റിട്ടയ‍‍‌ർമെന്റ് ലൈഫിന് ചെലവ് കുറയും, സമ്പാദ്യം അധികം വേണ്ടെന്ന ചിന്തയുണ്ടോ? കാത്തിരിക്കുന്നത് വലിയ ബാധ്യതകള്‍!

Published : Aug 17, 2026, 03:09 PM IST
Retirement savings

Synopsis

വിരമിക്കല്‍ കാലത്ത് ചെലവുകള്‍ കുറയുമെന്ന ധാരണ പലപ്പോഴും തെറ്റാണ്. ചികിത്സ, വീടിന്റെ അറ്റകുറ്റപ്പണികള്‍, വിലക്കയറ്റം, കുടുംബ സഹായം തുടങ്ങിയ അപ്രതീക്ഷിത ചെലവുകള്‍ നിങ്ങളുടെ സമ്പാദ്യത്തെ കാര്യമായി ബാധിച്ചേക്കാം. ഇവ മുന്‍കൂട്ടി കണ്ട് കൃത്യമായ സാമ്പത്തിക ആസൂത്രണം നടത്തേണ്ടത് അത്യാവശ്യമാണ്.

ജോലിയില്‍ നിന്ന് വിരമിക്കുന്നതോടെ പ്രതിമാസ ചെലവുകള്‍ കുറയുമെന്നാണ് ഭൂരിഭാഗം ആളുകളും കരുതുന്നത്. എന്നാല്‍ ജോലിയിലുള്ളപ്പോള്‍ ഉണ്ടായിരുന്ന ചില ചെലവുകള്‍ ഇല്ലാതായേക്കാമെങ്കിലും, പ്രതീക്ഷിക്കാത്ത പല പുതിയ ബാധ്യതകളും വിരമിക്കല്‍ കാലത്ത് ഉയര്‍ന്നുവരാം. അതുകൊണ്ടുതന്നെ വിലക്കയറ്റം, അടിയന്തര സാഹചര്യങ്ങള്‍, ചികിത്സാ ചെലവുകള്‍ എന്നിവ കൃത്യമായി കണക്കാക്കി വേണം വിരമിക്കല്‍ സമ്പാദ്യം പടുത്തുയര്‍ത്താന്‍. വിരമിക്കല്‍ കാലത്തെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന പ്രധാനപ്പെട്ട 5 ചെലവുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ചികിത്സയും ആരോഗ്യ സംരക്ഷണവും

ഏറ്റവും എളുപ്പത്തില്‍ കണക്കുകൂട്ടലുകള്‍ തെറ്റാന്‍ സാധ്യതയുള്ള ഒന്നാണ് ആരോഗ്യ പരിപാലന ചെലവുകള്‍. പ്രായമാകുമ്പോള്‍ മരുന്നുകള്‍, ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, പരിശോധനകള്‍, ദന്ത ചികിത്സകള്‍, ആശുപത്രി വാസം എന്നിവയ്ക്കായി വലിയ തുക മാറ്റിവെക്കേണ്ടി വരും. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ പോലും ഡിഡക്റ്റബിളുകള്‍, മറ്റ് സാഹചര്യങ്ങൾ എന്നിവ കാരണം എല്ലാ ചെലവുകളും കവര്‍ ചെയ്യപ്പെടണമെന്നില്ല. അതിനാല്‍ റിട്ടയർമെന്റ് ഫണ്ടിന് പുറമെ, അടിയന്തര വൈദ്യസഹായത്തിനായി ഒരു തുക പ്രത്യേകം കരുതിവെക്കണം

വീടിന്റെ അറ്റകുറ്റപ്പണികളും നികുതിയും

ഹൗസിംഗ് ലോണ്‍ അടച്ചുതീര്‍ത്തു എന്നത് കൊണ്ട് വീടിന്റെ ചെലവുകള്‍ അവസാനിക്കുന്നില്ല. പെയിന്റിംഗ്, പ്ലംബിങ്, ഇലക്ട്രിക്കല്‍ ജോലികള്‍, ഗാര്‍ഹിക ഉപകരണങ്ങള്‍ മാറ്റല്‍, സൊസൈറ്റി ചാര്‍ജുകള്‍, വസ്തു നികുതി എന്നിവ തുടര്‍ന്നും നല്‍കേണ്ടി വരും. വിരമിക്കലിന് ശേഷം 20 വര്‍ഷത്തോളം അതേ വീട്ടില്‍ തന്നെ ജീവിക്കുമ്പോള്‍ വലിയ രീതിയിലുള്ള റിപ്പെയറിംഗുകള്‍ ആവശ്യമായി വന്നേക്കാം.

കുടുംബത്തിനുള്ള സാമ്പത്തിക സഹായം

വിരമിച്ച ശേഷവും മക്കളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, വീട് വാങ്ങല്‍ അല്ലെങ്കില്‍ മറ്റ് അടിയന്തര ആവശ്യങ്ങള്‍ എന്നിവയ്ക്കായി സാമ്പത്തിക സഹായം നല്‍കുന്നവര്‍ നിരവധിയാണ്. 2025-ലെ സെബി ഇന്‍വെസ്റ്റര്‍ സര്‍വേ പ്രകാരം, ഇന്ത്യന്‍ കുടുംബങ്ങളുടെ പ്രധാന സാമ്പത്തിക ലക്ഷ്യങ്ങളിലൊന്ന് കുടുംബാംഗങ്ങളെ പിന്തുണയ്ക്കുക എന്നതാണ്. എന്നാല്‍ ഇത് വിരമിക്കല്‍ ബജറ്റില്‍ മുന്‍കൂട്ടി ഉള്‍പ്പെടുത്തിയില്ലെങ്കില്‍ സാമ്പത്തിക ഭദ്രത അപകടത്തിലാകും. സ്വന്തം ഭാവി സുരക്ഷിതമാക്കിക്കൊണ്ട് എത്രത്തോളം സഹായം നല്‍കാന്‍ സാധിക്കുമെന്ന് മുന്‍കൂട്ടി തീരുമാനിക്കുക.

വിലക്കയറ്റം

വിരമിക്കുമ്പോൾ കിട്ടുന്ന തുക ഇന്നത്തെക്കാലത്ത് നിന്ന് ചിന്തിക്കുമ്പോൾ. വലിയ തുകയായി തോന്നാമെങ്കിലും കാലക്രമേണ ഇതിന്റെ മൂല്യം കുറയാം. 20- 30 വര്‍ഷം നീളുന്ന വിരമിക്കല്‍ ജീവിതത്തില്‍ ഭക്ഷണം, യാത്രാചെലവുകള്‍, മറ്റ് സേവനങ്ങള്‍ എന്നിവയുടെ വില വര്‍ദ്ധിച്ചുകൊണ്ടിരിക്കും. സ്ഥിരവരുമാന പദ്ധതികളെ മാത്രം ആശ്രയിക്കുന്നവര്‍ക്ക് വിലക്കയറ്റം വലിയ ഭീഷണിയാകും. അതിനാല്‍ വിരമിക്കലിന് മുമ്പും ശേഷവും കണക്കാക്കി വേണം പ്ലാന്‍ തയ്യാറാക്കാന്‍.

ലൈഫ് സ്‌റ്റൈല്‍, അപ്രതീക്ഷിത ചെലവുകള്‍

വിരമിക്കലിന് ശേഷം യാത്രകള്‍ നടത്താനും പുതിയ വിനോദങ്ങളില്‍ ഏര്‍പ്പെടാനും സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കാനും പലരും ആഗ്രഹിക്കാറുണ്ട്. കൂടാതെ വാഹനം മാറ്റല്‍, പങ്കാളിയുടെ ആവശ്യങ്ങള്‍, വീട് മോടിപിടിപ്പിക്കല്‍, മറ്റ് അടിയന്തര സാഹചര്യങ്ങള്‍ എന്നിവയ്ക്കുള്ള ചെലവുകളും വന്നേക്കാം. 20 വര്‍ഷത്തിന് ശേഷം ഉണ്ടാകുന്ന ഓരോ രൂപയുടെ ചെലവും കൃത്യമായി പ്രവചിക്കുക സാധ്യമല്ല. എന്നാല്‍ ജോലി അവസാനിക്കുന്നതോടെ ചെലവ് കുറയുമെന്ന തെറ്റായ ധാരണ ഒഴിവാക്കുകയാണ് വേണ്ടത്.

PREV
Read more Articles on
click me!

Recommended Stories

ഉപയോഗിക്കാത്ത ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടോ? ഉടന്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും; ആര്‍ബിഐയുടെ നിര്‍ദേശങ്ങള്‍ അറിയാം
സ്വന്തം വീടിന്റെ വിപണി മൂല്യം കൃത്യമായി അറിയാമോ? സാമ്പത്തിക സുരക്ഷിതത്വത്തിന് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം