
ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നവര്‍ ഏപ്രില്‍ 1 മുതല്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. എച്ച്ഡിഎഫ്സി, പിഎന്‍ബി, ബന്ധന്‍ ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകള്‍ തങ്ങളുടെ എടിഎം നിയമങ്ങളിലും പണം പിന്‍വലിക്കല്‍ പരിധിയിലും വലിയ മാറ്റങ്ങളാണ് വരുത്തുന്നത്. പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതോടെ നിലവില്‍ വരുന്ന പ്രധാന മാറ്റങ്ങള്‍ താഴെ പറയുന്നവയാണ്.
എടിഎമ്മുകളില്‍ നിന്ന് കാര്‍ഡ് ഇല്ലാതെ യുപിഐ വഴി പണം പിന്‍വലിക്കുന്നവര്‍ക്ക് ഇതൊരു തിരിച്ചടിയാണ്. ഇതുവരെ യുപിഐ വഴിയുള്ള പിന്‍വലിക്കലുകള്‍ പ്രത്യേകമായാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ ഏപ്രില്‍ 1 മുതല്‍ ഇത് 'സൗജന്യ എടിഎം ഇടപാടുകളുടെ' പരിധിയില്‍ ഉള്‍പ്പെടുത്തും.
സൗജന്യ പരിധി: നിലവില്‍ അഞ്ച് തവണയാണ് എച്ച്ഡിഎഫ്സി എടിഎമ്മുകളില്‍ നിന്ന് സൗജന്യമായി പണം പിന്‍വലിക്കാന്‍ കഴിയുക. യുപിഐ വഴി പണം എടുത്താലും ഈ അഞ്ചില്‍ ഒന്ന് കുറയും.
അധിക നിരക്ക്: നിശ്ചിത പരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപയും (നികുതി പുറമെ) ബാങ്ക് ഈടാക്കും.
പഞ്ചാബ് നാഷണല്‍ ബാങ്ക് തങ്ങളുടെ ഡെബിറ്റ് കാര്‍ഡുകള്‍ വഴി ഒരു ദിവസം പിന്‍വലിക്കാവുന്ന പരമാവധി തുകയില്‍ മാറ്റം വരുത്തി. നേരത്തെ ചില കാര്‍ഡുകള്‍ ഉപയോഗിച്ച് ഒരു ലക്ഷം രൂപ വരെ പിന്‍വലിക്കാമായിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം ഇത് 50,000 രൂപ മുതല്‍ 75,000 രൂപ വരെ ആയി കുറയും. ഓരോ കാര്‍ഡിന്റെയും തരത്തിനനുസരിച്ചായിരിക്കും ഈ മാറ്റം.
ബന്ധന്‍ ബാങ്ക് ഉപഭോക്താക്കള്‍ക്കും ഏപ്രില്‍ മുതല്‍ പുതിയ നിയമങ്ങള്‍ ബാധകമാണ്.
സ്വന്തം എടിഎം: മാസത്തില്‍ അഞ്ച് തവണയായുള്ള പണം പിന്‍വലിക്കല്‍ സൗജന്യമായിരിക്കും. പണമല്ലാത്ത ഇടപാടുകള്‍ക്ക് (ബാലന്‍സ് ചെക്കിംഗ് തുടങ്ങിയവ) പരിധിയില്ല.
മറ്റ് ബാങ്ക് എടിഎമ്മുകള്‍: മെട്രോ നഗരങ്ങളില്‍ മൂന്ന് തവണയും മറ്റ് നഗരങ്ങളില്‍ അഞ്ച് തവണയും മാത്രമേ സൗജന്യമായി ഉപയോഗിക്കാന്‍ കഴിയൂ. ഇത് കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപ അധികം നല്‍കണം.
പിഴ: അക്കൗണ്ടില്‍ പണമില്ലാതെ എടിഎമ്മില്‍ പോയി പണം പിന്‍വലിക്കാന്‍ ശ്രമിച്ച് ഇടപാട് പരാജയപ്പെട്ടാല്‍ , 25 രൂപ പിഴ ഈടാക്കും.
ജിയോ പേയ്മെന്റ് ബാങ്ക്
കാര്‍ഡില്ലാതെ പണം പിന്‍വലിക്കാന്‍ പുതിയ സംവിധാനം ജിയോ പേയ്മെന്റ് ബാങ്ക് അവതരിപ്പിച്ചു. ബാങ്കിംഗ് പോയിന്റുകളില്‍ പോയി മൊബൈല്‍ ആപ്പ് വഴി ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഇനി പണം പിന്‍വലിക്കാം. ഡെബിറ്റ് കാര്‍ഡ് കയ്യില്‍ കരുതേണ്ടതില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.