ഒക്ടോബര്‍ 15 മുതല്‍ യുപിഐ ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് വരുമോ? ഉപഭോക്താക്കളെ ബാധിക്കുമോ? അറിയേണ്ടതെല്ലാം

Published : Sep 25, 2026, 04:27 PM IST
UPI Payment fee

Synopsis

ഒക്ടോബർ 15 മുതൽ 2,000 രൂപയ്ക്ക് മുകളിലുള്ള ചില യുപിഐ ഇടപാടുകൾക്ക് സർവീസ് ചാർജ് ഏർപ്പെടുത്തുന്നു. എന്നാൽ ഈ മാറ്റം സാധാരണക്കാരെയോ ചെറുകിട വ്യാപാരികളെയോ ബാധിക്കില്ല. പ്രതിമാസം ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ യുപിഐ വഴി നേടുന്ന വൻകിട വ്യാപാരികൾക്കാണ് ഈ ഫീസ് ബാധകമാകുക.

ഒക്ടോബര്‍ 15 മുതല്‍ യുപിഐ പേയ്മെന്റുകളില്‍ സുപ്രധാനമായ ചില മാറ്റങ്ങള്‍ വരികയാണ്. 2,000 രൂപയ്ക്ക് മുകളിലുള്ള ചില ഇടപാടുകള്‍ക്ക് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് അഥവാ സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തുന്നു എന്നതാണ് പ്രധാന മാറ്റം. പുതിയ നിയമം സാധാരണക്കാരെ ബാധിക്കുമോ? ആര്‍ക്കൊക്കെയാണ് ഈ ഫീസ് നല്‍കേണ്ടി വരിക? വിശദമായി അറിയാം.

ഉപഭോക്താക്കള്‍ (സാധാരണക്കാര്‍)

  • യുപിഐ ഉപയോഗിക്കുമ്പോള്‍ ഉപഭോക്താക്കള്‍ ഫീസ് നല്‍കണോ?

വേണ്ട. ഈ ഫീസ് നല്‍കേണ്ടത് കച്ചവടക്കാരാണ്, ഉപഭോക്താക്കളല്ല. സാധനങ്ങള്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ പണമായി നല്‍കിയാലും കാര്‍ഡ് ഉപയോഗിച്ചാലും യുപിഐ ഉപയോഗിച്ചാലും ഒരേ വില തന്നെ നല്‍കിയാല്‍ മതിയാകും.

  • സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ പണം അയക്കുമ്പോള്‍ ചാര്‍ജ് വരുമോ?

ഇല്ല. യുപിഐ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് വ്യക്തികള്‍ തമ്മില്‍ നടത്തുന്ന ഇത്തരം ഇടപാടുകള്‍ക്ക് യാതൊരു ഫീസും ഈടാക്കില്ല.

  • ഒടിടി, സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍, കറന്റ് ബില്‍ എന്നിവയ്ക്കുള്ള യുപിഐ ഓട്ടോപേ സംവിധാനത്തിന് ചാര്‍ജ് നല്‍കണോ?

വേണ്ട. ഇത്തരം പേയ്മെന്റുകള്‍ക്ക് ഉപഭോക്താക്കളോ വ്യാപാരികളോ യാതൊരുവിധ ഫീസും നല്‍കേണ്ടതില്ല.

പ്രതിമാസം 1 ലക്ഷത്തില്‍ താഴെ യുപിഐ വഴി ലഭിക്കുന്ന ചെറുകിട വ്യാപാരികള്‍

ആരാണ് ഈ ചെറുകിട വ്യാപാരികള്‍?

  • യുപിഐ ക്യുആര്‍ കോഡ് വഴി സ്വന്തം അക്കൗണ്ടിലേക്ക് ഒരു മാസം പരമാവധി ഒരു ലക്ഷം രൂപ വരെ സ്വീകരിക്കുന്ന വഴിയോര കച്ചവടക്കാര്‍ക്ക് ഫീസ് ബാധകമാണോ?

അല്ല. ഈ വിഭാഗത്തിലുള്ള കച്ചവടക്കാര്‍ക്ക് ഒരു ഇടപാട് 2,000 രൂപയ്ക്ക് മുകളിലായാല്‍ പോലും യാതൊരു ഫീസും നല്‍കേണ്ടതില്ല.

  • മാസവരുമാനം ഒരു ലക്ഷം കഴിഞ്ഞാല്‍ എന്ത് സംഭവിക്കും?

തുടര്‍ച്ചയായ മൂന്ന് മാസം ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ യുപിഐ വഴി പണം സ്വീകരിച്ചാല്‍ ഇവരെ ബാങ്കുകള്‍ പി2എം കാറ്റഗറിയിലേക്ക് മാറ്റും. അതിനുശേഷം മാത്രമേ അവര്‍ക്ക് ഫീസ് ബാധകമാകൂ.

പ്രതിമാസം 1 ലക്ഷത്തിന് മുകളില്‍ ലഭിക്കുന്ന വന്‍കിട വ്യാപാരികള്‍

  • ആരാണ് ഫീസ് നല്‍കേണ്ടത്? എത്രയാണ് തുക?

പി2എം കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന വലിയ ബിസിനസുകാര്‍ക്കാണ് 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് 0.4 ശതമാനം ഫീസ് നല്‍കേണ്ടി വരിക. 2,000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് യാതൊരു ഫീസും നല്‍കേണ്ടതില്ല. 75,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ഈടാക്കുന്ന പരമാവധി ഫീസ് 300 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.

  • എങ്ങനെയാണ് ഇത് ഈടാക്കുന്നത്? ഒരു ഉദാഹരണം നോക്കാം.

ഒരു വലിയ സൂപ്പര്‍ മാര്‍ക്കറ്റില്‍ നടക്കുന്ന മൂന്ന് ഇടപാടുകള്‍ ശ്രദ്ധിക്കുക.

ഉദാ.1: ഒരാള്‍ 1,500 രൂപയുടെ സാധനം വാങ്ങുന്നു. ഇവിടെ തുക 2000-ല്‍ താഴെയായതിനാല്‍ വ്യാപാരി ഫീസ് നല്‍കേണ്ടതില്ല.

ഉദാ. 2: രണ്ടാമതൊരാള്‍ 10,000 രൂപയുടെ സാധനം വാങ്ങുന്നു. തുക 2,000 കഴിഞ്ഞതിനാല്‍ വ്യാപാരി 0.4% തുകയായ 40 രൂപയും അതിന്റെ ജിഎസ്ടിയും യുപിഐ സേവനം നല്‍കുന്ന ബാങ്കിന് നല്‍കണം.

ഉദാ. 3: മൂന്നാമതൊരാള്‍ 1 ലക്ഷം രൂപയുടെ സാധനം വാങ്ങുന്നു. 0.4% പ്രകാരം 400 രൂപ വരും. എന്നാല്‍ 75,000 രൂപയ്ക്ക് മുകളിലുള്ള ഏത് തുകയ്ക്കും പരമാവധി 300 രൂപ മാത്രമേ ഫീസായി ഈടാക്കൂ. അതിനാല്‍ വ്യാപാരി 300 രൂപയും അതിന്റെ ജിഎസ്ടിയും നല്‍കണം. ഈ മൂന്ന് സാഹചര്യങ്ങളിലും ഉപഭോക്താവ് സാധനത്തിന്റെ വില മാത്രം നല്‍കിയാല്‍ മതിയാകും

  • 2,000 രൂപ എന്ന പരിധി ഒരു ദിവസത്തേക്കുള്ളതാണോ?

അല്ല. ഇത് ഓരോ ഇടപാടിനും ഉള്ള പരിധിയാണ്. അതായത്, 2000 രൂപയ്ക്ക് താഴെയുള്ള എത്ര ഇടപാടുകള്‍ വേണമെങ്കിലും വ്യാപാരികള്‍ക്ക് സൗജന്യമായി നടത്താം.

മറ്റ് പ്രധാന വിവരങ്ങള്‍

പ്രത്യേക കാറ്റഗറികള്‍ക്കുള്ള ഇളവ്: റെയില്‍വേ, ടെലികോം, ഇന്‍ഷുറന്‍സ്, ഇന്ധനം, ബില്‍ പേയ്മെന്റുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ പ്രത്യേക കാറ്റഗറികള്‍ക്ക് 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ഓരോ ഇടപാടിനും 5 രൂപ മാത്രമായിരിക്കും ഫീസ്.

കാര്‍ഡുകളെക്കാള്‍ ലാഭകരം യുപിഐ: ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണം സ്വീകരിക്കുമ്പോള്‍ വ്യാപാരികള്‍ക്ക് സാധാരണ 1.5% മുതല്‍ 2.5% വരെയും ഡെബിറ്റ് കാര്‍ഡുകള്‍ക്ക് 0.90% വരെയുമാണ് എംഡിആര്‍ നല്‍കേണ്ടി വരുന്നത്. എന്നാല്‍ വലിയ വ്യാപാരികള്‍ക്ക് യുപിഐയില്‍ ഇത് വെറും 0.4 ശതമാനം മാത്രമാണ്.

PREV
Read more Articles on
click me!

Recommended Stories

ഇന്‍ഷുറന്‍സ് വിതരണ മേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്ക് സാധ്യത; ഇന്‍ഷുറന്‍സ് കമ്മീഷനുകളില്‍ വന്‍ വെട്ടിക്കുറവുകളുമായി ഐആര്‍ഡിഎഐ
ആദ്യത്തെ ഭവനവായ്പ അടച്ച് തീര്‍ന്നിട്ടില്ല! രണ്ടാമതൊരു വീട് കൂടി വാങ്ങാൻ പറ്റുമോ? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം