കറന്റ് ബില്ലടിച്ച് പോക്കറ്റ് കീറേണ്ട! ഇനി വൈദ്യുതി ബില്ലില്ലാതെ ജീവിക്കാം, 40- 60 ശതമാനം സബ്സിഡിയിൽ കേന്ദ്രത്തിന്റെ സോളാർ പദ്ധതി

Published : May 16, 2026, 02:32 PM IST
Rooftop Solar Panel

Synopsis

കേന്ദ്ര സർക്കാരിന്റെ പിഎം സൂര്യ ഘർ മുഫ്ത് ബിജ്ലി യോജന വഴി വീടുകളിൽ റൂഫ്‌ടോപ്പ് സോളാർ സ്ഥാപിച്ച് 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നേടാം. ഈ പദ്ധതി പ്രകാരമുള്ള സബ്‌സിഡി, സോളാർ സ്ഥാപിക്കാനുള്ള ചിലവ്, മുടക്കുമുതൽ എത്ര കാലം കൊണ്ട് തിരിച്ചുപിടിക്കാം എന്നിവയെക്കുറിച്ച് വിശദമായി നോക്കാം. 

വീട്ടിലെ വൈദ്യുതി ബില്ല് കണ്ട് കണ്ണ് തള്ളുന്നവർക്ക് വലിയൊരാശ്വാസമാണ് കേന്ദ്ര സർക്കാരിന്റെ പ്രധാന പദ്ധതിയായ പിഎം സൂര്യ ഘർ മുഫ്ത് ബിജ്ലി യോജന. വീടുകളിൽ റൂഫ്‌ടോപ്പ് സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിലൂടെ പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. സോളാർ പ്ലാന്റുകൾ ചിലവേറിയതാണെന്ന ധാരണയും നമ്മളിൽ പലർക്കുമുണ്ട്. എന്നാൽ, ഈ പദ്ധതി വഴി സോളാർ സ്ഥാപിക്കാൻ എത്ര രൂപ ചിലവാകും? മുടക്കുമുതൽ എപ്പോൾ മുതൽ തിരിച്ചുപിടിക്കാം? പദ്ധതിയുടെ സാമ്പത്തിക വശങ്ങൾ എങ്ങനെയായിരിക്കും? നോക്കാം..

സബ്‌സിഡി ലഭിക്കും

ഇന്ത്യയിൽ നിലവിൽ ഒരു കിലോവാട്ട് (1 kW) സോളാർ സിസ്റ്റം സ്ഥാപിക്കാൻ സബ്‌സിഡിക്ക് മുൻപ് ഏകദേശം 60,000 രൂപ മുതൽ 80,000 രൂപ വരെയാണ് ചെലവ് വരുന്നത്. എന്നാൽ പിഎം സൂര്യ ഘർ പദ്ധതിക്ക് കീഴിൽ വലിയ തുകയാണ് കേന്ദ്ര സർക്കാർ സബ്‌സിഡിയായി നൽകുന്നത്.

1 kW സിസ്റ്റം: 30,000 രൂപ വരെ സബ്‌സിഡി

2 kW സിസ്റ്റം: 60,000 രൂപ വരെ സബ്‌സിഡി

3 kW സിസ്റ്റം: 78,000 രൂപ വരെ സബ്‌സിഡി

3 കിലോവാട്ടിന് മുകളിലുള്ള സിസ്റ്റങ്ങൾക്കും പരമാവധി സബ്‌സിഡി തുക 78,000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. സിസ്റ്റത്തിന്റെ വലിപ്പമനുസരിച്ച് ആകെ ചിലവിന്റെ 40% മുതൽ 60% വരെ സബ്‌സിഡിയായി ലഭിക്കും. സോളാർ പാനലുകൾ സ്ഥാപിച്ച് പരിശോധന പൂർത്തിയാകുന്നതോടെ സബ്‌സിഡി തുക ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തുന്നതാണ് ഇതിന്റെ രീതി.

