വിലയിൽ മാറ്റം വരുത്താതെ ഉൽപ്പന്നങ്ങളുടെ അളവ് കുറയ്ക്കുന്ന സാമ്പത്തിക തന്ത്രമാണ് ഷ്രിങ്ക്ഫ്ലേഷൻ. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം പോലുള്ള കാരണങ്ങളാൽ കമ്പനികൾ ഈ മാർഗ്ഗം സ്വീകരിക്കുമ്പോൾ, അത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ കാര്യമായി ബാധിക്കുന്നു.
നമ്മുടെ കുട്ടിക്കാലത്തൊക്കെ 10 രൂപക്ക് കിട്ടിക്കൊണ്ടിരുന്ന ഒരു ബിസ്കറ്റ് പാക്കറ്റിന്റെ വലിപ്പം ഇപ്പോൾ പകുതിയോളം കുറഞ്ഞത് ശ്രദ്ധിക്കാതെ പോയ ആരെങ്കിലുമുണ്ടോ? അതായത് ഇവിടെ വിലയിൽ മാറ്റമില്ല. എന്നാൽ, അതിന്റെ അളവ് ചുരുങ്ങിച്ചുരുങ്ങി വന്നു അല്ലേ. വില കൂടാതെ, അളവ് കുറച്ച് ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഈ സാമ്പത്തിക തന്ത്രത്തെയാണ് ഷ്രിങ്ക്ഫ്ലേഷൻ (Shrinkflation) എന്ന് പറയുന്നത്. പണപ്പെരുപ്പത്തിന്റെ ഒരു സബ് ടേം ആയിത്തന്നെ ഇതിനെയും സാമ്പത്തിക വിദഗ്ദർ അടയാളപ്പെടുത്തുന്നുണ്ട്. ഷ്രിങ്ക്ഫ്ലേഷനെക്കുറിച്ച് കൂടുതൽ കാര്യങ്ങളറിയാം...
ചുരുങ്ങുക എന്നർത്ഥമുള്ള Shrink എന്ന വാക്കും, വിലക്കയറ്റം എന്നർത്ഥമുള്ള Inflation എന്ന വാക്കും കൂട്ടിച്ചേർത്താണ് Shrinkflation എന്ന ടേം തന്നെ ഉണ്ടായിട്ടുള്ളത്. സാധാരണയായി, ഉപഭോക്താക്കൾക്ക് നൽകുന്ന പ്രൊഡക്ടിന് എപ്പോഴും വില കൂട്ടുക എന്ന മാർഗം അത്ര പ്രായോഗികമല്ല. വില ഇടക്കിടെ കൂട്ടുന്നത് ഉപഭോക്താക്കളുടെ ഇടയിലും ബ്രാന്റിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന ഒരു കാര്യമാണ്. കൂടാതെ, മിഡിൽ ക്ലാസിന് താഴേക്ക് വരുമാനമുള്ള കുടുംബങ്ങൾക്ക് ഇത് അഫോർഡ് ചെയ്യാനും ബുദ്ധിമുട്ടാണ്ടാകും. ഇന്ത്യയിലെ, ഭൂരിഭാഗം വരുന്ന കസ്റ്റമേഴ്സിനെ ഇത് ബാധിക്കുമെന്ന് സാരം.
ഇവിടെയാണ് Shrinkflation ന്റെ കടന്നു വരവ്. സാധാരണയായി വിലക്കയറ്റമുണ്ടാകുമ്പോൾ സാധനങ്ങളുടെ വിലയും ഉയരുമെന്ന് നമുക്കറിയാം. എന്നാൽ Shrinkflation ൽ വില കൂടുന്നതിന് പകരം, ഉൽപ്പന്നത്തിന്റെ അളവ് അല്ലെങ്കിൽ ഭാരം കുറയ്ക്കുകയാണ് ചെയ്യുന്നത്. ഇവിടെ, നിങ്ങൾക്ക് പഴയ വില തന്നെ നൽകി സാധനം മേടിക്കാം. എന്നാൽ, ലഭിക്കുന്ന സാധനത്തിന്റെ അളവ് കുറയും. 100 ഗ്രാമിന്റെ ബിസ്കറ്റ് പാക്കറ്റിന്റെ തൂക്കം പതിയെപ്പതിയെ 50 ഗ്രാം ആകുന്നതും, ചോക്ലേറ്റ് ബാറിന്റെ വലിപ്പം കുറയുന്നതുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ബിസ്ക്കറ്റ്, ചോക്ലേറ്റ്, മറ്റ് സ്നാക്ക്സ്, സോപ്പ്, ഷാംപൂ, ഡിറ്റർജന്റ്, ടൂത്ത്‌പേസ്റ്റ്, പാക്ക് ചെയ്തുവരുന്ന വെളിച്ചെണ്ണ, അരി, പഞ്ചസാര, കാപ്പി, ചായപ്പൊടി തുടങ്ങിയവയിലൊക്കെ വർഷങ്ങളെടുത്ത് നോക്കിയാൽ ഈ മാറ്റം സിംപിളായി കാണാൻ പറ്റും.
ഇനി Shrinkflationലേക്ക് കമ്പനികളെ എത്തിക്കുന്ന കാരണങ്ങൾ നോക്കാം. അസംസ്കൃത വസ്തുക്കളുടെ വില കൂടുമ്പോൾ കമ്പനികൾക്ക് ഉൽപ്പാദനം ചെലവേറിയതായിത്തീരും. ഇന്ധനവില ഉയരുന്നത് ട്രാൻസ്പോർട്ടേഷനുമായി ബന്ധപ്പെട്ട ചെലവ് വർധിപ്പിക്കുന്നു. ആഗോള വിപണികളിലെ പ്രതിസന്ധികളും ഇതിന് കാരണമായേക്കാം. യുദ്ധം, പാൻഡെമിക്, തുടങ്ങിയവ കാരണങ്ങൾ Shrinkflationലേക്ക് നയിക്കുന്നു. ഇങ്ങനെയൊക്കെ ആയാലും വില കൂട്ടിയാൽ ആളുകൾ ഉൽപ്പന്നങ്ങൾ വാങ്ങുന്നത് കുറക്കുമെന്ന് കമ്പനികൾക്ക് ബോധ്യം ഉള്ളതു കൊണ്ടും അളവ് കുറയ്ക്കുന്നത് സുരക്ഷിത മാർഗമായി കമ്പനികൾ കണക്കാക്കുന്നു.
സാധാരണക്കാരെയാണ് വിലക്കയറ്റം ഏറ്റവും കൂടുതൽ ബാധിക്കുകയെന്ന് നമുക്കറിയാം. നിത്യോപയോഗ സാധനങ്ങളുടെയടക്കം അളവ് കുറയുന്നത് സാധനങ്ങൾ വേഗത്തിൽ തീരുന്നതിനും കൂടുതൽ തവണ വാങ്ങേണ്ടി വരുന്നതിനും കാരണമാകും. ഇത് കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്നതിലേക്കടക്കം നയിക്കുന്നു.
ഇനി, Shrinkflation ആഗോള തലത്തിൽ വളരെ കോമൺ ആയി സംഭവിക്കുന്ന ഒന്നാണ്. കമ്പനികൾ അവരുടെ ഉൽപ്പന്നങ്ങളുടെ അളവ് ഇത്തരത്തിൽ കുറക്കുന്നത് നിയമവിരുദ്ധമായൊന്നും കണക്കാക്കുന്നില്ല. എന്നാൽ, കമ്പനികൾ പാക്കജിംഗിൽ കൃത്യമായി അളവ് മെൻഷൻ ചെയ്തിരിക്കണമെന്ന വ്യവസ്ഥയുണ്ട്. അതായത്, ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് കമ്പനിയുടെ പാക്കേജിംഗ് എങ്കിൽ ഉപഭോക്തൃ കോടതികളിലടക്കം നമുക്ക് പരാതിപ്പെടാനാകും. പല സ്നാക്ക് പാക്കറ്റുകളിലും ഈ കാറ്റ് കയറ്റുന്നത് വെറുതെയല്ലെന്ന് മനസിലായല്ലോ...!


