2026-ലെ പുതിയ ഇപിഎഫ്ഒ മാനദണ്ഡങ്ങൾ പ്രകാരം, വീട് വാങ്ങുന്നതിനും നിർമ്മിക്കുന്നതിനും ഹോം ലോൺ തിരിച്ചടയ്ക്കുന്നതിനും പിഎഫ് തുക പിൻവലിക്കാം. ഇതിനായി നിശ്ചിത സേവന കാലയളവും മറ്റ് വ്യവസ്ഥകളും പാലിക്കേണ്ടതുണ്ട്. നേരത്തെയുള്ള പിൻവലിക്കൽ വിരമിക്കൽ കാലത്തെ സമ്പാദ്യത്തെ ബാധിക്കുമെന്നതിനാൽ ശ്രദ്ധയോടെ തീരുമാനമെടുക്കേണ്ടതുണ്ട്.
സ്വന്തം വീട് വാങ്ങാനോ നിലവിലുള്ള ഹോം ലോൺ തിരിച്ചടയ്ക്കാനോ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF) ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ ഇപിഎഫ്ഒയുടെ (EPFO) 2026 ലെ പുതിയ പി. എഫ് പിൻവലിക്കൽ മാനദണ്ഡങ്ങൾ അറിയേണ്ടതുണ്ട്. നിശ്ചിത സേവന കാലവും മറ്റ് വ്യവസ്ഥകളും പാലിച്ചാൽ മാത്രമേ പി.എഫ് തുക ഈ ആവശ്യങ്ങൾക്കായി പിൻവലിക്കാൻ കഴിയൂ. ചട്ടങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ അപേക്ഷ വൈകാനോ നിരസിക്കപ്പെടാനോ സാധ്യതയുണ്ടെന്ന് ഇപിഎഫ്ഒ വ്യക്തമാക്കുന്നു.
ഫ്ലാറ്റ് വാങ്ങാനോ വീട് നിർമിക്കാനോ എത്ര തുക പിൻവലിക്കാം?
ഇപിഎഫ്ഒയുടെ ഹൗസിങ് സ്‍കീം (Para 68-BD) പ്രകാരം, കുറഞ്ഞത് മൂന്ന് വർഷത്തെ സേവനം പൂർത്തിയാക്കിയ അംഗങ്ങൾക്ക് പി.എഫ് അക്കൗണ്ടിലെ ആകെ നിക്ഷേപത്തിന്റെ 90 ശതമാനം വരെ പിൻവലിക്കാം. ഇതിനായി പി.എഫ് അക്കൗണ്ടിൽ 20,000 രൂപയിൽ അധികം ബാലൻസ് ഉണ്ടായിരിക്കണം. അതേസമയം, സ്റ്റാൻഡേർഡ് അഡ്വാൻസ് (Para 68-B) പ്രകാരം, 5 വർഷത്തെ സേവനമുള്ളവർക്ക് അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും (DA) ചേർന്ന 36 മാസത്തെ തുകയോ വസ്‍തുവിന്‍റെ യഥാർഥ വിലയോ, ഇതിൽ ഏതാണോ കുറവ് അത്രയും തുക പിൻവലിക്കാനാകും.
പാലിക്കേണ്ട പ്രധാന നിബന്ധനകൾ
പി.എഫ് ഉപയോഗിച്ച് വീട് വാങ്ങുമ്പോൾ തുക ലഭിച്ച് ആറുമാസത്തിനുള്ളിൽ ഇടപാട് പൂർത്തിയാക്കിയിരിക്കണം. വാങ്ങുന്ന വസ്തു അപേക്ഷകന്റെ പേരിലോ ജീവിതപങ്കാളിയുമായി ചേർന്നോ രജിസ്റ്റർ ചെയ്തിരിക്കണം. മാതാപിതാക്കൾ, സഹോദരങ്ങൾ തുടങ്ങിയ മൂന്നാം കക്ഷികളുടെ പേരിലുള്ള വസ്തുവിന് പി.എഫ് പിൻവലിക്കാൻ അനുമതിയില്ല. വീട് നിർമിക്കുന്നവർ പിൻവലിച്ചതിന് ആറുമാസത്തിനകം നിർമാണം ആരംഭിക്കുകയും അവസാന ഗഡു ലഭിച്ചതിന് 12 മാസത്തിനകം നിർമാണം പൂർത്തിയാക്കുകയും വേണം.
ഹോം ലോൺ തിരിച്ചടയ്ക്കാനും പി.എഫ് ഉപയോഗിക്കാം
നിലവിലുള്ള ഹോം ലോൺ അടയ്ക്കുന്നതിനും പി.എഫ് ഉപയോഗിക്കാൻ അവസരമുണ്ട്. ലോൺ നൽകിയ സ്ഥാപനത്തിന്റെ സ്വഭാവം അനുസരിച്ച് മൂന്ന് മുതൽ പത്ത് വർഷം വരെ സേവനം ആവശ്യമായേക്കാം. പിൻവലിക്കാവുന്ന പരമാവധി തുക പി.എഫ് ബാലൻസിന്റെ 90 ശതമാനമാണെങ്കിലും അത് കുടിശ്ശിക വായ്പാ തുകയെക്കാൾ കൂടുതലാകില്ല. ഈ തുക അംഗത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കല്ല. നേരിട്ട് വായ്‍പ നൽകിയ ബാങ്കിലേക്കോ ഹൗസിങ് ഫിനാൻസ് സ്ഥാപനത്തിലേക്കോ ആണ് ഇപിഎഫ്ഒ കൈമാറുക. ഇതിനായി കുടിശ്ശിക തുക വ്യക്തമാക്കുന്ന ബാങ്ക് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
ഭൂമി വാങ്ങുന്നതിനും പിഎഫ് പിൻവലിക്കാം
ഭൂമി വാങ്ങാൻ അഞ്ച് വർഷത്തെ സേവനം നിർബന്ധമാണ്. അടിസ്ഥാന ശമ്പളവും ഡിഎയും ചേർന്ന 24 മാസത്തെ തുകയോ ഭൂമിയുടെ യഥാർഥ വിലയോ, ഇതിൽ ഏതാണോ കുറവ് അത്രയും തുക ഒരുതവണ മാത്രമേ പിൻവലിക്കാൻ സാധിക്കൂ.
പിഎഫ് പിൻവലിക്കുന്നതിന് മുമ്പ്
വിരമിക്കലിന് ശേഷമുള്ള സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിൽ പി.എഫ് നിർണായക പങ്കുവഹിക്കുന്നതിനാൽ, നേരത്തേ തുക പിൻവലിക്കുന്നത് ദീർഘകാല സമ്പാദ്യത്തെ ബാധിക്കും. ഉദാഹരണത്തിന്, 30-ാം വയസിൽ അഞ്ചുലക്ഷം പിൻവലിച്ചാൽ, അതിന് ലഭിക്കുമായിരുന്ന ദീർഘകാല പലിശയും കോമ്പൗണ്ടിംഗ് ആനുകൂല്യവും നഷ്ടമാകും. അതിനാൽ, മറ്റ് സാമ്പത്തിക മാർഗങ്ങൾ ലഭ്യമെങ്കിൽ ആദ്യം അവ പരിഗണിക്കുകയും പിഎഫ് പിൻവലിക്കൽ അവസാന മാർഗമായി മാത്രം ഉപയോഗിക്കുകയും ചെയ്യുന്നതാണ് സാമ്പത്തിക വിദഗ്ധർ നിർദേശിക്കുന്നത്.


