
റിയല്‍ എസ്റ്റേറ്റ് നിക്ഷേപകരെയും സാധാരണക്കാരെയും ഒരുപോലെ ആകര്‍ഷിക്കുന്ന വിഷയമാണ് നിര്‍മ്മാണത്തിലിരിക്കുന്ന ഒരു വീട് വാങ്ങുക എന്നത്. ഉടന്‍ താമസം തുടങ്ങാന്‍ കഴിയുന്ന വീടുകളേക്കാള്‍ വില കുറവായതിനാല്‍ പലരും ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. എന്നാല്‍, ഈ തീരുമാനത്തിന്റെ പ്രത്യാഘാതങ്ങള്‍ പലപ്പോഴും ആരും വേണ്ടത്ര ശ്രദ്ധിക്കാറില്ല. നിര്‍മ്മാണത്തിലിരിക്കുന്ന ഒരു വീട് വാങ്ങാനുള്ള തീരുമാനത്തിന് നിരവധി അപകടസാധ്യതകളുണ്ട്. വാഗ്ദാനം ചെയ്ത സമയത്ത് കൈവശാവകാശം കൈമാറുന്നതില്‍ ബില്‍ഡര്‍ വീഴ്ച വരുത്താനുള്ള സാധ്യതയാണ് അതില്‍ പ്രധാനം. ഈ കാലതാമസം ഏതാനും മാസങ്ങള്‍ മുതല്‍ രണ്ടോ മൂന്നോ വര്‍ഷം വരെയാകാം. റെറ നിയമങ്ങള്‍ വന്നതോടെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, കൈവശാവകാശം വൈകാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നു.
അതുകൊണ്ട്, നിര്‍മാണം പൂര്‍ത്തിയായ ഒരു 'റെഡി-ടു-മൂവ്' വീടാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍, നിര്‍മാതാക്കള്‍ കാരണമുള്ള കാലതാമസമോ വീഴ്ചയോ ഉണ്ടാകില്ല. ആവശ്യത്തിന് സാമ്പത്തിക ശേഷിയില്ലാത്ത പലരും ഇന്ന് ബില്‍ഡര്‍മാരായി രംഗപ്രവേശം ചെയ്യുന്നുണ്ട്. ഇതാണ് പലപ്പോഴും ഈ കാലതാമസത്തിന് കാരണമാകുന്നത്. മാത്രമല്ല, നിര്‍മ്മാണത്തിലെ കാലതാമസം മതിയായ സാമ്പത്തിക സ്രോതസ്സുകളുടെ അഭാവം കൊണ്ടുമാത്രമല്ല, ചില സന്ദര്‍ഭങ്ങളില്‍ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട നിയമപരമായ തര്‍ക്കങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍, എന്ത് കാരണം കൊണ്ടായാലും ഉണ്ടാകുന്ന കാലതാമസം ഉപഭോക്താവിന്റെ ദുരിതവും ചെലവുകളും വര്‍ദ്ധിപ്പിക്കുന്നു.
നിര്‍മ്മാണത്തിലിരിക്കുന്ന ഒരു വീട് തിരഞ്ഞെടുക്കുന്നതിനെ പ്രതികൂലമായി ബാധിക്കുന്ന ചില ആദായ നികുതി പ്രത്യാഘാതങ്ങളുമുണ്ട്. ഭവന വിലകള്‍ കുതിച്ചുയരുന്ന ഈ കാലഘട്ടത്തില്‍, ഭവനവായ്പയില്ലാതെ ഒരു സാധാരണ മധ്യവര്‍ഗ്ഗ കുടുംബത്തിന് വീട് സ്വന്തമാക്കാന്‍ പ്രയാസമാണ്. നിര്‍മ്മാണത്തിലിരിക്കുന്ന വീടുകള്‍ക്കായി എടുക്കുന്ന ഭവന വായ്പകള്‍ക്ക്, നിര്‍മാണം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ പ്രീ-ഇഎംഐ പലിശ ആരംഭിക്കുന്നു. കൈവശാവകാശം വൈകുന്ന ചില കേസുകളില്‍, കൈവശാവകാശം ലഭിക്കുന്നതിന് മുമ്പ് തന്നെ ഇഎംഐ പേയ്മെന്റുകള്‍ ആരംഭിക്കുകയും ചെയ്യും. നിലവിലുള്ള ആദായ നികുതി വ്യവസ്ഥകള്‍ അനുസരിച്ച്, ഒരു വീടിനായി എടുത്ത ഭവന വായ്പയുടെ നികുതി ആനുകൂല്യങ്ങള്‍, വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈവശാവകാശം സ്വന്തമാക്കിയതിന് ശേഷം മാത്രമേ ക്ലെയിം ചെയ്യാന്‍ കഴിയൂ. നിര്‍മ്മാണ കാലയളവില്‍ അടച്ച പലിശ, കൈവശാവകാശം ലഭിക്കുന്ന വര്‍ഷം മുതല്‍ ആരംഭിച്ച്, അഞ്ച് തുല്യ തവണകളായി ക്ലെയിം ചെയ്യാമെന്നതും ശ്രദ്ധേയമാണ്.
താമസിക്കുന്ന വീടാണെങ്കില്‍, സെക്ഷന്‍ 24(ബി) പ്രകാരമുള്ള പലിശ കിഴിവ് (പഴയ നികുതി വ്യവസ്ഥയില്‍) പരമാവധി 2 ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു. പുതിയ നികുതി വ്യവസ്ഥയില്‍ ഇതിന് ആനുകൂല്യങ്ങളില്ല. അതിനാല്‍, നിലവിലെ കാലയളവിലെ പലിശ തന്നെ 2 ലക്ഷം രൂപ കവിയുകയോ അതിന് തുല്യമാകുകയോ ചെയ്താല്‍, പ്രീ-ഇഎംഐ പലിശയുടെ ക്ലെയിം ഫലത്തില്‍ നഷ്ടപ്പെടും. കൈവശാവകാശം എടുക്കുന്നതിനുമുമ്പ് നിര്‍മ്മാണത്തിലിരിക്കുന്ന പ്രോപ്പര്‍ട്ടി വില്‍ക്കുകയാണെങ്കില്‍, ഈ കാലയളവില്‍ അടച്ച പലിശയുടെ നികുതി ആനുകൂല്യം പൂര്‍ണ്ണമായും നഷ്ടപ്പെടും. മാത്രമല്ല, കൈവശാവകാശം എടുത്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് നിങ്ങള്‍ വീട് വില്‍ക്കുകയാണെങ്കില്‍, പ്രീ-ഇഎംഐ പലിശയുടെ ഇന്‍സ്റ്റാള്‍മെന്റുകളുടെ ക്ലെയിം നഷ്ടമാകും.
കൂടുതല്‍ പേരും ബുക്കിംഗ് തുക അടയ്ക്കാന്‍ തങ്ങളുടെ നിലവിലെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം ഉപയോഗിക്കുന്നു. കൂടാതെ ഭവനവായ്പ തിരിച്ചടവിനായി ഭാവിയിലെ നല്ലൊരു സമ്പാദ്യവും വീടിനായി നീക്കിവയ്ക്കുന്നു. അതിനാല്‍, മുഴുവന്‍ സമ്പാദ്യവും ഈ രീതിയില്‍ അപകടത്തിലാക്കുന്നത് ഒട്ടും ആശാസ്യമല്ല. വാടക വീട്ടിലാണ് താമസിക്കുന്നതെങ്കില്‍, ബില്‍ഡറുടെ ഭാഗത്തുനിന്ന് കാലതാമസം ഉണ്ടാകുമ്പോള്‍, വാടകയും ഇഎംഐയും ഒരുമിച്ച് അടയ്ക്കേണ്ട ഇരട്ട ഭാരം താങ്ങേണ്ടിവരുന്നു. വാടകയും ഇഎംഐയും ഒരുമിച്ച് നല്‍കാന്‍ കഴിയാതെ നിര്‍മ്മാണത്തിലിരിക്കുന്ന വീട് വില്‍ക്കേണ്ടി വന്ന നിരവധി കേസുകള്‍ ഉണ്ടായിട്ടുണ്ട്.
ഇതില്‍ നിന്ന് വ്യത്യസ്തമായി, ഒരു 'റെഡി-ടു-മൂവ്' ഫ്‌ലാറ്റ് വാങ്ങുകയാണെങ്കില്‍, വാടക നല്‍കേണ്ട ആവശ്യം ഉണ്ടാകില്ല.. കൈവശാവകാശം ലഭിച്ച് ഉടന്‍ തന്നെ പുതിയ വീട്ടിലേക്ക് മാറുകയാണെങ്കില്‍ അധികഭാരം ഉണ്ടാക്കുകയുമില്ല. ഇനി അഥവാ ഉടന്‍ പുതിയ വീട്ടിലേക്ക് മാറുന്നില്ലെങ്കില്‍ പോലും, അത് വാടകയ്ക്ക് നല്‍കി ഇഎംഐയുടെ ഒരു ഭാഗം കണ്ടെത്താന്‍ സാധിക്കും. നിര്‍മ്മാണത്തിലിരിക്കുന്ന ഒരു വീടിനെ ആശ്രയിക്കുന്നതിനേക്കാള്‍ ഒരു 'റെഡി-ടു-മൂവ്' വീടിനായി ശ്രമിക്കുന്നത് കൂടുതല്‍ സമാധാനം നല്‍കും.