റിട്ടയ‍‌ർമെന്റിന് ശേഷം വിശ്രമജീവിതത്തിന് 40 കോടി രൂപ കരുതണോ? കേള്‍ക്കുമ്പോള്‍ ഞെട്ടേണ്ട, കണക്കുകള്‍ ഇങ്ങനെ!

Published : May 01, 2026, 05:04 PM IST
Retirement Life

Synopsis

മെട്രോ നഗരങ്ങളിൽ വിരമിച്ച ശേഷം ജീവിക്കാൻ 40 കോടി രൂപ വേണ്ടിവരുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. ഉയർന്ന പണപ്പെരുപ്പം, വർധിച്ച ആയുർദൈർഘ്യം എന്നിവയാണ് ഇതിന് കാരണം. എന്നാൽ, ജീവിതശൈലിയും താമസസ്ഥലവും അനുസരിച്ച് ഈ തുകയിൽ മാറ്റം വരും. നേരത്തെ നിക്ഷേപം തുടങ്ങേണ്ടതും പ്രധാനമാണ്. 

ജോലിയില്‍ നിന്ന് വിരമിച്ച ശേഷം സമാധാനമായി ജീവിക്കാന്‍ എത്ര രൂപ സമ്പാദ്യമായി വേണം? സാധാരണക്കാരോട് ചോദിച്ചാല്‍ ഒരുപക്ഷേ 'ഒരു കോടി' എന്നാകും മറുപടി. എന്നാല്‍, വന്‍നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജീവിക്കാന്‍ 40 കോടി രൂപയെങ്കിലും റിട്ടയര്‍മെന്റ് ഫണ്ടായി വേണ്ടിവരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമെന്ന് തോന്നാമെങ്കിലും ഇതിനു പിന്നിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ആരും ഒന്ന് ചിന്തിച്ചുപോകും. പ്രമുഖ വെല്‍ത്ത് മാനേജ്മെന്റ് സ്ഥാപനമായ 'ഡിസെര്‍വ്' സഹസ്ഥാപകന്‍ സന്ദീപ് ജെത്വാനിയാണ് ഈ 'ബിഗ് നമ്പറി'ന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയത്.

എന്തുകൊണ്ട് 40 കോടി?

നിലവില്‍ ഒരു മെട്രോ നഗരത്തില്‍ മാസം 1 മുതല്‍ 2 ലക്ഷം രൂപ വരെ ചെലവുള്ള ഒരു കുടുംബത്തിന്റെ കണക്കാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. സ്വന്തം വീട്, കാര്‍ എന്നിവ ഒഴിവാക്കിയുള്ള ജീവിതച്ചെലവ് മാത്രമാണിത്. ഇതില്‍ പ്രധാനമായും മൂന്ന് ഘടകങ്ങളാണ് വില്ലനാകുന്നത്:

1. പണപ്പെരുപ്പം

നമ്മള്‍ സാധാരണ കേള്‍ക്കുന്ന 5-6% പണപ്പെരുപ്പമല്ല ജീവിതശൈലിയില്‍ സംഭവിക്കുന്നത്. നഗരങ്ങളില്‍ ഇത് ഏകദേശം 9% ആണ്. ചികിത്സാ ചെലവാകട്ടെ വര്‍ഷംതോറും 12-14% വര്‍ധിക്കുന്നു. വീട്ടുജോലിക്കാരുടെ ശമ്പളം 10-12%വരെ കൂടുന്നുണ്ട്. യാത്രക്കും മറ്റ് വിനോദങ്ങൾക്കുമായി ചെലവിൽ 8-10% വര്‍ധനവ് ഉണ്ടായേക്കും. ഇന്ന് മാസം 2 ലക്ഷം രൂപ ചെലവാക്കുന്ന ഒരാള്‍ക്ക് 20 വര്‍ഷം കഴിയുമ്പോള്‍ (അതായത് 60-ാം വയസ്സില്‍) അതേ ജീവിതനിലവാരം പുലര്‍ത്താന്‍ മാസം 11.2 ലക്ഷം രൂപ വേണ്ടിവരും. അതായത് വര്‍ഷം ഏകദേശം 1.34 കോടി രൂപ!

