മാതാപിതാക്കളുടെ സംരക്ഷണവും, സ്വന്തം ഭാവിയും; പതറാതെ നോക്കാം, സാമ്പത്തിക തകർച്ച ഒഴിവാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

Published : Jun 11, 2026, 11:38 AM IST
Old Age

Synopsis

വാർധക്യത്തിലെത്തിയ മാതാപിതാക്കളുടെ സംരക്ഷണം ഏറ്റെടുക്കുന്നത് പലരുടെയും സാമ്പത്തിക മുൻഗണനകളെ മാറ്റാറുണ്ട്. അപ്രതീക്ഷിത ചെലവുകൾക്കിടയിൽ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ പണം എങ്ങനെ കൃത്യമായി വിനിയോഗിക്കണം? ഇൻഷുറൻസ്, എമർജൻസി ഫണ്ട്, കടം വീട്ടൽ, നിക്ഷേപം എന്നിങ്ങനെ മുൻഗണനാക്രമത്തിൽ പണം കൈകാര്യം ചെയ്യേണ്ടതിൻ്റെ പ്രാധാന്യം നോക്കാം. 

വാർധക്യത്തിലെത്തിയ മാതാപിതാക്കളുടെ സംരക്ഷണം ഏറ്റെടുക്കേണ്ടി വരുന്നതോടെ പലരുടെയും ജീവിതത്തിലെ സാമ്പത്തിക മുൻഗണനകൾ പാടെ മാറാറുണ്ട്. സ്വന്തം ഭാവി, മക്കളുടെ വിദ്യാഭ്യാസം, മാതാപിതാക്കളുടെ പരിചരണം എന്നിവ ഒന്നിച്ച് കൊണ്ടുപോകാൻ പെടാപ്പൊട് പെടുന്ന യുവാക്കൾ നമുക്കു ചുറ്റിലും തന്നെ ഉണ്ട്. മാതാപിതാക്കളുടെ സാമ്പത്തികമായ സംരക്ഷണം കൂടി ഏറ്റെടുക്കാൻ തുടങ്ങുന്നതോടെ സാമ്പത്തിക ആസൂത്രണം വ്യക്തിഗത ഗോളുകളിൽ നിന്ന് കുടുംബത്തിന്റെ മൊത്തത്തിലുള്ള ആവശ്യങ്ങളിലേക്ക് മാറുന്നു.

അപ്രതീക്ഷിതമായ മെഡിക്കൽ ബില്ലുകൾ, മരുന്നുകൾ, ഹോം നഴ്സ് അല്ലെങ്കിൽ കെയർഗിവർമാരുടെ സഹായം എന്നിവ ചെലവുകൾ പ്രവചനാതീതമാക്കും. അത്യാവശഅയം തരക്കേടില്ലാത്ത വരുമാനമുള്ളവർക്ക് പോലും ഈ ഘട്ടത്തിൽ വീട് വാങ്ങൽ, റിട്ടയർമെന്റ്, സമ്പാദ്യം തുടങ്ങിയ കാര്യങ്ങൾ പതുക്കെയാക്കേണ്ടി വരുന്ന സാഹചര്യമുണ്ടായേക്കാം. ഇവിടെ സാമ്പത്തിക വശത്തോളം തന്നെ വൈകാരിക വശവും പ്രധാനമാണ്. അതുകൊണ്ടുതന്നെ മാതാപിതാക്കളുടെ ആവശ്യങ്ങൾക്ക് 'നോ' പറയാൻ പലർക്കും ബുദ്ധിമുട്ടാണ്. ഇത് ബജറ്റ് തെറ്റിക്കുന്നതിലേക്കും, സമ്പാദ്യം അടിക്കടി പിൻവലിക്കുന്നതിലേക്കും നയിച്ചേക്കാം.

പണം എങ്ങനെ വിനിയോഗിക്കണം?

ഇത്തരം ഘട്ടങ്ങളിൽ ഒരു സാമ്പത്തിക തകർച്ച ഒഴിവാക്കാൻ പണം കൃത്യമായ മുൻഗണനാ ക്രമത്തിൽ വേണം കൈകാര്യം ചെയ്യാൻ. ഇതിൽ ആദ്യത്തെ പ്രയോരിറ്റി നൽകേണ്ടത് സുരക്ഷിതത്വം (Protection) എന്നതിനാണ്. )നിങ്ങളുടെ നിലവിലെ കുടുംബ സാഹചര്യത്തിന് അനുയോജ്യമായ ലൈഫ് ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കുക. കൂടാതെ എല്ലാ നിക്ഷേപങ്ങളിലും നോമിനി വിവരങ്ങൾ കൃത്യമാണോ എന്ന് പരിശോധിക്കുക. ഉയർന്ന ലാഭം തരുന്ന നിക്ഷേപങ്ങൾ തേടുന്നതിനേക്കാൾ പ്രധാനം കുടുംബത്തിന്റെ വരുമാനത്തിന് സുരക്ഷ ഉറപ്പാക്കുക എന്നതാണ്.

ഇനി, എമർജൻസി ഫണ്ട് വളരെ പ്രധാനമാണ്. ഇത് പെട്ടെന്നുണ്ടാകുന്ന മെഡിക്കൽ ബില്ലുകൾ, മക്കളുടെ സ്കൂൾ ഫീസ്, പെട്ടെന്ന് ജോലി നഷ്ടപ്പെടൽ തുടങ്ങിയ പല അത്യാവശ്യ സാഹചര്യങ്ങളെയും നേരിടാൻ നിങ്ങളെ പ്രാപ്തരാക്കും. ഇത് പെട്ടെന്ന് കയ്യിലേക്ക് എടുക്കാൻ കഴിയുന്ന രീതിയിൽ വേണം എടുത്തു വക്കാൻ. എമർജൻസി ഫണ്ട് കരുതുന്നത് അത്യാവശ്യ ഘട്ടങ്ങളിൽ കടം വാങ്ങേണ്ടി വരിക, ദീർഘകാല നിക്ഷേപങ്ങൾ കാലാവധിക്ക് മുൻപ് പിൻവലിക്കേണ്ടി വരിക തുടങ്ങിയവ ഒഴിവാക്കാൻ സഹായിക്കും.

ഇത്തരം സാഹചര്യങ്ങളിലേക്ക് കടക്കും മുൻപ് തന്നെ കടങ്ങൾ തീർത്തു വക്കണം. ക്രെഡിറ്റ് കാർഡ് കുടിശ്ശികകൾ, ഉയർന്ന പലിശയുള്ള വ്യക്തിഗത ലോണുകൾ (Personal Loans) എന്നിവ എത്രയും വേഗം അടച്ചുതീർക്കുക. ഇവ കുടുംബത്തിന്റെ മാസ ബജറ്റിനെ വലിയ രീതിയിൽ ബാധിക്കുമെന്നു ശ്രദ്ധിക്കുക.

ഇനി, മുകളിൽ പറഞ്ഞ മൂന്ന് കാര്യങ്ങളും കൃത്യമായി നടക്കുന്നുണ്ടെങ്കിൽ നിക്ഷേപങ്ങളെക്കുറിച്ച് ചിന്തിച്ച് തുടങ്ങാം. മക്കളുടെ ഉന്നത വിദ്യാഭ്യാസം, സ്വന്തം റിട്ടയർമെന്റ് തുടങ്ങിയ ദീർഘകാല ലക്ഷ്യങ്ങൾക്കായി ഇക്വിറ്റിയിലും ഡെറ്റിലും (Equity & Debt) അനുയോജ്യമായ രീതിയിൽ നിക്ഷേപിക്കാം.

കുടുംബത്തിൽ നിന്നുള്ള എല്ലാ സാമ്പത്തിക ആവശ്യങ്ങളും അടിയന്തര പ്രാധാന്യമുള്ളതാണെന്ന് കരുതി മാസ ബജറ്റ് നോക്കാതെ പണം ചിലവഴിക്കുന്നത് വലിയ തെറ്റാണ്. അടുത്ത 12 മാസത്തെ ചെലവുകൾ ലിസ്റ്റ് ചെയ്ത് കാര്യങ്ങൾ പ്ലാൻ ചെയ്യാം. മാതാപിതാക്കളുടെ മെഡിക്കൽ ചെലവുകൾ, വായ്പ തിരിച്ചടവുകൾ, മറ്റ് പ്രധാന ആവശ്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുത്തണം. ഓരോ വിഭാഗത്തിനും കൃത്യമായ പരിധികൾ നിശ്ചയിച്ച് ഒരു ഹൗസ്ഹോൾഡ് ബജറ്റ് ഉണ്ടാക്കാം. മക്കളുടെ വിദ്യാഭ്യാസത്തിനായി നേരത്തെ തന്നെ സമ്പാദിച്ചു തുടങ്ങിയാൽ പണം വളരാൻ കൂടുതൽ സമയം കിട്ടും. കൂടാതെ സ്കോളർഷിപ്പുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കാം.

PREV
Read more Articles on
click me!

Recommended Stories

ഒന്നിലധികം ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികളുണ്ടോ? ആശുപത്രി ബില്‍ തുക കൂടിയാല്‍ ക്ലെയിം ചെയ്യേണ്ടത് എങ്ങനെ?
ചെറിയ ശമ്പളമായാലും ശരി, കാശുണ്ടാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട! കൃത്യമായ പ്ലാനിങ് മതി; എസ്ഐപിയിൽ തുടങ്ങാം