ഇനി പേടിക്കണ്ട, ഓട്ടോ- ഡെബിറ്റില്‍ നിങ്ങള്‍ക്ക് 'ഫുള്‍ പവര്‍'; ആര്‍ബിഐയുടെ പുതിയ നിയമങ്ങള്‍ അറിയാം

Published : Apr 23, 2026, 04:57 PM IST
Mobile phones

Synopsis

ഓട്ടോ ഡെബിറ്റ് നിയമങ്ങളില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി റിസര്‍വ് ബാങ്ക്. 15,000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് ഇനി ഒടിപി വേണ്ടി വന്നേക്കില്ല. എന്നാല്‍ പണം ഈടാക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് ഉപഭോക്താവിന് അറിയിപ്പ് ലഭിക്കും. ഈ പുതിയ പരിഷ്കാരങ്ങൾ ഉപഭോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകളിൽ കൂടുതൽ നിയന്ത്രണവും സുരക്ഷയും നൽകുന്നു.

നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഇന്‍ഷുറന്‍സ് പ്രീമിയമോ ഒടിടി വരിസംഖ്യയോ ലോണ്‍ ഇഎംഐയോ ഒക്കെ ഓട്ടോമാറ്റിക്കായി പണം ഈടാക്കുന്ന ഓട്ടോ ഡെബിറ്റ് രീതിയില്‍ വലിയ മാറ്റങ്ങളുമായി റിസര്‍വ് ബാങ്ക്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷയും അക്കൗണ്ടിന്മേല്‍ കൂടുതല്‍ നിയന്ത്രണവും ഉറപ്പാക്കുന്നതാണ് പുതിയ ചട്ടങ്ങള്‍. ഓട്ടോ- ഡെബിറ്റുകള്‍ സുതാര്യമാക്കുന്നതിനൊപ്പം തട്ടിപ്പുകള്‍ തടയാനും പുതിയ പരിഷ്‌കാരം ലക്ഷ്യമിടുന്നു. പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

15,000 രൂപ വരെ 'ഒടിപി' വേണ്ട

ഇനി മുതല്‍ 15,000 രൂപ വരെയുള്ള ആവര്‍ത്തന പേയ്മെന്റുകള്‍ക്ക് ഓരോ തവണയും ഒടിപി നല്‍കേണ്ടതില്ല. എന്നാല്‍ ആദ്യ തവണ ഈ സേവനം സെറ്റ് ചെയ്യുമ്പോള്‍ ഒടിപി ഉപയോഗിച്ചുള്ള സ്ഥിരീകരണം നിര്‍ബന്ധമാണ്. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ നിശ്ചിത തുക വരെ താനേ അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്യപ്പെടും. 15,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് അധിക സുരക്ഷാ പരിശോധനതുടര്‍ന്നും ആവശ്യമായി വരും.

വമ്പന്‍ ഇടപാടുകള്‍ക്ക് ഉയര്‍ന്ന പരിധി

ഇന്‍ഷുറന്‍സ് പ്രീമിയം, മ്യൂച്വല്‍ ഫണ്ട് നിക്ഷേപം, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ എന്നിവയ്ക്ക് ഒടിപി ഇല്ലാതെ പണം ഈടാക്കാവുന്ന പരിധി ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തി. വലിയ തുകകള്‍ മുടങ്ങാതെ അടയ്ക്കാന്‍ ഇത് ഉപഭോക്താക്കളെ സഹായിക്കും.

24 മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ്

അക്കൗണ്ടില്‍ നിന്ന് പണം ഈടാക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് ബാങ്ക് ഉപഭോക്താവിന് അറിയിപ്പ് നല്‍കണം. ഏത് കമ്പനിക്കാണ് പണം നല്‍കുന്നത്? എത്ര രൂപയാണ് ഈടാക്കുന്നത്? എന്നാണ് ഡെബിറ്റ് നടക്കുന്നത്? തുടങ്ങിയ വിവരങ്ങള്‍ ഈ സന്ദേശത്തിലുണ്ടാകും. അനാവശ്യമായ ഇടപാടാണെന്ന് തോന്നിയാല്‍ പണം പോകുന്നതിന് മുന്‍പ് തന്നെ ഉപഭോക്താവിന് അത് റദ്ദാക്കാനുള്ള അവസരം ഇതിലൂടെ ലഭിക്കും.

നിയന്ത്രണം നിങ്ങളുടെ കൈകളില്‍

ഓട്ടോ- ഡെബിറ്റ് സംവിധാനത്തില്‍ ഉപഭോക്താവിന് ഇനി പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടാകും. പണം നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കാനോ തുകയില്‍ മാറ്റം വരുത്താനോ സാധിക്കും. ഏത് സമയത്തും ഈ സേവനം പൂര്‍ണ്ണമായി റദ്ദാക്കാം. തുക കൃത്യമല്ലാത്ത ഇടപാടുകള്‍ക്ക് ഒരു പരിധി നിശ്ചയിക്കാം. ഉദാഹരണത്തിന്, വൈദ്യുതി ബില്ലിന് പരമാവധി 2000 രൂപ എന്ന് സെറ്റ് ചെയ്താല്‍ അതില്‍ കൂടുതല്‍ തുക അക്കൗണ്ടില്‍ നിന്ന് താനേ പോകില്ല. ഇടപാട് നടന്ന ഉടന്‍ തന്നെ അതിന്റെ സ്ഥിരീകരണ സന്ദേശവും ഉപഭോക്താവിന് ലഭിക്കും. നിയമവിരുദ്ധമായി പണം നഷ്ടപ്പെട്ടാല്‍ പരാതിപ്പെടാന്‍ ബാങ്കുകള്‍ പ്രത്യേക സംവിധാനം ഒരുക്കണമെന്നും ആര്‍ബിഐ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ചുരുക്കത്തില്‍, പണം താനേ പോയിരുന്ന പഴയ രീതിക്ക് പകരം, ഓരോ ഇടപാടിലും ഉപഭോക്താവിന്റെ അറിവും സമ്മതവും ഉറപ്പാക്കുന്നതാണ് റിസര്‍വ് ബാങ്കിന്റെ പുതിയ നടപടി.

PREV
Read more Articles on
click me!

Recommended Stories

പണം സേവ് ചെയ്ത് വക്കുന്നതിനൊപ്പം തന്നെ പ്രധാനമാണ് എങ്ങിനെ കരുതി വക്കുന്നു എന്നതും; എമർജൻസി ഫണ്ടിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
പെട്ടെന്ന് കുറച്ചധികം പണം കയ്യിൽ വന്നാൽ ആദ്യം എന്ത് ചെയ്യണം? കടം തീര്‍ക്കണോ അതോ നിക്ഷേപിക്കണോ? ഏതാണ് നല്ലത്?