2. ആയുര്‍ദൈര്‍ഘ്യം

ആരോഗ്യരംഗത്തെ പുരോഗതി കാരണം ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചിട്ടുണ്ട്. 60 ല്‍ വിരമിച്ചാലും 85 അല്ലെങ്കില്‍ 90 വയസ് വരെ ജീവിച്ചിരിക്കാന്‍ സാധ്യതയുണ്ട്. അതായത് 30 വര്‍ഷത്തെ ജീവിതത്തിന് വലിയൊരു തുക കരുതി വെക്കേണ്ടി വരും. 40 കോടി രൂപ എന്ന് കേള്‍ക്കുമ്പോള്‍ വലിയ തുകയായി തോന്നുമെങ്കിലും കൃത്യമായ നിക്ഷേപത്തിലൂടെ ഇത് സാധ്യമാണ്. 12% വാര്‍ഷിക ലാഭം കിട്ടുന്ന രീതിയില്‍ നിക്ഷേപിച്ചാല്‍, 20 വര്‍ഷം കഴിഞ്ഞ് ലഭിക്കേണ്ട 40 കോടി എന്നത് ഇന്നത്തെ മൂല്യത്തില്‍ ഏകദേശം 4 മുതൽ 5 കോടി രൂപയ്ക്ക് തുല്യമാണ്. അതായത് നേരത്തെ നിക്ഷേപം തുടങ്ങി കൂട്ടുപലിശയുടെ ഗുണം പ്രയോജനപ്പെടുത്തിയാല്‍ ഈ ലക്ഷ്യത്തിലെത്താമെന്ന് സാരം.

എല്ലാവര്‍ക്കും 40 കോടി വേണോ?

ഈ കണക്കിനോട് എല്ലാ വിദഗ്ധരും പൂര്‍ണമായി യോജിക്കുന്നില്ല. ജീവിതശൈലിയും താമസിക്കുന്ന സ്ഥലവും അനുസരിച്ച് ഈ തുകയില്‍ മാറ്റം വരും. മെട്രോ നഗരങ്ങളായ മുംബൈ, ദില്ലി തുടങ്ങിയ ഇടങ്ങളില്‍ ഉയര്‍ന്ന തുക തന്നെ വേണ്ടിവരും. ചെറിയ നഗരങ്ങള്‍/ഗ്രാമങ്ങളിൽ ജീവിതച്ചെലവ് പൊതുവേ കുറവായതിനാല്‍ 1.5 മുതല്‍ 2 കോടി രൂപ വരെ റിട്ടയര്‍മെന്റ് ഫണ്ട് ഉണ്ടെങ്കില്‍ തന്നെ ജീവിക്കാന്‍ സാധിക്കും. റിട്ടയര്‍മെന്റ് പ്ലാനിംഗ് എന്നത് വെറുമൊരു സംഖ്യയല്ല. ഓരോരുത്തരുടെയും ആവശ്യങ്ങളും താമസിക്കുന്ന സ്ഥലവും ചികിത്സാ സൗകര്യങ്ങളും കണക്കിലെടുത്ത് വേണം നിക്ഷേപം തുടങ്ങാന്‍. നേരത്തെ തുടങ്ങുക, കൃത്യമായി നിക്ഷേപിക്കുക എന്നതാണ് ഇതിലെ വിജയമന്ത്രം.

PREV
Read more Articles on
click me!

Recommended Stories

നികുതി ഭാരം കുറയ്ക്കാം, സമ്പാദ്യം വര്‍ദ്ധിപ്പിക്കാം: 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം
ഇന്‍ഷുറന്‍സ് പോളിസികൾക്ക് ആശ്വാസമായി വിധി! ക്ലെയിം അപേക്ഷ നല്‍കാന്‍ വൈകിയോ? തുക നിഷേധിക്കാനാവില്ലെന്ന് കോടതി