
ധനകാര്യ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി പുതിയ ആദായനികുതി ചട്ടങ്ങള്‍ ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരികയാണ്. 1961-ലെ പഴയ നിയമത്തിന് പകരം കൊണ്ടുവന്ന 'ആദായനികുതി നിയമം 2025' എങ്ങനെയാണ് നടപ്പിലാക്കേണ്ടതെന്ന് വ്യക്തമാക്കുന്നതാണ് ഈ പുതിയ ചട്ടങ്ങള്‍. ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയ്ക്ക് അനുയോജ്യമായ രീതിയില്‍ നികുതി സംവിധാനത്തെ മാറ്റിയെടുക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പ്രധാനപ്പെട്ട 10 മാറ്റങ്ങള്‍
ഇന്ത്യയില്‍ കെട്ടിടമോ ഓഫീസോ ഇല്ലാത്ത വിദേശ ഡിജിറ്റല്‍ കമ്പനികള്‍ക്കും ഇനി നികുതി നല്‍കേണ്ടി വരും. ഒരു വിദേശ ആപ്പോ വെബ്‌സൈറ്റോ ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്ന് 2 കോടി രൂപയില്‍ കൂടുതല്‍ വരുമാനം നേടുകയോ അല്ലെങ്കില്‍ ഇന്ത്യയില്‍ 3 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ ഉണ്ടാവുകയോ ചെയ്താല്‍ അവര്‍ ഇന്ത്യയില്‍ നികുതി പരിധിയില്‍ വരും.
വിദേശ കമ്പനികളുടെയോ വ്യക്തികളുടെയോ വരുമാനം കൃത്യമായി കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, അത് കണക്കാക്കാന്‍ നികുതി ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക അധികാരം നല്‍കി. വിറ്റുവരവിന്റെ നിശ്ചിത ശതമാനമോ മറ്റോ നികുതിയായി നിശ്ചയിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കും. ഇത് തര്‍ക്കങ്ങള്‍ക്ക് വഴി വെച്ചേക്കാം.
3. ഓഹരി വിപണിയില്‍ കര്‍ശന നിരീക്ഷണം
ഓഹരി വിപണിയിലെ ഇടപാടുകള്‍ ഇനി കൂടുതല്‍ സുതാര്യമാകും. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ എല്ലാ ഇടപാടുകളുടെയും രേഖകള്‍ 7 വര്‍ഷം വരെ സൂക്ഷിക്കണം. കൃത്രിമങ്ങള്‍ തടയാന്‍ ഇത് സഹായിക്കും.
4. വിദേശ ഇടപാടുകള്‍ക്ക് പ്രത്യേക സൂത്രവാക്യം
ഇന്ത്യയിലെ ആസ്തികളുമായി ബന്ധപ്പെട്ട ഓഹരികള്‍ വിദേശത്ത് വെച്ച് കൈമാറ്റം ചെയ്യപ്പെട്ടാല്‍ അതില്‍ നിന്ന് ഇന്ത്യയ്ക്ക് ലഭിക്കേണ്ട നികുതി കണക്കാക്കാന്‍ പുതിയ ഫോര്‍മുല കൊണ്ടുവന്നു. ഇത് ഇതുമായി ബന്ധപ്പെട്ട കേസുകള്‍ കുറയ്ക്കാന്‍ സഹായിക്കും.
5. ഓഹരികളുടെ മൂല്യം നിശ്ചയിക്കല്‍
ഓഹരികളുടെ വിപണി മൂല്യം കണക്കാക്കുന്നതിന് കൃത്യമായ നിയമങ്ങള്‍ വരുന്നു. ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരികള്‍ക്ക് വിപണി വിലയും, അല്ലാത്തവയ്ക്ക് മെര്‍ച്ചന്റ് ബാങ്കര്‍മാരുടെ മൂല്യനിര്‍ണ്ണയവും നിര്‍ബന്ധമാക്കി.
6. ശമ്പളക്കാര്‍ ശ്രദ്ധിക്കാന്‍
ജീവനക്കാര്‍ക്ക് കമ്പനി നല്‍കുന്ന ആനുകൂല്യങ്ങളുടെ നികുതി കണക്കാക്കുന്ന രീതിയില്‍ മാറ്റം വരും:
താമസം: കമ്പനി നല്‍കുന്ന വീടിന്റെ മൂല്യം കണക്കാക്കുന്നത് ആ നഗരത്തിലെ ജനസംഖ്യ കൂടി പരിഗണിച്ചായിരിക്കും.
ഭക്ഷണം: ഒരു നേരം 200 രൂപ വരെയുള്ള ഭക്ഷണത്തിന് മാത്രമേ നികുതി ഇളവ് ലഭിക്കൂ.
സമ്മാനം: വര്‍ഷം 15,000 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള സമ്മാനങ്ങള്‍ ലഭിച്ചാല്‍ അതിന് നികുതി നല്‍കണം.
7. കമ്പനി നല്‍കുന്ന വായ്പകള്‍
ജീവനക്കാര്‍ക്ക് കമ്പനി കുറഞ്ഞ പലിശയ്‌ക്കോ പലിശയില്ലാതെയോ വായ്പ നല്‍കുന്നുണ്ടെങ്കില്‍, അത് ജീവനക്കാരന്റെ വരുമാനമായി കണക്കാക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പലിശ നിരക്ക് അടിസ്ഥാനമാക്കിയായിരിക്കും ഈ ആനുകൂല്യത്തിന്മേലുള്ള നികുതി നിശ്ചയിക്കുക.
8. സ്റ്റാർട്ട് അപ്പ് ജീവനക്കാർക്ക്...
കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ഓഹരികളുടെ മൂല്യം കണക്കാക്കുന്നതില്‍ കൂടുതല്‍ വ്യക്തത വരുത്തി. സ്റ്റാര്‍ട്ടപ്പ് ജീവനക്കാര്‍ക്കും മറ്റും ഇത് ഗുണകരമാകും.
9. ഇളവില്ലാത്ത ചെലവുകള്‍ക്ക് പുതിയ നിയമം
നികുതിയില്ലാത്ത വരുമാനം നേടാനായി നടത്തുന്ന ചെലവുകള്‍ക്ക് പുതിയ രീതിയില്‍ കണക്കാക്കും. നേരിട്ടുള്ള ചെലവുകള്‍ക്ക് പുറമെ ആകെ നിക്ഷേപത്തിന്റെ ഒരു ശതമാനം കൂടി ഇതിനായി കണക്കാക്കും.
10. ബോണ്ടുകള്‍ക്ക് കര്‍ശന നിയന്ത്രണം
സീറോ കൂപ്പണ്‍ ബോണ്ടുകള്‍ ഇറക്കുന്നതിന് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി. ഇവയ്ക്ക് 10 മുതല്‍ 20 വര്‍ഷം വരെ കാലാവധി ഉണ്ടായിരിക്കണം. കൂടാതെ ഇവയ്ക്ക് ഇന്‍വെസ്റ്റ്മെന്റ് ഗ്രേഡ് റേറ്റിംഗും നിര്‍ബന്ധമാണ്.