
ഇന്ത്യയിൽ വലിയ ആഘോഷമാക്കി കൊണ്ടാടുന്ന ഒന്നാണ് വിവാഹം. ഒരു വശത്ത് വളരെ ചെലവ് കുറഞ്ഞ രജിസ്റ്റർ മാരേജുകളുടെ എണ്ണം വർധിച്ചു വരുന്നുണ്ടെങ്കിലും മറു വശം ആഡംബര വിവാഹങ്ങളുടെ എണ്ണവും കൂടുകയാണ്. ഡെസ്റ്റിനേഷൻ വിവാഹങ്ങൾ, ആഭരണങ്ങൾ, അതിഥി സൽക്കാരം, ലക്ഷ്വറി ഫോട്ടോഗ്രഫി എന്നിവയെല്ലാം കഴിയുമ്പോഴേക്ക് ഒരു വലിയ സംഖ്യ ഇതിനായി ചെലവാകും. ഒരു ശരാശരി മിഡിൽ ക്ലാസ് വിവാഹങ്ങളുടെ ബജറ്റ് 10 ലക്ഷം മുതൽ 50 ലക്ഷം വരെയായി കണക്കു കൂട്ടാം. ഇതിൽത്തന്നെ നേരത്തെ ഒരുക്കങ്ങൾ നടത്തിയിട്ടുള്ള വിവാഹങ്ങൾക്കാകും ഇത്തിരിയെങ്കിലും റിലാക്സേഷൻ കിട്ടുക.
ഇങ്ങനെ നാളുകൾ പോകുന്തോറും വിവാഹ ബജറ്റും കൂടി വരുമ്പോൾ, വിവാഹ ആവശ്യങ്ങൾക്കായി പേഴ്സണൽ ലോണുകളെടുക്കുന്ന ആളുകളുടെ എണ്ണവും കൂടി വരികയാണ്. അധിക ഡോക്യുമെന്റേഷനുകളോ മറ്റോ ഇല്ലാതെ എളുപ്പത്തിൽ പണം കയ്യിൽക്കിട്ടുന്ന ഓപ്ഷനാണ് പേഴ്സണൽ ലോൺ എന്നത് തന്നെയാണ് ഇതിന്റെ പ്രധാന കാരണം. സാധാരണ ഗതിയിൽ അപേക്ഷിച്ച് മാക്സിമം 72 മണിക്കൂറിനുള്ളിൽ തുക കയ്യിൽക്കിട്ടുകയും ചെയ്യും. കൂടാതെ ഒരു അത്യാവശ്യ ഘട്ടത്തിൽ സ്വർണമോ മറ്റ് ആസ്തികളോ പണയം വക്കേണ്ടിയും വരില്ല. നിങ്ങളുടെ വരുമാനവും ക്രെഡിറ്റ് സ്കോറും അനുസരിച്ച് ലോൺ ലഭിക്കുകയും ചെയ്യും. 12 മുതൽ 60 മാസം വരെ കാലാവധിയോടെ നിങ്ങൾക്ക് ഫ്ലെക്സിബിളായി പണം തിരിച്ചടക്കുകയും ചെയ്യാം.
മേൽപ്പറഞ്ഞതൊക്കെയാണെങ്കിലും ഇതിന്റെ മറുവശവും നമ്മൾ ആലോചിക്കേണ്ടതുണ്ട്. പരമാവധി ഒരാഴ്ച്ചത്തേക്ക് നീണ്ടു നിൽക്കുന്നതാണ് വിവാഹ ആഘോഷങ്ങൾ. എന്നാൽ എടുത്ത ലോൺ അടച്ചു തീർക്കാൻ ചിലപ്പോൾ വർഷങ്ങളെടുക്കും. മറ്റു പല സാമ്പത്തിക ആവശ്യങ്ങളും പിന്നേക്ക് നീക്കി വച്ച് നിങ്ങളുടെ വരുമാനത്തിന്റെ ഒരു വലിയ തുക നീക്കി വക്കേണ്ട അവസ്ഥ വരെ വന്നേക്കാം. 10% മുതൽ 24% വരെ പലിശയിനത്തിൽ അടക്കേണ്ടി വരികയെന്ന് പറയുന്നത് തീരെ ചെറിയ സംഖ്യയാകില്ല. നിങ്ങൾ കടമെടുത്ത തുകയുടെ കൂടെ വലിയൊരു സംഖ്യ വേറെയും അടക്കേണ്ടി വരുമെന്ന് ശ്രദ്ധിക്കുക. എന്തെങ്കിലും കാരണവശാൽ നിങ്ങൾ പണം തിരിച്ചടക്കുന്നതിൽ പരാജയപ്പെട്ടാൽ ക്രെഡിറ്റ് സ്കോർ അത്രയും കുറയുമെന്നും ഓർക്കുക. വളരെ എളുപ്പത്തിൽ കിട്ടുന്ന ലോണായതു കൊണ്ട് തന്നെ അനാവശ്യമായ കാര്യങ്ങൾക്ക് പേഴ്സണൽ ലോണെടുക്കാനുള്ള പ്രവണത കൂടുകയും ചെയ്യും. സ്വയം സാമ്പത്തിക അച്ചടക്കം പാലിക്കാൻ പ്രാപ്തരാവുക എന്നത് മാത്രമാണ് ഓവർ സ്പെൻഡിംഗ് പോലുള്ളവ തടയാനുള്ള ഒരേയൊരു വഴി.
കൃത്യമായി വരുമാനമുണ്ട്, ഇഎംഐ ഈസിയായി അടക്കാൻ കഴിയും എന്നൊക്കെ അത്രയും ഉറപ്പുള്ളവർക്ക് മാത്രം തെരഞ്ഞെടുക്കാവുന്ന ഒന്നാണ് പേഴ്സണൽ ലോണുകൾ. കയ്യിൽ സേവിംഗ്സ് ഉള്ള, നിക്ഷേപങ്ങളിൽ കൈവക്കാതെ ഒരാവശ്യം നടക്കണമെന്ന് കരുതുന്നവർക്കും പേഴ്സണൽ ലോൺ അപകടമല്ലാത്ത ഒരു ഓപ്ഷനാണ്. ലോണെടുക്കുന്നവരും അതത് സമയത്തെ ബാങ്കുകളിലെ പലിശ നിരക്കുകൾ താരതമ്യം ചെയ്ത് നോക്കി എടുക്കുക. ഇനി കയ്യിൽ സ്വർണമുണ്ടെങ്കിൽ കുറഞ്ഞ പലിശ നിരക്കിൽ ലഭിക്കുന്ന ഗോൾഡ് ലോണുകൾ പരിഗണിക്കാം. ചെറിയ ആവശ്യങ്ങളാണ് ഉള്ളതെങ്കിൽ ക്രെഡിറ്റ് കാർഡ് ഇഎംഐകൾ മതിയാകും. സാമ്പത്തിക ഭാരം കുറക്കുന്നതിന് കുടുംബാംഗങ്ങളോട് കോസ്റ്റ് ഡിവൈഡ് ചെയ്യുന്നതിനെപ്പറ്റിയും ആലോചിക്കാവുന്നതാണ്.
ചുരുക്കിപ്പറഞ്ഞാൽ നിങ്ങളുടെ ഇപ്പോഴത്തെ വരുമാനം, ജീവിത പങ്കാളിയുടെ വരുമാനം, ഭാവിയിൽ വരാവുന്ന അധിക ചെലവുകൾ, നിങ്ങളുടെ സാമ്പത്തിക അച്ചടക്കം എന്നിവയൊക്കെ പരിഗണിച്ച് പേഴ്സണൽ ലോണിന് അപേക്ഷിക്കുക. നിങ്ങളുടെ വിവാഹ ഒരുക്കങ്ങൾക്ക് സമയം ലഭിച്ചിട്ടുണ്ടെങ്കിൽ അതിനനുസരിച്ച് സാമ്പത്തികം കൃത്യമായി പ്ലാൻ ചെയ്യാം. മുഴുവൻ ബാധ്യതകളോടെ ഒരു വിവാഹത്തിലേക്ക് കടക്കുന്നതും, പിന്നീടങ്ങോട്ട് സഞ്ചരിക്കുന്നതും മാനസികമായും നിങ്ങളിൽ ബുദ്ധിമുട്ടുണ്ടാക്കിയേക്കും. സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധയോടെ, സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാം..