
ഓണ്‍ലൈന്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരുടെ കീശ ഇനി കീറും. പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്ക് പിന്നാലെ സ്വിഗ്ഗിയും പ്ലാറ്റ്ഫോം ഫീസില്‍ വന്‍ വര്‍ദ്ധന വരുത്തി. ഓരോ ഓര്‍ഡറിനും ഈടാക്കുന്ന പ്ലാറ്റ്ഫോം ഫീ 14.99 രൂപയില്‍ നിന്ന് 17.58 രൂപയായാണ് സ്വിഗ്ഗി ഉയര്‍ത്തിയത്. ഏകദേശം 17 ശതമാനത്തിന്റെ വര്‍ദ്ധനവാണിത്. സൊമാറ്റോയും ജിഎസ്ടി ഉള്‍പ്പെടെ ഇതേ നിരക്കിലേക്ക് കഴിഞ്ഞ ദിവസം മാറിയിരുന്നു.
കഴിഞ്ഞ ഏഴ് മാസത്തിനിടെ ഇത് നാലാം തവണയാണ് സ്വിഗ്ഗി പ്ലാറ്റ്ഫോം ഫീ കൂട്ടുന്നത്. സൊമാറ്റോയില്‍ പ്ലാറ്റ്ഫോം ഫീസായി 14.9 രൂപയും ജിഎസ്ടിയായി 2.68 രൂപയുമാണ് ഈടാക്കുന്നത്. ഫലത്തില്‍ രണ്ട് കമ്പനികളുടെയും ആപ്പുകള്‍ വഴി ഭക്ഷണം ബുക്ക് ചെയ്യുമ്പോള്‍ ഉപഭോക്താവ് നല്‍കേണ്ട അധിക തുക 17.58 രൂപയായി ഒരേ നിലവാരത്തിലെത്തി.
2023 ല്‍ വെറും രണ്ട് രൂപയില്‍ തുടങ്ങിയ ഈ പ്ലാറ്റ്ഫോം ഫീസാണ് പടിപടിയായി ഇപ്പോള്‍ 17 രൂപ കടന്നിരിക്കുന്നത്. ഒരു സാധാരണ ഉപഭോക്താവിന് ഇത് ചെറിയ തുകയായി തോന്നാമെങ്കിലും കമ്പനികള്‍ക്ക് ഇത് വലിയ വരുമാന മാര്‍ഗ്ഗമാണ്. രാജ്യത്ത് പ്രതിദിനം 43 ലക്ഷം മുതല്‍ 45 ലക്ഷം വരെ ഓര്‍ഡറുകളാണ് ഈ രണ്ട് പ്ലാറ്റ്ഫോമുകളിലുമായി നടക്കുന്നത്. ഇ-കൊമേഴ്‌സ്, ഫുഡ് ഡെലിവറി കമ്പനികള്‍ പ്ലാറ്റ്ഫോം ഫീസിലൂടെ മാത്രം വര്‍ഷം തോറും 3,500 മുതല്‍ 4,000 കോടി രൂപ വരെ ലാഭമുണ്ടാക്കുന്നുണ്ടെന്നാണ് കണക്കുകള്‍.
ഭക്ഷണശാലകളില്‍ നിന്ന് ഈടാക്കുന്ന കമ്മീഷന്‍ വര്‍ദ്ധിപ്പിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാലാണ് കമ്പനികള്‍ നേരിട്ട് ഉപഭോക്താക്കളില്‍ നിന്ന് തുക ഈടാക്കുന്നത്. ലാഭക്ഷമത വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. വരും മാസങ്ങളിലും ഇത്തരം നിരക്കുകളില്‍ ചെറിയ വര്‍ദ്ധനവുകള്‍ ഉണ്ടായേക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള സൂചനകള്‍.