മുടക്കുമുതൽ എപ്പോൾ തിരിച്ചുപിടിക്കാം?

നിങ്ങൾ സോളാറിനായി മുടക്കുന്ന തുക എത്ര വർഷം കൊണ്ട് ലാഭത്തിലൂടെ തിരിച്ചുപിടിക്കാം എന്നത് പ്രധാനമായും മൂന്ന് കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ആദ്യത്തേത് നിങ്ങളുടെ വീട്ടിലെ ബില്ലുമായി ഇത്ബന്ധപ്പെട്ടിരിക്കുന്നു. മറ്റൊന്ന് നിങ്ങളുടെ പ്രദേശത്ത് ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ അളവാണ്. ചൂട് കൂടിയതും സൂര്യപ്രകാശം നല്ലപോലെ ലഭിക്കുന്ന സ്ഥലമാണ് നിങ്ങളുടേതെങ്കിൽ എളുപ്പം മുടക്കിയ പണം തിരിച്ചു കിട്ടും. സ്ഥാപിക്കുന്ന സോളാർ സിസ്റ്റത്തിന്റെ വലിപ്പവും ഇതിനെ ആശ്രയിച്ചിരിക്കുന്നു.

ഉദാഹരണത്തിന് ഒരു കുടുംബം 3 kW സോളാർ സിസ്റ്റം സ്ഥാപിക്കാൻ 1.8 ലക്ഷം രൂപ ചിലവഴിക്കുന്നു എന്ന് കരുതുക. കേന്ദ്ര സർക്കാരിന്റെ 78,000 രൂപ സബ്‌സിഡി കൂടെ കഴിഞ്ഞ് കൈയിൽ നിന്ന് പോകുന്ന തുക 1.08 ലക്ഷം രൂപയാണ്. ഈ വീടിന് പ്രതിമാസം 900 യൂണിറ്റ് വൈദ്യുതി ഉപയോഗവും ശരാശരി യൂണിറ്റിന് 8 രൂപ നിരക്കിൽ 7,200 രൂപ ബില്ലും വരുന്നുണ്ടെന്ന് കരുതുക. ഒരു 3 kW സോളാർ സിസ്റ്റത്തിന് പ്രതിമാസം 250 മുതൽ 300 യൂണിറ്റ് വരെ വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കും. ശരാശരി 275 യൂണിറ്റ് ഉത്പാദനം കണക്കാക്കിയാൽ പോലും പ്രതിമാസം ബില്ലിൽ 2,200 രൂപയുടെ ലാഭമുണ്ടാകും. വർഷക്കണക്കെടുത്താൽ ഇത് ഏകദേശം 26,400 രൂപയോളം വരും. ഈ കണക്ക് പ്രകാരം, 4 വർഷവും 1 മാസവും കൊണ്ട് (Rs 26,400 x 4 Years 1 Month = Rs 1.08 Lakh) സോളാർ സ്ഥാപിക്കാൻ കൈയിൽ നിന്ന് മുടക്കിയ 1.08 ലക്ഷം രൂപ പൂർണ്ണമായും തിരിച്ചുപിടിക്കാൻ സാധിക്കും.

PREV
Read more Articles on
click me!

Recommended Stories

വാഹനത്തിന് എണ്ണയടിച്ച് പോക്കറ്റ് കാലിയാക്കേണ്ട! ഇന്ധന വില വല്ലാതെ വലയ്ക്കാതിരിക്കാൻ നമുക്കും ചെയ്യാം ചില്ലറക്കാര്യങ്ങൾ
എളുപ്പത്തിൽ കാശ് കിട്ടാൻ എല്ലാവരും തേടുന്ന വഴി; 'പണി' കിട്ടാതിരിക്കാൻ സൂക്ഷിക്കുക; സ്വർണപ്പണയത്തെ കുറിച്ച് അറിയേണ്ടത്