എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നുണ്ടോ? ഡിസംബര്‍ 1 മുതല്‍ ഈ ഇടപാടുകള്‍ക്ക് അധിക ഫീസ്

Published : Oct 29, 2026, 04:36 PM IST
sbi credit card new rule december 1

Synopsis

ഡിസംബർ 1 മുതൽ ഉയർന്ന തുകയ്ക്കുള്ള ഇന്ധന, ഗതാഗത ഇടപാടുകൾക്ക് ഒരു ശതമാനം അധിക ചാർജ് ഈടാക്കാൻ എസ്ബിഐ കാർഡ് തീരുമാനിച്ചു. ഗതാഗത ഇടപാടുകൾക്ക് 30,000 രൂപ കടന്നാലും, ഒരു ബില്ലിങ് സൈക്കിളിൽ ഇന്ധനച്ചെലവ് 50,000 രൂപ കടന്നാലും ഈ അധിക നിരക്ക് നൽകേണ്ടി വരും. കാർഡ് ഉടമകൾ തങ്ങളുടെ ചെലവുകൾ കൃത്യമായി നിരീക്ഷിക്കേണ്ടതാണ്.

എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം നിറയ്ക്കുന്നവരും ഗതാഗത ചെലവുകള്‍ക്കായി പണം ചെലവഴിക്കുന്നവരും ശ്രദ്ധിക്കുക. ഉയര്‍ന്ന തുകയ്ക്കുള്ള ഇന്ധന, ഗതാഗത ഇടപാടുകള്‍ക്ക് ഒരു ശതമാനം അധിക ചാര്‍ജ് ഈടാക്കാന്‍ എസ്ബിഐ കാര്‍ഡ് തീരുമാനിച്ചു. ഡിസംബര്‍ 1 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ബാങ്കിന്റെ എല്ലാ വിഭാഗം ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും പുതുക്കിയ നിരക്കുകള്‍ ബാധകമാണ്.

ഇന്ധന ഇടപാടുകള്‍ക്കും ഗതാഗത ഇടപാടുകള്‍ക്കും വ്യത്യസ്തമായ പരിധികളാണ് നിശ്ചയിച്ചിരിക്കുന്നത്. ഒരു ഗതാഗത ഇടപാടിന്റെ തുകയെ അടിസ്ഥാനമാക്കിയാണ് അധിക ചാര്‍ജ് കണക്കാക്കുക. എന്നാല്‍ ഇന്ധന ഇടപാടുകളുടെ കാര്യത്തില്‍ ഒരു ബില്ലിങ് സൈക്കിളിലെ ആകെ ചെലവാണ് പരിഗണിക്കുക. ക്രെഡിറ്റ് കാര്‍ഡിന്റെ രണ്ട് സ്റ്റേറ്റ്മെന്റ് തീയതികള്‍ക്കിടയിലുള്ള 28 മുതല്‍ 31 ദിവസം വരെയുള്ള കാലയളവാണ് ബില്ലിങ് സൈക്കിള്‍. ഈ സമയത്തെ വാങ്ങലുകള്‍, പണമടയ്ക്കലുകള്‍, പണം പിന്‍വലിക്കല്‍, മറ്റ് ഫീസുകള്‍ എന്നിവയെല്ലാം കണക്കില്‍ രേഖപ്പെടുത്തും.

ഗതാഗത ഇടപാടുകള്‍ക്ക് 30,000 രൂപ കടന്നാല്‍ ഒരു ശതമാനം ചാര്‍ജ്

2026 ഡിസംബര്‍ 1 മുതല്‍ ഒറ്റ ഗതാഗത ഇടപാടിന്റെ തുക 30,000 രൂപ കടന്നാല്‍ ഒരു ശതമാനം അധിക ചാര്‍ജ് ഈടാക്കും. യാത്രക്കാരുടെ ഗതാഗത സേവനങ്ങള്‍, ടോള്‍, പാലം കടക്കുന്നതിനുള്ള ഫീസ്, ബസ് സര്‍വീസുകള്‍ എന്നിവ ഉള്‍പ്പെടുന്ന മര്‍ച്ചന്റ് കാറ്റഗറി കോഡുകളായ 4111, 4784, 4131 എന്നിവയ്ക്കാണ് ഈ നിരക്ക് ബാധകമാകുക. ഉദാഹരണത്തിന്, ഗതാഗത ആവശ്യത്തിനായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 35,000 രൂപ ചെലവഴിച്ചാല്‍ 350 രൂപ അധിക ചാര്‍ജ് നല്‍കേണ്ടിവരും. ഇതിന് ബാധകമായ നികുതികള്‍ വേറെയും നല്‍കണം.എന്നാല്‍ ഒരു ഗതാഗത ഇടപാടിന്റെ തുക 30,000 രൂപ അല്ലെങ്കില്‍ അതില്‍ താഴെയാണെങ്കില്‍ അധിക ചാര്‍ജ് ഈടാക്കില്ല. ഒരു ബില്ലിങ് സൈക്കിളിലെ ആകെ ഗതാഗത ചെലവല്ല, ഓരോ ഇടപാടിന്റെയും തുകയാണ് ഇതിനായി പരിഗണിക്കുക.

ഇന്ധനച്ചെലവ് 50,000 രൂപ കടന്നാല്‍ ആകെ തുകയ്ക്കും ഒരു ശതമാനം ഫീസ്

ഇന്ധന ഇടപാടുകളുടെ കാര്യത്തില്‍ വ്യത്യസ്തമായ രീതിയിലാണ് അധിക ചാര്‍ജ് ഈടാക്കുക. ഒരു ബില്ലിങ് സൈക്കിളില്‍ ഇന്ധനത്തിനായി ചെലവഴിക്കുന്ന ആകെ തുക 50,000 രൂപ കടന്നാല്‍ ആകെ ഇന്ധനച്ചെലവിന്റെ ഒരു ശതമാനം ഫീസായി നല്‍കണം. 50,000 രൂപക്ക് മുകളിലുള്ള തുകയ്ക്ക് മാത്രമല്ല, മുഴുവന്‍ ഇന്ധനച്ചെലവിനും ഫീസ് ബാധകമാകും.

ഉദാഹരണത്തിന്, ഒരു ബില്ലിങ് സൈക്കിളില്‍ 60,000 രൂപയുടെ ഇന്ധനം വാങ്ങിയാല്‍ 600 രൂപ അധിക ചാര്‍ജ് നല്‍കണം. ഇതിന് പുറമേ ബാധകമായ നികുതികളും നല്‍കേണ്ടിവരും. ഇന്ധന ഡീലര്‍മാര്‍, പെട്രോള്‍ പമ്പുകള്‍, ഇന്ധനം വിതരണം ചെയ്യുന്ന സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന മര്‍ച്ചന്റ് കാറ്റഗറി കോഡുകളായ 5172, 5542, 5541, 5983 എന്നിവയ്ക്കാണ് ഈ വ്യവസ്ഥ ബാധകമാകുന്നത്.

എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ എന്തുചെയ്യണം?

ഇന്ധനത്തിനായി ചെലവഴിക്കുന്ന തുക ഓരോ ബില്ലിങ് സൈക്കിളിലും നിരീക്ഷിക്കുകയാണ് കാര്‍ഡ് ഉടമകള്‍ ആദ്യം ചെയ്യേണ്ടത്. ബില്ലിങ് സൈക്കിള്‍ ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ തീയതികള്‍ പരിശോധിച്ച് ചെലവുകള്‍ കൃത്യമായി കണക്കാക്കണം. ഇടപാടുകള്‍ ഏത് മര്‍ച്ചന്റ് വിഭാഗത്തിലാണ് രേഖപ്പെടുത്തുന്നതെന്നും ശ്രദ്ധിക്കണം.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയില്‍ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ക്ക് തിരിച്ചടി; വിപണി വിഹിതം 68 ശതമാനമായി കുറഞ്ഞു
10 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും മതിയാകില്ലേ? അണ്‍ലിമിറ്റഡ് കവറേജോ ഇന്‍ഫിനിറ്റി റൈഡറോ? അറിയാം വ്യത്യാസം