മഴക്കാലത്ത് വീടിന് വാട്ടർപ്രൂഫിംഗ് മാത്രം പോരാ, വീടിനുള്ളിലെ സാധനങ്ങൾക്കും വേണം സംരക്ഷണം; പ്രകൃതിദുരന്തങ്ങളെ നേരിടാൻ 'ഹോം ഇൻഷുറൻസ്'

Published : Jul 22, 2026, 12:33 PM IST
home insurance

Synopsis

അതിതീവ്ര മഴയും പ്രളയവും പതിവാകുന്ന കാലത്ത് വീടിന് വാട്ടർപ്രൂഫിങ് മാത്രം മതിയാവില്ല. പ്രകൃതി ദുരന്തങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളിൽ നിന്ന് സാമ്പത്തിക സുരക്ഷ നൽകാൻ ഹോം ഇൻഷുറൻസിന് സാധിക്കും. വീടിന്റെ ഘടനയ്ക്കും ഉള്ളിലെ സാധനങ്ങൾക്കും പരിരക്ഷ നൽകുന്ന പോളിസികളുണ്ട്.

മഴക്കാലം എത്തുമ്പോള്‍ വീടുകളില്‍ വാട്ടര്‍പ്രൂഫിങ് ചെയ്യാനും അറ്റകുറ്റപ്പണികള്‍ നടത്താനും നമ്മള്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ അതിതീവ്ര മഴയും പ്രളയവും ഉരുള്‍പൊട്ടലുമൊക്കെ പതിവാകുന്ന ഇന്നത്തെ കാലത്ത് വീടിന് വാട്ടര്‍പ്രൂഫിങ് മാത്രം നല്‍കിയാല്‍ പൂര്‍ണ സുരക്ഷയാകുമോ? എന്നാല്‍ കാലാവസ്ഥാ വ്യതിയാനങ്ങളെ തുടര്‍ന്നുണ്ടാകുന്ന വലിയ സാമ്പത്തിക ബാധ്യതകളില്‍ നിന്ന് രക്ഷനേടാൻ ഹോം ഇന്‍ഷുറന്‍സ് പോളിസിക്ക് കഴിയും. കാലാവസ്ഥാ വ്യതിയാനം കാരണം അതിതീവ്ര മഴയും നഗരങ്ങളിലെ വെള്ളക്കെട്ടും ഉരുള്‍പൊട്ടലുമൊക്കെ ഇപ്പോള്‍ സാധാരണമായിരിക്കുകയാണ്. മിക്ക ആളുകളുടെയും ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമാണ് അവരുടെ വീട്.

പ്രകൃതി ദുരന്തങ്ങള്‍ കാരണം വീടിനോ ചുറ്റുപാടുകള്‍ക്കോ ഉള്ളിലെ സാധനങ്ങള്‍ക്കോ നാശനഷ്ടമുണ്ടായാല്‍ അത് നന്നാക്കിയെടുക്കാന്‍ വലിയ തുക വേണ്ടിവരും. ഇന്‍ഷുറന്‍സ് ഇല്ലാതെ ഈ തുക കണ്ടെത്തുക എന്നത് സാധാരണക്കാരെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിൽ നമുക്ക് ആശ്രയിക്കാവുന്ന സമഗ്ര ഹോം ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുന്നത് എന്തെല്ലാമെന്ന് നോക്കാം. പ്രധാനമായും രണ്ട് കാര്യങ്ങളാണ് ഒരു ഹോം ഇന്‍ഷുറന്‍സ് പോളിസിയില്‍ ഉള്‍പ്പെടുന്നത്.

ബില്‍ഡിങ് കവര്‍: വീടിന്റെ അടിസ്ഥാന ഘടനയ്ക്കും സ്ഥിരമായി ഘടിപ്പിച്ചിട്ടുള്ള മറ്റ് വസ്തുക്കള്‍ക്കും ഈ പോളിസി പരിരക്ഷ നല്‍കുന്നു. കനത്ത മഴയെത്തുടര്‍ന്ന് വീടിന്റെ ഘടനയ്ക്കോ തറയ്ക്കോ കേടുപാടുകള്‍ സംഭവിച്ചാലോ വെള്ളം കയറിയാലോ പോളിസി വ്യവസ്ഥകള്‍ക്ക് വിധേയമായി നിര്‍മ്മാണച്ചെലവുകള്‍ക്ക് ഈ കവര്‍ സഹായിക്കും.

കണ്ടന്റ്‌സ് കവര്‍: വീടിനുള്ളിലെ സാധനങ്ങള്‍ക്കുള്ള പരിരക്ഷയാണിത്. വെള്ളപ്പൊക്കമോ മറ്റോ കാരണം ഫര്‍ണിച്ചറുകള്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക് സാധനങ്ങള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ ഈ പോളിസി വഴി നഷ്ടപരിഹാരം ലഭിക്കും. സ്വന്തമായി വീടുള്ളവര്‍ക്ക് ഈ രണ്ട് കവറുകളും ഒരുമിച്ച് എടുക്കാം. എന്നാല്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് കണ്ടന്റ്‌സ് കവര്‍ മാത്രമേ എടുക്കാനും സാധിക്കൂ.

അധിക പരിരക്ഷകള്‍

വിലപിടിപ്പുള്ള സാധനങ്ങള്‍ക്കുള്ള പരിരക്ഷ: വിലപിടിപ്പുള്ള ആഭരണങ്ങള്‍, കലാസൃഷ്ടികള്‍, പുരാവസ്തുക്കള്‍ എന്നിവയുള്ള വീടുകള്‍ക്ക് അവയുടെ മുന്‍കൂട്ടി നിശ്ചയിച്ച മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാം.

താല്‍ക്കാലിക താമസത്തിനുള്ള വാടക: വെള്ളപ്പൊക്കമോ ഉരുള്‍പൊട്ടലോ ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 'റെന്റ് ഫോര്‍ ആള്‍ട്ടര്‍നേറ്റീവ് അക്കോമഡേഷന്‍' എന്ന കവര്‍ പരിഗണിക്കാം. വീടിന് കേടുപാടുകള്‍ സംഭവിച്ച് അറ്റകുറ്റപ്പണികള്‍ നടക്കുന്ന സമയത്ത് മറ്റൊരു സ്ഥലത്ത് വാടകയ്ക്ക് താമസിക്കാനുള്ള ചിലവുകള്‍ ഈ പോളിസി വഴി ലഭിക്കും.

PREV
Read more Articles on
click me!

Recommended Stories

ജീവിതകാലം മുഴുവൻ വാടകക്കാരനായി തുടരേണ്ടി വരുമെന്ന് പേടിയുണ്ടോ? സമ്പന്നനാകാൻ ചില 'സ്മാർട്ട്' സാമ്പത്തിക ശീലങ്ങൾ!
അടിയന്തര ആവശ്യങ്ങൾക്കുള്ള പണം ഒരൊറ്റയിടത്ത് മാത്രം നിക്ഷേപിക്കരുത്! സ്മാർട്ടായി പണം സൂക്ഷിക്കാൻ വഴികൾ