
എൻആർഐകൾക്ക് ആർബിഐ നേരത്തെ പ്രഖ്യാപിച്ച ഇളവുകൾക്ക് പിന്നാലെ ഡോളർ നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ കൂട്ടി പ്രമുഖ ബാങ്കുകൾ. എൻആർഐകൾക്കായുള്ള എഫ്സിഎൻആർ(ബി) [FCNR(B)] ഡോളർ നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ ആണ് കുത്തനെ വർദ്ധിപ്പിച്ചിരിക്കുന്നത്. വിദേശനാണ്യ നിക്ഷേപം രാജ്യത്തേക്ക് ആകർഷിക്കുന്നതിനായി റിസർവ് ബാങ്ക് (RBI) പ്രഖ്യാപിച്ച പുതിയ ഡോളർ സ്വാപ്പ് സൗകര്യത്തിന് (Dollar swap facility) പിന്നാലെയാണിത്. 300 മുതൽ 350 ബേസിസ് പോയിന്റ് വരെയുള്ള വൻ വർദ്ധനവാണ് ബാങ്കുകൾ വരുത്തിയിരിക്കുന്നത്. ഇതോടെ ചില ബാങ്കുകളിൽ മൂന്ന് മുതൽ അഞ്ച് വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.6 ശതമാനം വരെ പലിശ ലഭിക്കും. നേരത്തെ ഇത് വെറും 3 മുതൽ 3.5 ശതമാനം വരെ മാത്രമായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), ബാങ്ക് ഓഫ് ബറോഡ, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളെല്ലാം വിദേശ മലയാളി ഉൾപ്പെടെയുള്ള എൻആർഐകളെ ലക്ഷ്യമിട്ട് നിരക്കുകൾ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.
യെസ് ബാങ്ക്
നിലവിൽ, ഇതിൽ വിപണിയിൽ ഏറ്റവും ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത് യെസ് ബാങ്കാണ് (Yes Bank). 5 വർഷത്തെ ഡോളർ നിക്ഷേപങ്ങൾക്ക് യെസ് ബാങ്കിൽ 6.6% പലിശ ലഭിക്കും. 3 മുതൽ 4 വർഷം വരെയുള്ള കാലാവധിക്ക് 6.5 ശതമാനവും, 4 മുതൽ 5 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.55 ശതമാനവുമാണ് ബാങ്ക് നൽകുന്നത്.
കൊട്ടക് മഹിന്ദ്ര ബാങ്ക്
ഒരു മില്യൺ (10 ലക്ഷം) ഡോളറിന് മുകളിലുള്ള 3-5 വർഷത്തെ നിക്ഷേപങ്ങൾക്ക് 6.15 ശതമാനവും, അതിന് താഴെയുള്ള തുകയ്ക്ക് 6 ശതമാനവും പലിശ നൽകുന്നുണ്ട് കൊട്ടക് മഹിന്ദ്ര ബാങ്ക്.
എച്ച്ഡിഎഫ്സി, ഐസിഐസിഐ, ആക്സിസ് ബാങ്ക്
ഈ സ്വകാര്യ ബാങ്കുകൾ 3 മുതൽ അഞ്ച് വർഷം വരെയുള്ള വിവിധ കാലാവധിയുള്ള എഫ്സിഎൻആർ(ബി) നിക്ഷേപങ്ങൾക്ക് പൊതുവായി 6% പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI)
1 മില്യൺ ഡോളറിന് മുകളിലുള്ള 5 വർഷത്തെ നിക്ഷേപങ്ങൾക്ക് 6 ശതമാനവും, അതിൽ കുറഞ്ഞ തുകയ്ക്ക് 5.75 ശതമാനവും പലിശ നൽകും.
ബാങ്ക് ഓഫ് ബറോഡ
യുഎസ് ഡോളർ നിക്ഷേപങ്ങൾക്ക് പരമാവധി 6% പലിശയാണ് നൽകുന്നത്. (3 മുതൽ 4 വർഷത്തേക്ക് 5.5%, 4 മുതൽ 5 വർഷത്തേക്ക് 5.75%). കൂടാതെ പൗണ്ട് സ്റ്റെർലിംഗ്, ഓസ്‌ട്രേലിയൻ ഡോളർ എന്നിവയ്ക്ക് 4.75 ശതമാനവും, കനേഡിയൻ ഡോളറിന് 5.15 ശതമാനവും, യൂറോയ്ക്ക് 3.75 ശതമാനവും പലിശ ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
ആർബിഐയുടെ ഈ പുതിയ നീക്കത്തിലൂടെ 20 മുതൽ 30 ബില്യൺ ഡോളർ വരെയുള്ള പുതിയ വിദേശ നിക്ഷേപങ്ങൾ ഇന്ത്യൻ ബാങ്കുകളിലേക്ക് ഒഴുകിയെത്തുമെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ. നേരത്തെ 2013ൽ സമാനമായ പദ്ധതി അവതരിപ്പിച്ചപ്പോൾ ഏകദേശം 34 ബില്യൺ ഡോളറിന്റെ എഫ്സിഎൻആർ നിക്ഷേപം രാജ്യത്ത് എത്തിയിരുന്നു.
നോൺ-റെസിഡന്റ് ഇന്ത്യൻസ് (NRIs) അഥവാ പ്രവാസികൾക്കായി വിദേശ കറൻസിയിൽ തന്നെ പണം നിക്ഷേപിക്കാൻ സാധിക്കുന്ന ടേം ഡിപ്പോസിറ്റുകളാണിവ (Foreign Currency Non-Resident (Bank) deposits).നിക്ഷേപിക്കുന്ന തുകയും അതിന്റെ പലിശയും യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ പൂർണ്ണമായും വിദേശത്തേക്ക് തിരികെ കൊണ്ടുപോകാൻ (Fully repatriable) സാധിക്കും എന്നതാണ് ഇതിന്റെ പ്രധാന നേട്ടം. മറ്റൊരു ആകർഷകമായ കാര്യം, ഇത്തരം എഫ്സിഎൻആർ(ബി) നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശ വരുമാനത്തിന് ഇന്ത്യയിൽ പൂർണ്ണമായും നികുതി ഇളവ് ഉണ്ടായിരിക്കും എന്നതാണ്.