ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റുമാരുടെ കമ്മീഷന് പരിധി നിശ്ചയിക്കാന്‍ ഐആര്‍ഡിഎഐ; പുതിയ നിര്‍ദേശങ്ങള്‍ അറിയാം

Published : Sep 24, 2026, 02:33 PM IST
Life Insurance Policy

Synopsis

ലൈഫ് ഇൻഷുറൻസ് പോളിസികൾ വിൽക്കുന്ന ഏജന്റുമാർക്കും വിതരണക്കാർക്കുമുള്ള കമ്മീഷനിൽ പുതിയ പരിധി കൊണ്ടുവരാൻ ഐആർഡിഎഐ ഒരുങ്ങുന്നു. പോളിസിയുടെ കാലാവധി അനുസരിച്ച് കമ്മീഷൻ നിരക്കുകളിൽ മാറ്റം വരുത്താനും പുതുക്കൽ കമ്മീഷൻ കുറയ്ക്കാനുമാണ് നിർദേശം. ഇൻസെന്റീവുകൾ ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും ഈ കമ്മീഷൻ പരിധിയിൽ ഉൾപ്പെടുത്തണമെന്നും ഐആർഡിഎഐ വ്യക്തമാക്കുന്നു.

ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ഒരു ഭാഗം ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കും മറ്റ് ചിലവുകള്‍ക്കുമായി മാറ്റുമ്പോള്‍, മറ്റൊരു ഭാഗം പോളിസി വില്‍ക്കുന്ന ഏജന്റുമാര്‍ക്കും വിതരണക്കാര്‍ക്കുമുള്ള കമ്മീഷനായാണ് പോകുന്നത്. ഇതിനൊരു പരിധി കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. പോളിസിയുടെ സ്വഭാവവും പ്രീമിയം അടയ്ക്കുന്ന കാലാവധിയും അനുസരിച്ച് കമ്മീഷന്‍ നിരക്കുകളില്‍ മാറ്റം വരുത്താനാണ് നിര്‍ദേശം.

ദീര്‍ഘകാല പോളിസികള്‍ക്ക് ഉയര്‍ന്ന കമ്മീഷന്‍

പ്രീമിയം അടയ്ക്കുന്ന കാലാവധിയുടെ അടിസ്ഥാനത്തില്‍ ഇന്‍ഡിവിജ്വല്‍ നോണ്‍- ലിങ്ക്ഡ്, ലിങ്ക്ഡ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്കുള്ള പരമാവധി കമ്മീഷന്‍ പരിധിയാണ് ഐആര്‍ഡിഎഐ നിര്‍ദേശിച്ചിരിക്കുന്നത്.

5 വര്‍ഷത്തില്‍ താഴെ കാലാവധി: വിതരണക്കാര്‍ക്ക് ആദ്യ വര്‍ഷം പരമാവധി 5% കമ്മീഷന്‍; ഏജന്റുമാര്‍ക്ക് 6.25%.

5 വര്‍ഷം കാലാവധി: വിതരണക്കാര്‍ക്ക് 10%; ഏജന്റുമാര്‍ക്ക് 12.5%.

6 മുതല്‍ 8 വര്‍ഷം വരെ: വിതരണക്കാര്‍ക്ക് 14%; ഏജന്റുമാര്‍ക്ക് 17.5%.

9 വര്‍ഷം: വിതരണക്കാര്‍ക്ക് 18%: ഏജന്റുമാര്‍ക്ക് 22.5%.

10 വര്‍ഷമോ അതില്‍ കൂടുതലോ: വിതരണക്കാര്‍ക്ക് 20%; ഏജന്റുമാര്‍ക്ക് 25%.

തുടക്ക കാലങ്ങളില്‍ പോളിസി പുതുക്കുമ്പോള്‍ (റിന്യൂവല്‍ കമ്മീഷന്‍) കുറഞ്ഞ നിരക്ക് മാത്രമേ നല്‍കാവൂ എന്നും ഐആര്‍ഡിഎഐ നിര്‍ദേശിക്കുന്നു.

എന്തുകൊണ്ടാണ് പുതുക്കല്‍ കമ്മീഷന്‍ കുറയ്ക്കുന്നത്?

