ഈ വര്‍ഷം ഐടിആര്‍ ഫയല്‍ ചെയ്യാന്‍ പോവുകയാണോ? ഉറപ്പായും അറിഞ്ഞിരിക്കേണ്ട 5 പ്രധാന മാറ്റങ്ങള്‍

Published : May 29, 2026, 11:24 AM IST
ITR Filing 2026

Synopsis

അസസ്മെന്റ് വര്‍ഷം 2026-27-ലെ ആദായനികുതി റിട്ടേണ്‍ ഫയലിംഗില്‍ അഞ്ച് സുപ്രധാന മാറ്റങ്ങള്‍ വന്നിട്ടുണ്ട്. രണ്ട് വീടുകളില്‍ നിന്നുള്ള വരുമാനം കാണിക്കാനുള്ള സൗകര്യം, ലളിതമായ ക്യാപിറ്റല്‍ ഗെയ്ന്‍സ് റിപ്പോര്‍ട്ടിംഗ്, ലഭിക്കാത്ത വാടക രേഖപ്പെടുത്താനുള്ള കോളം, ബാങ്ക് ബാലന്‍സ് വെളിപ്പെടുത്തല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സമയമായി. ജൂണ്‍ പകുതിയോടെ തൊഴിലുടമകളില്‍ നിന്നും ഫോം 16 ലഭിക്കാന്‍ കാത്തിരിക്കുകയാണെങ്കിലും, ഇന്‍കം ടാക്‌സ് വകുപ്പ് ഐടിആര്‍-1 , ഐടിആര്‍-4 ഫോമുകള്‍ക്കായുള്ള ഓണ്‍ലൈന്‍ ഫയലിങ്ങും എക്‌സല്‍ യൂട്ടിലിറ്റികളും ഇതിനകം തന്നെ ലഭ്യമാക്കിയിട്ടുണ്ട്.

അസസ്മെന്റ് വര്‍ഷം 2026-27 ലേക്ക് റിട്ടേണ്‍ നല്‍കുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സുപ്രധാനമായ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ പഴയത് പോലെ തന്നെ തോന്നിയാലും അല്പം ശ്രദ്ധിച്ചില്ലെങ്കില്‍ പലര്‍ക്കും ഈ മാറ്റങ്ങള്‍ പെട്ടെന്ന് മനസിലാകണമെന്നില്ല. പുതിയ ഇന്‍കം ടാക്‌സ് നിയമം നിലവില്‍ വന്നിട്ടുണ്ടെങ്കിലും, പഴയ ഇന്‍കം ടാക്‌സ് നിയമം പ്രകാരമുള്ള അവസാനത്തെ റിട്ടേണ്‍ ഫയലിംഗ് കൂടിയാണിത്.

നികുതിദായകര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട 5 മാറ്റങ്ങള്‍

1. രണ്ട് വീടുകളില്‍ നിന്നുള്ള വരുമാനം കാണിക്കാം

ഒന്നിലധികം വീടുകളുള്ള നികുതിദായകര്‍ക്ക് വലിയൊരാശ്വാസമാണ് ഇത്തവണത്തെ ഒരു പ്രധാന മാറ്റം. നേരത്തെ ഐടിആര്‍-1 (സഹജ്), ഐടിആര്‍-4 (സുഗം) ഫോമുകള്‍ ഉപയോഗിക്കുന്ന ശമ്പളക്കാര്‍ക്കും ചെറുകിട ബിസിനസുകാര്‍ക്കും ഇതില്‍ പരിമിതികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇനി മുതല്‍ പരമാവധി രണ്ട് വീടുകളില്‍ നിന്നുള്ള വരുമാനം ഈ ലളിതമായ ഫോമുകളില്‍ തന്നെ കാണിക്കാന്‍ സാധിക്കും. ഇതിനായി കൂടുതല്‍ സങ്കീര്‍ണ്ണമായ മറ്റ് ഫോമുകളിലേക്ക് മാറേണ്ടതില്ല.

2. ക്യാപിറ്റല്‍ ഗെയ്ന്‍സ് ടാക്‌സിലെ സങ്കീര്‍ണതകള്‍ ഒഴിവാക്കി

കഴിഞ്ഞ വര്‍ഷം ക്യാപിറ്റല്‍ ഗെയ്ന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നെങ്കില്‍ ഇത്തവണ കാര്യങ്ങള്‍ ലളിതമാണ്. ബജറ്റിലെ മാറ്റങ്ങള്‍ കാരണം 2024 ജൂലൈ 23-ന് മുന്‍പും പിന്‍പും നടന്ന ഇടപാടുകള്‍ വെവ്വേറെ കാണിക്കേണ്ടി വന്നിരുന്നു. എന്നാല്‍ 2026-27 അസസ്മെന്റ് വര്‍ഷത്തില്‍ ഈ പഴയ രീതി ഒഴിവാക്കി. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഒരൊറ്റ ക്യാപിറ്റല്‍ ഗെയ്ന്‍സ് ടാക്‌സ് ഘടനയായതിനാല്‍ തീയതികളുടെ അടിസ്ഥാനത്തില്‍ ഇടപാടുകള്‍ തിരിച്ച് നല്‍കേണ്ടതില്ല.

3. ലഭിക്കാത്ത വാടക വെളിപ്പെടുത്താന്‍ പുതിയ കോളം

വാടകയ്ക്ക് കെട്ടിടങ്ങള്‍ നല്‍കിയിട്ടുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യമാണിത്. കിട്ടാതെ പോയ വാടക വെളിപ്പെടുത്താനായി ഐടിആര്‍-1, ഐടിആര്‍-4 ഫോമുകളില്‍ പുതിയൊരു കോളം ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാടക വരുമാനം സംബന്ധിച്ച വിവരങ്ങള്‍ കൂടുതല്‍ വ്യക്തവും സുതാര്യവുമാക്കാനാണ് ഇന്‍കം ടാക്‌സ് വകുപ്പ് ലക്ഷ്യമിടുന്നത്.

4. ബാങ്ക് ബാലന്‍സ് വിവരങ്ങള്‍ നിര്‍ബന്ധമാക്കി

പ്രിസംപ്റ്റീവ് ടാക്‌സേഷന്‍ സ്‌കീം പ്രകാരം ഐടിആര്‍-4 ഫയല്‍ ചെയ്യുന്നവര്‍ക്ക് ഒരു അധിക നിബന്ധന കൂടി വന്നിട്ടുണ്ട്. സെക്ഷന്‍ 44AD, 44ADA, 44AE എന്നിവയ്ക്ക് കീഴില്‍ വരുന്ന വ്യക്തികള്‍ 2026 മാര്‍ച്ച് 31 വരെയുള്ള തങ്ങളുടെ എല്ലാ ആക്ടീവ് ബാങ്ക് അക്കൗണ്ടുകളിലെയും ക്ലോസിങ് ബാലന്‍സ് നിര്‍ബന്ധമായും വെളിപ്പെടുത്തണം. ഐടിആര്‍-4 ലെ 'E21' എന്ന കോളത്തിലാണ് ഇത് നല്‍കേണ്ടത്. തെറ്റായ വിവരങ്ങള്‍ നല്‍കുകയോ വിവരങ്ങള്‍ മറച്ചുവെക്കുകയോ ചെയ്താല്‍ ടാക്‌സ് നോട്ടീസോ പിഴയോ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

5. ശരിയായ ഐടിആര്‍ ഫോം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം

ശരിയായ ഐടിആര്‍ ഫോം തിരഞ്ഞെടുക്കുന്നത് എക്കാലത്തും പ്രധാനമാണെങ്കിലും, ഈ വര്‍ഷം അതിന് പ്രാധാന്യമേറുകയാണ്. ശമ്പളം, വാടക, ക്യാപിറ്റല്‍ ഗെയ്ന്‍സ്, ഫ്രീലാന്‍സ് വരുമാനം, ട്രേഡിംഗ് അല്ലെങ്കില്‍ ബിസിനസ്സ് എന്നിങ്ങനെ ഒന്നിലധികം മാര്‍ഗ്ഗങ്ങളിലൂടെ വരുമാനമുള്ളവര്‍ ഏത് ഫോമാണ് തങ്ങള്‍ക്ക് അനുയോജ്യമെന്ന് കൃത്യമായി വിലയിരുത്തണം. തെറ്റായ ഫോം തിരഞ്ഞെടുത്താല്‍ ഡിഫെക്റ്റീവ് റിട്ടേണ്‍ നോട്ടീസ്, റീഫണ്ട് വൈകല്‍, തെറ്റായ നികുതി കണക്കുകൂട്ടല്‍, അല്ലെങ്കില്‍ മുന്‍കാല നഷ്ടങ്ങള്‍ തട്ടിക്കിഴിക്കുന്നതിലെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുക തുടങ്ങിയവയ്ക്ക് അത് കാരണമായേക്കാം.

PREV
Read more Articles on
click me!

Recommended Stories

വാങ്ങിക്കുന്ന ശമ്പളമെല്ലാം എങ്ങോട്ട് പോകുന്നു? യുവാക്കളുടെ പോക്കറ്റ് ചോര്‍ത്തുന്ന '99 രൂപയുടെ' ആപ്പ് സബ്സ്‌ക്രിപ്ഷനുകള്‍
പല്ലുതേക്കാൻ വരെ കയ്യീന്ന് ഇനി കൂടുതൽ കാശിറക്കണം, കോൾഗേറ്റ് നൽകുന്നത് വലിയ സൂചന; നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടും