
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിൽ പ്രതികരിച്ച് സിപിഎം നേതാവ് പി കെ ശ്രീമതി. രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണം. ആരോപണങ്ങൾ അതീവ ഗൗരവതരമാണ്. മുകേഷിനെതിരായ ആരോപണവും ഇതും ഒരുപോലെ അല്ല. വേറെയും കോൺഗ്രസ് നേതാക്കൾക്ക് എതിരെ ആരോപണം വന്നപ്പോൾ എംഎൽഎ സ്ഥാനം രാജിവയ്ക്കണം എന്ന് പറഞ്ഞിട്ടില്ല. ഷാഫിയും, വി ടി ബൽറാമും മറുപടി പറയണമെന്നും പി കെ ശ്രീമതി. മറ്റെല്ലാ വിഷയത്തിലും അഭിപ്രായം പറയുന്നവരാണ് ഇരുവരുമെന്നും പി കെ ശ്രീമതി കുറ്റപ്പെടുത്തി.
അതേ സമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ പരാതികളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാധ്യമങ്ങളോട് സംസാരിക്കവേ ആയിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന. സംഘടനാ ചുമതലയിൽ നിന്ന് മാറ്റിയത് ആദ്യപടിയാണെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി. പരാതികള്‍ ഗൗരവത്തോടെ പരിശോധിക്കും. പരാതിക്കാരായ സ്ത്രീകളെ ആക്രമിച്ചാൽ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പരാതിക്കാരിക്കെതിരെയുള്ള വി കെ ശ്രീകണ്ഠന്റെ പ്രസ്താവന പൊളിറ്റിക്കലി ഇൻകറക്റ്റാണെന്നും സതീശൻ ചൂണ്ടിക്കാട്ടി. പരാമർശം നടത്തിയതിന് പിന്നാലെ ശ്രീകണ്ഠനെ വിളിച്ചിരുന്നു. ഉടൻ അത് തിരുത്തുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിയെ ഉപയോഗിച്ച് മാർച്ച് നടത്തുന്നവർ കോഴിഫാം നടത്തുന്നവരാണ്. രാഹുൽ രാജിവെച്ചതോ വെപ്പിച്ചതോ എന്ന ചോദ്യത്തിന് അത് സാങ്കേതികം മാത്രം എന്ന മറുപടിയാണ് പ്രതിപക്ഷ നേതാവ് നൽകിയത്. രാഹുലിന് എതിരെ നടപടി ഉണ്ടാകുമെന്ന് താൻ പറഞ്ഞതാണ്. എംഎൽഎ സ്ഥാനം രാജിവെക്കുമോ എന്ന് ചോദ്യത്തിന് ആരോപണ വിധേയർ എത്രപേർ രാജി വെച്ചിട്ടുണ്ട് എന്നും പ്രതിപക്ഷ നേതാവ് മറുചോദ്യമുന്നയിച്ചു.