മാനസിക സമ്മർദ്ദം അനുഭവപ്പെടുമ്പോൾ ആശ്വാസത്തിനായി പണം ചെലവഴിക്കുന്ന ശീലമാണ് സ്ട്രെസ് സ്പെൻഡിംഗ്. ഈ ശീലം താൽക്കാലിക സന്തോഷം നൽകുമെങ്കിലും പിന്നീട് സാമ്പത്തിക ബാധ്യതകളിലേക്കും കൂടുതൽ സമ്മർദ്ദത്തിലേക്കും നയിച്ചേക്കാം.

സ്ട്രെസ് അല്ലെങ്കിൽ മാനസിക സമ്മ‍‍‍ർദ്ദമെന്ന വാക്ക് ഇന്ന് വളരെ കോമൺ ആയി യുവാക്കൾ ഉപയോഗിച്ചു വരുന്ന ഒന്നാണ്. സാമ്പത്തികമായി വരുന്ന സമ്മർദ്ദം മാത്രമല്ല, ജോലി, പഠനം, കുടുംബ പ്രശ്നങ്ങൾ, സാമൂഹികമായ പ്രശ്നങ്ങൾ, അല്ലെങ്കിൽ വ്യക്തിപരമായ എന്തെങ്കിലും ആശങ്കകൾ തുടങ്ങിയവയെല്ലാം ഇതിൽപ്പെടും. നമ്മുടെ നിത്യജീവിതത്തെ ഈ സ്ട്രെസ് വല്ലാതെ ബാധിക്കാൻ തുടങ്ങുമ്പോൾ പലരും മെഡിക്കൽ ഹെൽപ് എടുക്കാറുണ്ട്. എന്നാൽ ചിലരെങ്കിലും ഇതിനെ മാനേജ് ചെയ്യാൻ അവരുടേതായ ഒരു മെക്കാനിസം കണ്ടെത്തുന്നു. ചിലർക്ക് ഇത് സ്ട്രെസ് ഈറ്റിംഗ് ആണെങ്കിൽ ചിലർ ഗാർ‍ഡനിംഗ് പോലെയുള്ള ഹോബികളിലേക്ക് തിരിയും. എന്നാൽ, മറ്റു ചിലരെ ഈ സ്ട്രെസ് അനാവശ്യമായി ഷോപ്പിംഗ് നടത്താനും പ്രേരിപ്പിക്കും. ഇതിനെ Stress Spending എന്ന് വിളിക്കാം. അതായത്, മാനസിക സമ്മർദ്ദം, വിഷമം, നിരാശ, ക്ഷീണം എന്നിവ അനുഭവപ്പെടുമ്പോൾ അതിൽ നിന്ന് താൽക്കാലിക ആശ്വാസം നേടാൻ ആളുകൾ പണം ചെലവാക്കുന്നതാതിനെ Stress Spending എന്ന് പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

സാധാരണത്തേതിൽ നിന്ന് വ്യത്യസ്തമായി, ആവശ്യങ്ങൾക്കായല്ല മൂഡ് മെച്ചപ്പെടുത്തലാണ് ഇതിന്റെ ലക്ഷ്യം. ഇതിന് നമുക്കോ നമ്മുക്കറിയാവുന്ന ആളുകളോ ആയി റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരുപാട് ഉദാഹരണങ്ങളുണ്ട്. വിഷമം വരുമ്പോൾ ഓൺലൈൻ ഷോപ്പിംഗ് ചെയ്യുക, ജോലിസമ്മർദ്ദം കാരണം പുറത്തുനിന്ന് ഭക്ഷണം ഓർഡർ ചെയ്യുക, ഡൾ ആയി ഇരിക്കുമ്പോൾ പുതിയ ഗാഡ്ജറ്റുകൾ വേണമെന്ന് തോന്നുക, എന്തിനധികം പറയുന്നു ഒരു ചേഞ്ച് വേണമെന്ന തോന്നുമ്പോൾ എന്നാൽ പോയി എന്ന് മുടി വെട്ടിയേക്കാമെന്ന് തോന്നുന്നതടക്കം സ്ട്രെസ് സ്പെൻഡിംഗിൽ വരും.

നേരത്തെ പറഞ്ഞ ഒരു ഡൾ മൂഡിൽ ഇങ്ങനെ നമ്മുടെ ഇഷ്ടങ്ങൾക്കനുസരിച്ച് പണം സ്പെൻഡ് ചെയ്യുമ്പോൾ തലച്ചോറിൽ ഡോപ്പമിൻ പോലുള്ള ഹാപ്പി ഹോർമോൺസ് റിലീസ് ആകുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് കൊണ്ടാണ് ചിലർക്ക് ഒരു ഫീൽ ഗുഡ് അനുഭവം ലഭിക്കുന്നത്. അങ്ങനെ ചെറിയ മൂഡ് പ്രശ്നങ്ങൾ വരുമ്പോൾ ഇത്തരം മാർഗങ്ങളിൽ ഏതെങ്കിലും പ്രയോഗിക്കുന്നവരാണ് നമ്മളിൽ മിക്കവരും.

എന്നാൽ, ഇതിന് മറ്റൊരു വലിയ അപകട വശം കൂടിയുണ്ട്. വലിയ പർച്ചേസോ ഷോപ്പിംഗോ ഒക്കെ നടത്തേണ്ടത് വളരെ ആലോചിച്ചെടുക്കേണ്ട ഒരു തീരുമാനമാണ്. എന്നാൽ, ഇത്തരം സന്ദർഭങ്ങളിൽ അത്തരത്തിലുള്ള വിവേചന ബുദ്ധിയെന്നും പലരും കാണിക്കാറില്ല. ആവശ്യമില്ലാതെ സാധനങ്ങൾ വാങ്ങിക്കൂട്ടുകയും പിന്നീട് അതിൽ കുറ്റബോധം തോന്നുകയും ചെയ്യും. പണം ഇല്ലാത്ത സാഹചര്യത്തിൽ കുറച്ചു നേരത്തെ സന്തോഷത്തിന് വേണ്ടി കണക്കില്ലാതെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരും കുറവല്ല. ഇപ്പോൾ ഈ സാധനം വാങ്ങിയാൽ സന്തോഷം വരുമെന്ന തോന്നലിന് പിന്നാലെ പോയി, പലപ്പോഴും ചെലവ് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലേക്കും നമ്മളെത്തും.

പിന്നീട് സ്ട്രെസ് കുറക്കാൻ വേണ്ടി ഷോപ്പ് ചെയ്തിട്ട്, അതിന്റെ കൂടെ എക്സ്ട്രാ സ്ട്രെസ് നമ്മളെടുക്കേണ്ടിയും വരും. കൂടാതെ ഇത് ഒരു ശീലമായാൽ അത് വലിയ ബാധ്യതയിലേക്കും നമ്മളെ തള്ളിയിടും. ഈ അധിക ചെലവ് നമ്മുടെ കുടുംബ ബന്ധങ്ങളിൽ വരെ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും.

ഇനി സ്ട്രെസ് സ്പെൻഡിംഗ് കുറക്കാൻ ചില്ലറ മാ‍ർഗങ്ങൾ നോക്കാം. ചെലവിലൂടെ പരിഹരിക്കേണ്ടതല്ല ഒരു പ്രശ്നവും പ്രതിസന്ധിയുമെന്ന് മനസിനെപ്പറഞ്ഞ് പഠിപ്പിക്കലാണ് ആദ്യ പടി. പിന്നീട് 7 ഡേ റൂൾ നടപ്പാക്കാം. നിങ്ങളൊരു സാധനം വാങ്ങണമെന്ന് വിചാരിച്ചാൽ, 7 ദിവസം കാത്തിരിക്കുക. 7 ദിവസം കഴിഞ്ഞും അത് അത്യാവശ്യമാണെന്ന് തോന്നുന്നുണ്ടെങ്കിൽ മാത്രം അത് വാങ്ങിക്കാം. ഇത് ഇമ്പൾസ് സ്പെൻഡിംഗ് കുറക്കാൻ സഹായിക്കുന്നു. മാസം കൃത്യമായി ബജറ്റിംഗ് നടത്തുന്നതും ഈ അനാവശ്യ ചെലവിനെ അകറ്റി നിർത്തും. അപ്പോൾ, സ്ട്രെസ് വരുമ്പോ ഇനി ആദ്യം പേഴ്സോ, ഫോണിൽ പേയ്മെന്റ് ആപ്പുകളോ തപ്പാതിരിക്കുക..