മറ്റുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ കണ്ടോ, സുഹൃത്തുക്കളുടെ ജീവിതശൈലി കണ്ടോ പണം ചെലവാക്കുന്നത് അവസാനിപ്പിക്കുന്ന നിമിഷമാണ് ഒരാള്‍ സാമ്പത്തികമായി സ്വതന്ത്രനാകുന്നത്

ഒരു കോടി രൂപയുടെ സമ്പാദ്യം, കടമില്ലാത്ത വീട്, ആഡംബര കാര്‍-ഇതൊക്കെയാണ് സാമ്പത്തിക സ്വാതന്ത്ര്യം എന്ന് നമ്മളില്‍ പലരും വിശ്വസിക്കുന്നത്. എന്നാല്‍, യഥാര്‍ത്ഥ സാമ്പത്തിക സ്വാതന്ത്ര്യം എന്നത് ഒരു നിശ്ചിത തുകയില്‍ എത്തുമ്പോള്‍ ലഭിക്കുന്ന ഒന്നല്ലെന്നും, അത് നമ്മുടെ നിത്യജീവിതത്തിലെ ശീലങ്ങളിലൂടെ രൂപപ്പെടേണ്ട ഒന്നാണെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റും ഫിനാന്‍ഷ്യല്‍ എഡ്യൂക്കേറ്ററുമായ സി.എ. നിതിന്‍ കൗശിക് പങ്കുവെക്കുന്ന നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. പണം എങ്ങനെ ചെലവാക്കുന്നു എന്നതിനേക്കാള്‍, എന്തിന് ചെലവാക്കുന്നു എന്നതിലാണ് സ്വാതന്ത്ര്യം ഒളിഞ്ഞിരിക്കുന്നത്.

അയല്‍ക്കാരനെ നോക്കി പണം കളയേണ്ട

മറ്റുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ കണ്ടോ, സുഹൃത്തുക്കളുടെ ജീവിതശൈലി കണ്ടോ പണം ചെലവാക്കുന്നത് അവസാനിപ്പിക്കുന്ന നിമിഷമാണ് ഒരാള്‍ സാമ്പത്തികമായി സ്വതന്ത്രനാകുന്നത്. 'പണക്കാരനായി അഭിനയിക്കുന്നതിനേക്കാള്‍, സാമ്പത്തിക സുരക്ഷിതത്വം നേടുന്നതിലാണ് വലിയ സന്തോഷം,' കൗശിക് പറയുന്നു. താല്‍ക്കാലികമായ ആവേശത്തേക്കാള്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമാധാനമാണ് ഇവിടെ പ്രധാനം.

വിജയത്തിലേക്കുള്ള ചില കണക്കുകള്‍

നിങ്ങളുടെ സാമ്പത്തിക സ്ഥിതി നിയന്ത്രണത്തിലാണോ എന്ന് തിരിച്ചറിയാന്‍ ലളിതമായ ചില സൂത്രവാക്യങ്ങളുണ്ട്:

ഇ.എം.ഐ : മാസവരുമാനത്തിന്റെ 25-30 ശതമാനത്തില്‍ താഴെ മാത്രമായിരിക്കണം വായ്പാ തിരിച്ചടവുകള്‍.

നിക്ഷേപം: വരുമാനത്തിന്റെ 20-30 ശതമാനമെങ്കിലും കൃത്യമായി നിക്ഷേപിക്കണം. ഈ അനുപാതം പാലിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍, സമ്പത്തിലേക്കുള്ള ശരിയായ പാതയിലാണെന്ന് ഉറപ്പിക്കാം.

ശീലം മാറ്റാം, ജീവിതവും

പലരും ശമ്പളം കിട്ടിയാല്‍ ചെലവുകള്‍ കഴിഞ്ഞ് ബാക്കി തുക സമ്പാദിക്കാനാണ് ശ്രമിക്കാറുള്ളത്. എന്നാല്‍ ഇത് തെറ്റായ രീതിയാണെന്ന് വിദഗ്ധര്‍ പറയുന്നു. പകരം, 'ആദ്യം നിക്ഷേപം, ബാക്കി തുക കൊണ്ട് ചെലവ്' എന്ന രീതി പിന്തുടരണം.

5000 രൂപയുടെ ആഡംബര വിരുന്നിനേക്കാള്‍, 5000 രൂപയുടെ എസ്.ഐ.പി നല്‍കുന്ന മാനസിക സംതൃപ്തി വലുതായി തോന്നിത്തുടങ്ങുന്നിടത്താണ് മാറ്റം തുടങ്ങുന്നത്. പെട്ടെന്നുണ്ടാകുന്ന ഭാഗ്യപരീക്ഷണങ്ങളിലൂടെയല്ല, മറിച്ച് ബോറടിപ്പിക്കുന്ന അച്ചടക്കത്തിലൂടെയാണ് സാമ്പത്തിക ഭദ്രത കെട്ടിപ്പടുക്കേണ്ടത്.

സമാധാനമാണ് യഥാര്‍ത്ഥ ആഡംബരം

പണം നിങ്ങളെ നിയന്ത്രിക്കുന്നതിന് പകരം, നിങ്ങള്‍ പണത്തെ നിയന്ത്രിച്ചു തുടങ്ങുന്ന ദിവസമാണ് യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ സ്വതന്ത്രരാകുന്നത്. ആഡംബര കാറുകളോ ബ്രാന്‍ഡഡ് വസ്ത്രങ്ങളോ അല്ല, മറിച്ച് കടബാധ്യതകളില്ലാത്ത സമാധാനപരമായ ജീവിതമാണ് ഏറ്റവും വലിയ ലക്ഷ്വറി എന്ന് വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു