മാസം നാലിൽ കൂടുതൽ തവണ പണം പിൻവലിച്ചാൽ സർവീസ് ചാർജ്, അധിക ചെക്ക്ബുക്കിനും പണം നൽകണം: എസ്ബിഐ

By Web TeamFirst Published Jul 1, 2021, 5:55 PM IST
Highlights

സാമ്പത്തികേതര ഇടപാടുകൾ, പണം അയക്കുന്നതിനുള്ള സിഡിഎം ഉപയോഗം എന്നിവ തുടർന്നും സൗജന്യമായിരിക്കും. 

മുംബൈ: ഒരു മാസം നാലിൽ കൂടുതൽ തവണ പണം പിൻവലിക്കുന്നവരിൽ നിന്ന് (എടിഎമ്മിൽ നിന്നും ബാങ്ക് ശാഖകളിൽ നിന്നും ഉൾപ്പെടെ) സർവീസ് ചാർജ് ഈടാക്കാൻ എസ്ബിഐ. 15 രൂപയും ജിഎസ്ടിയുമാണ് നൽകേണ്ടി വരിക. ബേസിക് സേവിങ്സ് ബാങ്ക് ഡെപോസിറ്റ് അക്കൗണ്ട് ഉടമകൾക്കാണ് ഈ നിബന്ധന.

ഒരു വർഷം പത്തിലേറെ ചെക്ക് ലീഫുകൾ ഉപയോഗിക്കുന്ന ബിഎസ്ബിഡി അക്കൗണ്ട് (ബേസിക് സേവിം​ഗ്സ് ബാങ്ക് ഡെപ്പോസിറ്റ്) ഉപഭോക്താക്കളും ഇനി അധികമായി വാങ്ങുന്ന ചെക്ക് ബുക്കിന് പണം നൽകേണ്ടി വരും. 15 രൂപ മുതൽ 75 രൂപ വരെയാണ് പുതുക്കിയ നിരക്കുകൾ. ഇവ ജൂലൈ ഒന്ന് മുതൽ നിലവിൽ വരും.

സാമ്പത്തികേതര ഇടപാടുകൾ, പണം അയക്കുന്നതിനുള്ള സിഡിഎം ഉപയോഗം എന്നിവ തുടർന്നും സൗജന്യമായിരിക്കും. ചെക്ക്ബുക്കിന്റെ പരിധി കഴിഞ്ഞാൽ 10 ലീഫിന്റെ പുതിയ ചെക്ക് ബുക്കിന് 40 രൂപയും 25 ലീഫിന്റെ പുതിയ ചെക്ക് ബുക്കിന് 75 രൂപയും നൽകണം. 

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ബിഎസ്ബിഡി അക്കൗണ്ട്. സാധാരണക്കാരെ ബാങ്കിങ് സേവനത്തിലേക്ക് ആകർഷിക്കാനും ലക്ഷ്യമിട്ടാണ് ബിഎസ്ബിഡി അക്കൗണ്ടുകൾ ബാങ്കുകൾ കൈകാര്യം ചെയ്യുന്നത്. പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!