ഞൊടിയിടയിൽ പണം അക്കൗണ്ടിലെത്തിക്കുന്ന മരണക്കെണി! തട്ടിപ്പുകളിൽ മുൻപിൽ, ഡിജിറ്റൽ ലോൺ ആപ്പുകൾ ഉപയോഗിക്കുന്നതിന് മുൻപ് ശ്രദ്ധിക്കുക

Published : Apr 14, 2026, 12:34 PM IST
Loan Apps

Synopsis

കണ്ണൂർ വിദ്യാർത്ഥിയുടെ ആത്മഹത്യക്ക് പിന്നിൽ ലോൺ ആപ്പ് ഭീഷണിയുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഡിജിറ്റൽ ലോൺ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഫോൺ ആക്സസ്, പലിശ നിരക്ക്, ആപ്പിന്റെ വിശ്വാസ്യത എന്നിവ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ ചതിക്കുഴികളിൽ വീഴാൻ സാധ്യതയുണ്ട്. ആർബിഐ അംഗീകാരമുള്ള ആപ്പുകൾ മാത്രം ഉപയോഗിക്കുക എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. 

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ ആത്മഹത്യക്ക് പിന്നിൽ ജാതി അധിക്ഷേപത്തിന് പുറമെ ലോൺ ആപ്പ് ഭീഷണിയുമുണ്ടെന്നാണ് പൊലീസിന്റ നിഗമനം. അധ്യാപികയായ ലതയെ ലോൺ ആപ്പ് സംഘം നിരന്തരം വിളിച്ചത് നിതിന് മാനസിക വിഷമം ഉണ്ടാക്കിയെന്നും പൊലീസിൽ പരാതി നൽകാൻ കോളേജ് അധികൃതർ തീരുമാനിച്ചത് സമ്മർദം കൂട്ടിയെന്നും പൊലീസ് പറയുന്നു. 14,000 രൂപയാണ് നിതിൻ വായ്പയെടുത്തത്. എന്നാൽ, ഏപ്രിൽ 6ന് 1000രൂപ തിരിച്ചടച്ചിരുന്നു. ഇതു സംബന്ധിച്ച് നിതിൻ്റെ ഫോണിലേക്ക് വന്നത് 98ഓളം കോളുകളും സന്ദേശങ്ങളും വന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. കേരള ജനതയെ ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്തു വന്നത്.

ഇപ്പോഴും ഡിജിറ്റൽ ലോൺ ആപ്പുകൾ കണക്കില്ലാതെ ഉപയോഗിക്കുന്ന മലയാളികളുണ്ട്. മൊബൈലും ഇന്റർനെറ്റും മാത്രം ഉപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ പണം അക്കൌണ്ടിലെത്തിച്ചേരും എന്നത് തന്നെയാണ് ഓൺലൈൻ ലോൺ ആപ്പുകളെ യുവാക്കളിലേക്കടക്കം ആകർഷിക്കുന്നത്. എന്നാൽ, ഇതിലെ ചതിക്കുഴികളും നാം തിരിച്ചറിയേണ്ടതുണ്ട്. ഒരു ഡിജിറ്റൽ ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ് തന്നെ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ആദ്യത്തേത് മൊബൈൽ ഫോൺ ആക്സസ് ആണ്. ഡിജിറ്റൽ ലോൺ ആപ്പ് എന്നല്ല ഏത് ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോഴും ആപ്പിന് നിങ്ങളുടെ ഫോണിന് മേലുള്ള ആക്സസ് ശ്രദ്ധിച്ച് മാത്രമേ നൽകാവൂ. കോൺടാക്ട്സ്, ഗാലറിയിലെ ഫോട്ടോസ്, ലൊക്കേഷൻ തുടങ്ങിയ ആക്സസ് വളരെ ആലോചിച്ചേ എനേബിൾ ചെയ്യാവൂ. ഉദാഹരണത്തിന് ഗൂഗിൾ പേ പോലുള്ള ഒരു ആപ്പ് നിങ്ങൾ ഉപയോഗിക്കുന്നുവെന്ന് കരുതുക. ഗൂഗിൾ പേയ്ക്ക് നിങ്ങളുടെ കോൺടാക്ട് ആക്സസ് ആവശ്യമാണ്. എന്നാൽ, അതിന് നിങ്ങളുടെ ലൊക്കേഷൻ നൽണമെന്ന് നിർബന്ധമില്ല. ലോൺ ആപ്പുകൾക്കും കോൺടാക്ട്സ്, ഗാലറിയിലെ ഫോട്ടോസ്, ലൊക്കേഷൻ തുടങ്ങിയവയുടെ ആക്സസ് നൽകുന്നതിന് മുൻപ് ആലോചിക്കുക.

ഹാക്കർമാരെയും കൃത്യമായി തിരിച്ചറിയുക. നിങ്ങൾക്ക് ലോൺ തരാനെന്ന പേരിൽ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും രേഖകളും ചിത്രങ്ങളും കൈമാറുന്നതും സൂക്ഷിച്ചു വേണം. വായ്പ എടുക്കുന്നതിന് മുമ്പ് പലിശ നിരക്ക്, പ്രോസസിംഗ് ഫീസുകൾ എന്നിവ കൃത്യമായി മനസിലാക്കി വക്കുക. ചില ആപ്പുകൾ ഞൊടിയിടയിൽ ചാർജ് ഉയർത്തുകയും ചെയ്തേക്കാം. ഡിജിറ്റൽ ലോൺ ആപ്പുകൾ എടുക്കുമ്പോൾ പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ നിന്ന് തന്നെ ഡൌൺലോഡ് ചെയ്യാൻ ശ്രദ്ധിക്കണം. ലിങ്കുകൾ വഴിയോ മറ്റേതെങ്കിലും മാർഗങ്ങളിലൂടെയോ വരുന്ന ആപ്പുകൾ ഫോണിൽ സൂക്ഷിക്കരുത്. റിവ്യൂ, റേറ്റിംഗ്, ലോൺ എഗ്രിമെന്റിലെ നിബന്ധനകൾ തുടങ്ങിയ കാര്യങ്ങൾ കൃത്യമായി വായിച്ച് മനസിലാക്കുക.

ഇനി, ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം നിങ്ങൾ ഉപയോഗിക്കുന്ന ആപ്പിന്റെ ക്രെഡിബിലിറ്റി സംബന്ധിച്ചാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കീഴിലുള്ള ബാങ്കുകളുമായോ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമായോ (NBFC) ബന്ധമുള്ള ആപ്പുകളാണെന്ന് ഉറപ്പു വരുത്തി മാത്രമേ മുന്നോട്ട് പോകാവൂ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഇനി, തിരിച്ചടവ് മുടങ്ങിയാൽ നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിലുള്ളവരെ വിളിക്കുമെന്നോ നിങ്ങളുടെ സ്വകാര്യ ചിത്രങ്ങൾ പുറത്തു വിടുമെന്നോ ഒക്കെ ഭീഷണിപ്പെടുത്തുന്ന ആപ്പുകൾ ആണെങ്കിൽ തുടക്കത്തിൽ തന്നെ പിന്മാറുന്നതാണ് ഉചിതം.

PREV
Read more Articles on
click me!

Recommended Stories

ചെറുപ്പക്കാരെ കീഴടക്കി ഹൃദ്രോഗം; ജാഗ്രത വേണം, ഇന്‍ഷുറന്‍സിലും വേണം മാറ്റങ്ങള്‍
വർഷത്തിൽ എടുത്തു തീർക്കാത്ത അവധികൾ വർഷാവസാനം തന്നെ പണമാക്കാനാകുമോ? പുതിയ തൊഴില്‍ നിയമം പറയുന്നതെന്ത്?