മറ്റ് രോഗങ്ങള്‍ ഉണ്ടാകുമ്പോഴോ പ്രീമിയം തുക വര്‍ധിക്കുകയും ചെയ്യും. എന്നാല്‍, ഒരു വ്യക്തിഗത പോളിസി ഉണ്ടെങ്കില്‍, ജോലി ഏതായാലും സംരക്ഷണം നിലനില്‍ക്കും.

3. സുരക്ഷ കുടുംബത്തിനായി: സ്ഥാപനങ്ങളുടെ ഫ്‌ലോട്ടര്‍ പോളിസികളില്‍ ഭാര്യ/ഭര്‍ത്താവ്, കുട്ടികള്‍, ചിലപ്പോള്‍ മാതാപിതാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍, കവറേജ് തുക കുടുംബം മൊത്തത്തില്‍ പങ്കിടുകയാണ്. ഒരാള്‍ക്ക് വലിയ ആശുപത്രി ചെലവ് വന്നാല്‍, ആ തുക മൊത്തം കവറേജിനെയും ഇല്ലാതാക്കും. ഉയര്‍ന്ന കവറേജുള്ള ഒരു വ്യക്തിഗത പോളിസി കുടുംബത്തിന് ഒരു താങ്ങായി നിലനില്‍ക്കുകയും, സ്ഥാപനത്തിലെ കവറേജ് തീര്‍ന്നുപോകുമെന്ന ആശങ്കയില്ലാതെ ചികിത്സ ഉറപ്പാക്കുകയും ചെയ്യും.ഇരട്ട സുരക്ഷയാണ് ഏറ്റവും ഉചിതം .

സ്ഥാപനത്തില്‍ നിന്നുള്ള ഇന്‍ഷുറന്‍സിനെ ഒരു ബോണസായി മാത്രം കാണുക എന്നതാണ് ഏറ്റവും മികച്ച സമീപനം.

ചെറിയ ക്ലെയിമുകള്‍ക്ക് ഉപയോഗിക്കുക: ചെറിയ ചികിത്സാ ആവശ്യങ്ങള്‍ക്ക് സ്ഥാപനത്തിന്റെ പോളിസി ഉപയോഗിക്കാം. ഇത് വ്യക്തിഗത പോളിസിയിലെ 'നോ-ക്ലെയിം ബോണസ്' നഷ്ടപ്പെടാതെ നിലനിര്‍ത്താന്‍ സഹായിക്കും.

അധിക പരിരക്ഷ: ഗുരുതര രോഗങ്ങള്‍ക്കുള്ള കവറേജ് ,മുറി വാടകയ്ക്ക് അധിക ഇളവ് തുടങ്ങിയ കാര്യങ്ങള്‍ വ്യക്തിഗത പോളിസിയില്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. ഇത് പലപ്പോഴും സ്ഥാപനത്തിന്റെ പോളിസികളില്‍ ലഭ്യമല്ല.

വ്യക്തിഗത പോളിസിയും സ്ഥാപനത്തിന്റെ പോളിസിയും ചേരുമ്പോള്‍, തുടര്‍ച്ചയായ കവറേജ്, വിപുലമായ സുരക്ഷ, സാമ്പത്തിക സുരക്ഷ എന്നിവ ഉറപ്പാക്കാനാകും. വലിയൊരു രോഗാവസ്ഥ വന്നാല്‍ കൈയ്യിലുള്ള പണം ചെലവഴിക്കാതെ, ചികിത്സാ ചെലവുകള്‍ ഇന്‍ഷുറന്‍സ് വഴി പരിഹരിക്കാന്‍ ഈ ഇരട്ട സുരക്ഷ സഹായിക്കും

 

PREV
Read more Articles on
click me!

Recommended Stories

അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! പെട്ടുപോകുന്ന സന്ദർഭങ്ങളിലും സ്മാർട്ട് ആയി ഉപയോഗിച്ചാൽ ലാഭം നേടാം
നിര്‍മ്മാണത്തിലിരിക്കുന്ന വീട് വാങ്ങണോ? അപകട സാധ്യതകൾ എന്തൊക്കെ?