ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അവരുടെ പോളിസികള്‍ വില്‍ക്കാന്‍ വിവിധ വഴികളുണ്ട്. ഏജന്റുമാര്‍, ബ്രോക്കര്‍മാര്‍, ബാങ്കുകള്‍ എന്നിവരാണ് പ്രധാന ഇടനിലക്കാര്‍.
ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാന്‍ തീരുമാനിക്കുമ്പോള്‍ മിക്കവര്‍ക്കും ഉണ്ടാകുന്ന വലിയൊരു സംശയമാണ് ആര് വഴി പോളിസി എടുക്കണം എന്നത്. ഇന്‍ഷുറന്‍സ് കമ്പനിയുടെ വെബ്‌സൈറ്റില്‍ നോക്കിയാല്‍ കുറഞ്ഞ പ്രീമിയം, എന്നാല്‍ ഏജന്റ് വഴിയോ ബ്രോക്കര്‍ വഴിയോ നോക്കിയാല്‍ അല്പം കൂടിയ തുക. ഇതില്‍ ഏതാണ് തിരഞ്ഞെടുക്കേണ്ടത്? കുറഞ്ഞ വിലയ്ക്ക് പിന്നില്‍ വല്ല 'കുടുക്കും' ഉണ്ടോ? ഇന്‍ഷുറന്‍സ് വിപണിയിലെ ഈ വില വ്യത്യാസത്തിന് പിന്നിലെ കാര്യങ്ങള്‍ ലളിതമായി താഴെ വിവരിക്കുന്നു.
വെബ്‌സൈറ്റില്‍ വില കുറയുന്നത് എന്തുകൊണ്ട്?
ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അവരുടെ പോളിസികള്‍ വില്‍ക്കാന്‍ വിവിധ വഴികളുണ്ട്. ഏജന്റുമാര്‍, ബ്രോക്കര്‍മാര്‍, ബാങ്കുകള്‍ എന്നിവരാണ് പ്രധാന ഇടനിലക്കാര്‍. ഇവര്‍ വഴി പോളിസി വില്‍ക്കുമ്പോള്‍ കമ്പനി ഇവര്‍ക്ക് നിശ്ചിത തുക കമ്മീഷനായി നല്‍കണം. എന്നാല്‍ നേരിട്ട് കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്ന് പോളിസി വാങ്ങുമ്പോള്‍ ഈ ഇടനിലക്കാര്‍ ഇല്ലാത്തതിനാല്‍ കമ്പനിക്ക് കമ്മീഷന്‍ ലാഭിക്കാം. ഈ ലാഭത്തിന്റെ ഒരു വിഹിതം ഉപഭോക്താവിന് ഡിസ്‌കൗണ്ടായി നല്‍കുന്നതുകൊണ്ടാണ് വെബ്‌സൈറ്റിലെ വില കുറയുന്നത്.
ഏജന്റും ബ്രോക്കറും:
ഏജന്റ് വഴിയോ ബ്രോക്കര്‍ വഴിയോ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ വിലയില്‍ മാറ്റം കാണാറില്ല. കാരണം, നിയമപ്രകാരം ഒരേ പോളിസിക്ക് എല്ലാ വിതരണക്കാര്‍ക്കും ഒരേ നിരക്ക് തന്നെയായിരിക്കണം എന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിര്‍ദ്ദേശമുണ്ട്. അതിനാല്‍ ഏത് ഏജന്റ് വഴി എടുത്താലും പ്രീമിയം തുകയില്‍ വ്യത്യാസം ഉണ്ടാകില്ല. വെബ്‌സൈറ്റ് വഴി കുറഞ്ഞ വിലയ്ക്ക് പോളിസി എടുക്കുമ്പോള്‍ ലാഭിക്കുന്നത് പണമാണ്. എന്നാല്‍ ഏജന്റ് വഴിയോ ബ്രോക്കര്‍ വഴിയോ എടുക്കുമ്പോള്‍ നേടുന്നത് ചില സേവനങ്ങളാണ്. പ്രധാനമായും മൂന്ന് കാര്യങ്ങളിലാണ് ഇവര്‍ സഹായിക്കുന്നത്:
തിരഞ്ഞെടുപ്പ്: നൂറുകണക്കിന് പോളിസികളില്‍ നിന്ന് ആവശ്യത്തിന് അനുയോജ്യമായത് കണ്ടെത്താന്‍ ഇവര്‍ സഹായിക്കും. ഓരോ പോളിസിയിലെയും നിബന്ധനകളും ഒഴിവാക്കലുകളും ഇവര്‍ വിശദീകരിച്ചു തരും.
ക്ലെയിം സമയത്തെ സഹായം: ആശുപത്രിയില്‍ അഡ്മിറ്റ് ആകേണ്ടി വരുമ്പോഴോ, പണം തിരികെ ലഭിക്കാനുള്ള അപേക്ഷ നല്‍കുമ്പോഴോ ഉണ്ടാകുന്ന നൂലാമാലകള്‍ കൈകാര്യം ചെയ്യാന്‍ പരിചയസമ്പന്നനായ ഒരു ഏജന്റിന്റെ സഹായം വലിയ ആശ്വാസമായിരിക്കും.
സേവനം: പോളിസിയില്‍ വിലാസം മാറ്റാനോ, പുതിയ കുടുംബാംഗങ്ങളെ ചേര്‍ക്കാനോ ഒക്കെ ഏജന്റ് സഹായിക്കും.
ഏത് തിരഞ്ഞെടുക്കണം?
ഇന്‍ഷുറന്‍സ് പോളിസികളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കില്‍, ക്ലെയിം സമയത്തെ പേപ്പര്‍ വര്‍ക്കുകള്‍ സ്വന്തമായി ചെയ്യാന്‍ കഴിയുമെങ്കില്‍ ഓണ്‍ലൈനായി നേരിട്ട് എടുക്കാം. ഇത് പണം ലാഭിക്കാന്‍ സഹായിക്കും.
അടിയന്തര ഘട്ടങ്ങളില്‍ സഹായിക്കാന്‍ ഒരാള്‍ വേണമെന്നും ക്ലെയിം സംബന്ധമായ കാര്യങ്ങളില്‍ വലിയ ധാരണയില്ലെന്നും ഉണ്ടെങ്കില്‍ ഒരു വിശ്വസ്തനായ ഏജന്റിനെയോ ബ്രോക്കറെയോ സമീപിക്കുന്നതാണ് നല്ലത്.
ചുരുക്കത്തില്‍, നല്‍കുന്ന ചെറിയ അധിക തുക ക്ലെയിം സമയത്ത് ലഭിക്കുന്ന വലിയൊരു കൈത്താങ്ങായി കാണാവുന്നതാണ്.