വീട് വക്കാൻ പ്ലാനുണ്ടോ? പണ്ടത്തെ പോലെ അത്ര സിംപിളല്ല കാര്യങ്ങൾ, നിര്‍മ്മാണച്ചെലവ് 25 ശതമാനം കുതിച്ചുയര്‍ന്നു; ഇരുട്ടടിയായത് യുദ്ധം

Published : May 28, 2026, 04:08 PM IST
House

Synopsis

യുഎസ്- ഇറാന്‍ യുദ്ധത്തെ തുടർന്ന് രാജ്യത്ത് കെട്ടിട നിര്‍മ്മാണച്ചെലവ് 25% വർധിച്ചു. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും ക്ഷാമവുമാണ് പ്രധാന കാരണം. ഈ പ്രതിസന്ധി സാധാരണക്കാരന്റെ വീടെന്ന സ്വപ്നത്തെ പ്രതികൂലമായി ബാധിക്കുന്നു.

യുഎസ്- ഇറാന്‍ യുദ്ധം സാധാരണക്കാരന്റെ വീടെന്ന സ്വപ്നത്തിനും മങ്ങലേല്‍പ്പിക്കുന്നു. യുദ്ധം ആരംഭിച്ചതിന് പിന്നാലെ രാജ്യത്ത് കെട്ടിട നിര്‍മ്മാണച്ചെലവ് 25 ശതമാനത്തോളമാണ് കുതിച്ചുയര്‍ന്നത്. വിതരണ ശൃംഖലയിലുണ്ടായ തടസങ്ങള്‍, അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും കടുത്ത ക്ഷാമവും എന്നിവയാണ് ഈ വന്‍ വര്‍ധനവിന് കാരണമായിരിക്കുന്നത്.

യുദ്ധം തുടങ്ങിയതിന് ശേഷം നിര്‍മ്മാണച്ചെലവില്‍ 25 ശതമാനത്തിലധികം വര്‍ധനവുണ്ടായതായി ക്രെഡായ് വ്യക്തമാക്കി. ഇതിനിടെ, നിര്‍മാതാക്കളെയും വീട് വാങ്ങുന്നവരെയും ഒരുപോലെ സംരക്ഷിക്കുന്നതിനായി റെറ സമയപരിധിയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ക്രെഡായ് കേന്ദ്ര ഭവന മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.

പണം കൊടുത്താലും സാധനങ്ങളില്ല

വിലക്കയറ്റത്തേക്കാള്‍ അസംസ്‌കൃത വസ്തുക്കള്‍ കിട്ടാനില്ലാത്തതാണ് നിലവിലെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് ക്രെഡായ് ചൂണ്ടിക്കാട്ടുന്നു. എത്ര പണം കൊടുത്താലും അത്യാവശ്യ സാധനങ്ങള്‍ വിപണിയില്‍ ലഭ്യമല്ലാത്ത അസാധാരണ സാഹചര്യമാണ് നിര്‍മ്മാണ മേഖല ഇപ്പോള്‍ നേരിടുന്നത്. സിമന്റ്, നിര്‍മ്മാണ രാസവസ്തുക്കള്‍, സ്റ്റീല്‍, മണല്‍, ഇഷ്ടിക, ബിറ്റുമിന്‍, ഇലക്ട്രിക്കല്‍ വയറിങ് തുടങ്ങിയ അവശ്യവസ്തുക്കളുടെയെല്ലാം വില കുതിച്ചുയരുകയാണ്. ചില സാധനങ്ങള്‍ക്ക് കടുത്ത ക്ഷാമവുമുണ്ട്.

ഊര്‍ജം, അലുമിനിയം, ഗ്ലാസ് എന്നിവയുടെ വില വര്‍ധിച്ചുവെന്നും തൊഴിലാളികള്‍ക്ക് ഉയര്‍ന്ന കൂലി നല്‍കേണ്ടി വരുന്നുവെന്നും നിര്‍മാതാക്കള്‍ പറയുന്നു. സാധനങ്ങള്‍ ലഭ്യമാകാത്തത് തങ്ങളെ വല്ലാതെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഗള്‍ഫിലെ ഈ സാഹചര്യം 6 മുതല്‍ 12 മാസം വരെ തുടര്‍ന്നാല്‍, അത് നിര്‍മ്മാണ മേഖലയെ മാത്രമല്ല, വലിയ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് തന്നെ കാരണമാകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇരുട്ടടിയായി ഇന്ധനവിലയും

ഇറാന്‍ യുദ്ധം തുടങ്ങിയതിന് പിന്നാലെ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ നഷ്ടം നികത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവിലയും തുടര്‍ച്ചയായി വര്‍ധിപ്പിച്ചത് തിരിച്ചടിയായി. മേയ് 15-ന് ലിറ്ററിന് 3 രൂപയും, തുടര്‍ന്ന് മേയ് 19-ന് 90 പൈസയുമാണ് കൂട്ടിയത്. പിന്നീട് ശനിയാഴ്ച മൂന്നാമതും ഇന്ധനവില വര്‍ധിപ്പിച്ചു. തിങ്കളാഴ്ച നാലാമത്തെ വില വര്‍ധനവ് കൂടി പ്രാബല്യത്തില്‍ വന്നതോടെ പെട്രോള്‍ വില 100 രൂപ കടന്നിരിക്കുകയാണ്. ഇതും നിര്‍മ്മാണ മേഖലയ്ക്ക് വലിയ വെല്ലുവിളിയാകുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഈ 5 കാര്യങ്ങള്‍ ഉടന്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ സേവനം ലഭിക്കില്ല; പിഎഫ് അക്കൗണ്ടിലെ പണം യുപിഐ വഴി പിന്‍വലിക്കുമ്പോൾ ശ്രദ്ധിക്കാൻ
പെട്രോൾ പമ്പിൽ മാത്രം തീരില്ല ഈ വിലക്കയറ്റം; രാജ്യത്ത് ഇന്ധന വില വർധിക്കുന്നത് നമ്മളെയെങ്ങനെയൊക്കെ ബാധിക്കും?