ഇന്‍ഷുറന്‍സ് വിതരണ മേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്ക് സാധ്യത; ഇന്‍ഷുറന്‍സ് കമ്മീഷനുകളില്‍ വന്‍ വെട്ടിക്കുറവുകളുമായി ഐആര്‍ഡിഎഐ

Published : Sep 25, 2026, 02:37 PM IST
Insurance

Synopsis

ഇന്‍ഷുറന്‍സ് പോളിസികള്‍ വില്‍ക്കുന്നവര്‍ക്കുള്ള കമ്മീഷന്‍ വെട്ടിക്കുറയ്ക്കാന്‍ പുതിയ കരട് നിര്‍ദേശം പുറത്തിറക്കി ഐആര്‍ഡിഎഐ. ബാങ്കുകള്‍ക്കും ബ്രോക്കര്‍മാര്‍ക്കും ലഭിക്കുന്ന കമ്മീഷന്‍ കുറയുന്നതോടെ ഇന്‍ഷുറന്‍സ് വിതരണ മേഖലയില്‍ വലിയ പ്രതിസന്ധിക്ക് സാധ്യതയുണ്ട്.

ഇന്‍ഷുറന്‍സ് പോളിസികള്‍ വില്‍ക്കുന്നവര്‍ക്ക് നല്‍കുന്ന കമ്മീഷനുകള്‍ വലിയ തോതില്‍ വെട്ടിക്കുറയ്ക്കാനുള്ള ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ നിര്‍ദേശം ഇന്‍ഷുറന്‍സ് മേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും. ഇന്‍ഷുറന്‍സ് വിതരണ മേഖലയുടെ നിലവിലെ രീതികളെ ഇത് കാര്യമായി ബാധിക്കുമെന്നും, പിടിച്ചുനില്‍ക്കാനായി കമ്പനികള്‍ക്ക് പുതിയ സാങ്കേതികവിദ്യകളെയും ഏജന്റുമാരെയും കൂടുതല്‍ ആശ്രയിക്കേണ്ടി വരുമെന്നുമാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. നിലവിലുള്ള പല ബിസിനസ് മോഡലുകളും ഇതോടെ പ്രതിസന്ധിയിലാകും.

വരും കാലങ്ങളില്‍ ഇന്‍ഷുറന്‍സ് വിതരണ രംഗത്തുള്ള പലര്‍ക്കും പിടിച്ചുനില്‍ക്കാനാവാത്ത അവസ്ഥ വരുമെന്നും, അതിനാല്‍ അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസില്‍ വലിയ ഇടിവ് സംഭവിച്ചേക്കാമെന്നും ഒരു പ്രമുഖ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ സിഇഒ വ്യക്തമാക്കി.

അധ്വാനത്തിന് അനുസരിച്ച് കമ്മീഷന്‍

പോളിസികള്‍ വില്‍ക്കാനും തുടര്‍സേവനങ്ങള്‍ നല്‍കാനുമെടുക്കുന്ന 'അധ്വാനത്തിന്' അനുസരിച്ച് കമ്മീഷന്‍ നല്‍കാനാണ് ഐആര്‍ഡിഎഐയുടെ പുതിയ കരട് നിര്‍ദേശം. ഇതില്‍ സാധാരണ ഏജന്റുമാര്‍ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. പുതിയ നിര്‍ദേശപ്രകാരം കമ്മീഷന്‍ നിരക്കുകള്‍ ഇങ്ങനെയാകും:

  • ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റുമാര്‍: ആദ്യ വര്‍ഷത്തെ പ്രീമിയത്തിന്റെ 6.25% മുതല്‍ 25% വരെ.
  • ബാങ്കുകള്‍, ബ്രോക്കര്‍മാര്‍, വെബ് അഗ്രിഗേറ്ററുകള്‍ (മറ്റ് ഇടനിലക്കാര്‍): 5% മുതല്‍ 20% വരെ.
  • ഹെല്‍ത്ത് ഇന്‍ഷുറന്‍സ്: ആദ്യമായി പോളിസി എടുക്കുമ്പോള്‍ വിതരണക്കാര്‍ക്ക് ലഭിക്കുന്ന കമ്മീഷന്‍ 15-20 ശതമാനമായി നിജപ്പെടുത്തും.

പ്രതിസന്ധിയിലാകുന്നത് ആരൊക്കെ?

ഇപ്പോള്‍ ആകെയുള്ള ഇന്‍ഷുറന്‍സ് ബിസിനസിന്റെ 50 ശതമാനവും വരുന്നത് ഏജന്റുമാര്‍ അല്ലാത്തവരില്‍ നിന്നാണ്. ഇതില്‍ തന്നെ 65-70 ശതമാനവും ബാങ്കുകള്‍ വഴിയാണ് (ബാന്‍കാഷുറന്‍സ്). ബാക്കി വരുന്ന 30 ശതമാനം ഇടനിലക്കാരുടെ ബിസിനസ് പുതിയ മാറ്റത്തോടെ പൂര്‍ണ്ണമായും ഇല്ലാതായേക്കാമെന്ന് ഒരു സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനി ആശങ്കപ്പെടുന്നു.

ഏറ്റവും ചിലവേറിയ മാര്‍ഗമായി ബാങ്കുകള്‍

സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ മൊത്തം പ്രീമിയത്തിന്റെ 45 ശതമാനവും വരുന്നത് ബാങ്കുകള്‍ വഴിയുള്ള വില്‍പനയില്‍ നിന്നാണ്. പുതിയ പോളിസികള്‍ക്കും റിന്യൂവലിനുമായി ശരാശരി 10 ശതമാനമാണ് ഇവര്‍ക്ക് കമ്മീഷനായി ലഭിക്കുന്നത്. എന്നാല്‍ ജനറല്‍ ഇന്‍ഷുറന്‍സില്‍ ബാങ്കുകള്‍ വഴി ലഭിക്കുന്നത് 5% പ്രീമിയം മാത്രമാണെങ്കിലും, ശരാശരി 26 ശതമാനത്തോളം ഇവര്‍ കമ്മീഷനായി കൈപ്പറ്റുന്നുണ്ട്.അതേസമയം, ജനറല്‍ ഇന്‍ഷുറന്‍സില്‍ 63 ശതമാനം പ്രീമിയവും കൊണ്ടുവരുന്ന സാധാരണ ഏജന്റുമാര്‍ക്കും ബ്രോക്കര്‍മാര്‍ക്കും ലഭിക്കുന്ന ശരാശരി കമ്മീഷന്‍ 17-18% മാത്രമാണ്.

ഇന്‍ഷുറന്‍സ് വിതരണത്തിലെ ഏറ്റവും ചിലവേറിയ മാര്‍ഗ്ഗമായി ബാങ്കുകള്‍ മാറിയെന്ന് ഐആര്‍ഡിഎഐ വ്യക്തമാക്കി. ഇടപാടുകാരിലേക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയുമെന്നത് ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച സേവനം നല്‍കുന്നതിന് പകരം, കൂടുതല്‍ കമ്മീഷന്‍ നേടാനുള്ള വഴിയായി ബാങ്കുകള്‍ ഇതിനെ മാറ്റുകയാണെന്ന് അതോറിറ്റി വിമര്‍ശിച്ചു.

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്ക് തിരിച്ചടി

ഏജന്റുമാരല്ലാത്തവരില്‍ നിന്നുള്ള ബിസിനസ് കുറയുമ്പോള്‍ കമ്പനികള്‍ക്ക് സ്വന്തമായി വിതരണ ശൃംഖലകള്‍ ഉണ്ടാക്കേണ്ടി വരും. തുടക്കത്തില്‍ ഇത് കമ്പനികള്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

PREV
Read more Articles on
click me!

Recommended Stories

ആദ്യത്തെ ഭവനവായ്പ അടച്ച് തീര്‍ന്നിട്ടില്ല! രണ്ടാമതൊരു വീട് കൂടി വാങ്ങാൻ പറ്റുമോ? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം
ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റുമാരുടെ കമ്മീഷന് പരിധി നിശ്ചയിക്കാന്‍ ഐആര്‍ഡിഎഐ; പുതിയ നിര്‍ദേശങ്ങള്‍ അറിയാം