പുതിയ പോളിസികള്‍ വില്‍ക്കുന്നതില്‍ മാത്രം ഏജന്റുമാരും വിതരണക്കാരും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തടയാനാണ് ഐആര്‍ഡിഎഐ ഈ നീക്കം നടത്തുന്നത്. ആദ്യ വര്‍ഷത്തെ ഉയര്‍ന്ന കമ്മീഷന് പിന്നാലെ പോകുന്നതിന് പകരം, ദീര്‍ഘകാലത്തേക്ക് പോളിസി തുടരാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്ന തരത്തിലാകണം കമ്മീഷന്‍ ഘടനയെന്ന് ഐആര്‍ഡിഎഐ വ്യക്തമാക്കുന്നു.

കൂടാതെ, ഒറ്റത്തവണ പ്രീമിയം അടയ്ക്കുന്ന പോളിസികള്‍ക്കും നികുതി ഇളവുള്ള പ്രൊഡക്റ്റുകള്‍ക്കും കമ്മീഷന്‍ കുറവായിരിക്കണമെന്നും നിര്‍ദേശമുണ്ട്. ഉദാഹരണത്തിന്, സിംഗിള്‍ പ്രീമിയം ഇന്‍ഡിവിജ്വല്‍ സേവിങ്‌സ് പോളിസികള്‍ക്ക് ആദ്യ വര്‍ഷം വിതരണക്കാര്‍ക്ക് 1 ശതമാനവും ഏജന്റുമാര്‍ക്ക് 2 ശതമാനവുമാണ് നിര്‍ദിഷ്ട കമ്മീഷന്‍. സിംഗിള്‍ പ്രീമിയം പ്യുവര്‍-ടേം പോളിസികള്‍ക്കിത് യഥാക്രമം 7.5%, 10% എന്നിങ്ങനെയായിരിക്കും.

ടേം ഇന്‍ഷുറന്‍സിലെ മാറ്റങ്ങള്‍

ഇന്‍ഡിവിജ്വല്‍ പ്യുവര്‍-ടേം ഇന്‍ഷുറന്‍സില്‍, പ്രീമിയം അടയ്ക്കുന്ന രീതിയനുസരിച്ചാണ് കമ്മീഷന്‍ തീരുമാനിക്കുന്നത്:

സിംഗിള്‍ പ്രീമിയം ടേം പോളിസി: ആദ്യ വര്‍ഷം വിതരണക്കാര്‍ക്ക് പരമാവധി 7.5% കമ്മീഷന്‍; ഏജന്റുമാര്‍ക്ക് 10%.

ഒന്നിലധികം വര്‍ഷം പ്രീമിയം അടയ്ക്കുന്ന പോളിസി: ആദ്യ വര്‍ഷം ഉയര്‍ന്ന കമ്മീഷന്‍ ലഭിക്കും (വിതരണക്കാര്‍ക്ക് 25%, ഏജന്റുമാര്‍ക്ക് 30%). എന്നാല്‍ ഇവയുടെ റിന്യൂവല്‍ കമ്മീഷന്‍ യഥാക്രമം 7.5%, 10% എന്നിങ്ങനെയായി പരിമിതപ്പെടുത്താനാണ് നിര്‍ദേശം.

എല്ലാ ആനുകൂല്യങ്ങളും കമ്മീഷനില്‍ ഉള്‍പ്പെടും

ഏജന്റുമാര്‍ക്കും വിതരണക്കാര്‍ക്കും നല്‍കുന്ന ഇന്‍സെന്റീവുകള്‍, അവാര്‍ഡുകള്‍, ചിലവുകള്‍ക്കുള്ള റീഇംബേഴ്‌സ്‌മെന്റുകള്‍, പണമിടപാടല്ലാത്ത മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയെല്ലാം കമ്മീഷനില്‍ തന്നെ ഉള്‍പ്പെടുത്തണം. ഏത് പേരില്‍ നല്‍കുന്ന പേയ്‌മെന്റായാലും അത് 'കമ്മീഷന്‍' എന്ന പരിധിയില്‍ വരണമെന്ന് ഐആര്‍ഡിഎഐ കര്‍ശന നിര്‍ദേശം നല്‍കുന്നു.

PREV
Read more Articles on
click me!

Recommended Stories

നാളെ മുതല്‍ ശമ്പളം നിന്നാല്‍ എന്തുചെയ്യും? എമര്‍ജന്‍സി ഫണ്ട് എത്ര വേണമെന്ന് എങ്ങനെ കണ്ടെത്താം?
ഇഎംഐ അടച്ച് കീശ കാലിയാകുന്നോ? ഭവന വായ്പയുടെ ഭാരം കുറയ്ക്കാന്‍ ചില വഴികള്‍