
ഭവനവായ്പ എടുക്കാന്‍ തീരുമാനിക്കുമ്പോള്‍ നമ്മള്‍ ആദ്യം നോക്കുന്നത് പലിശനിരക്കാണ്. ഒരു ബാങ്ക് 8.2 ശതമാനവും മറ്റൊരു ബാങ്ക് 8.5 ശതമാനവും പലിശ വാഗ്ദാനം ചെയ്താല്‍, കുറഞ്ഞ പലിശയുള്ള ബാങ്ക് തന്നെ നമ്മള്‍ തിരഞ്ഞെടുക്കും. എന്നാല്‍, പരസ്യങ്ങളില്‍ കാണുന്ന ഈ പലിശനിരക്ക് പൂര്‍ണമായ ഒരു ചിത്രമല്ല നല്‍കുന്നത് എന്നതാണ് യാഥാര്‍ഥ്യം. ഈ പലിശനിരക്കിന് പിന്നില്‍ ഒളിച്ചിരിക്കുന്ന ഒരു പ്രധാന ഘടകമുണ്ട്. അതാണ് 'സ്‌പ്രെഡ്'. ഒരേ ബാങ്കില്‍ നിന്ന് സമാനമായ തുക വായ്പ എടുക്കുന്ന രണ്ടുപേര്‍ക്ക് വ്യത്യസ്ത പലിശനിരക്ക് വരുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കാന്‍ ഈ സ്‌പ്രെഡ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അറിഞ്ഞിരിക്കണം.
ഇന്ത്യയില്‍ ഇന്നുള്ള മിക്ക ഫ്‌ലോട്ടിങ്- റേറ്റ് ഭവനവായ്പകളും റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്ക് പോലുള്ള ഒരു അടിസ്ഥാന നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ളതാണ്. ബാങ്കുകളും ഫിനാന്‍സ് കമ്പനികളും ഈ അടിസ്ഥാന നിരക്കിനൊപ്പം തങ്ങളുടെ 'സ്‌പ്രെഡ്' കൂടി ചേര്‍ത്താണ് വായ്പയെടുക്കുന്നയാളുടെ അന്തിമ പലിശനിരക്ക് തീരുമാനിക്കുന്നത്. ലളിതമായി പറഞ്ഞാല്‍, ഇത് ബാങ്കിന്റെ ലാഭവിഹിതമാണ്. ഉദാഹരണത്തിന്, അടിസ്ഥാന നിരക്ക് 6 ശതമാനവും ബാങ്കിന്റെ സ്‌പ്രെഡ് 2.5 ശതമാനവും ആണെങ്കില്‍, അടയ്‌ക്കേണ്ട പലിശനിരക്ക് 8.5 ശതമാനമായിരിക്കും. മിക്കവരും ഈ അന്തിമ നിരക്ക് മാത്രമേ ശ്രദ്ധിക്കാറുള്ളൂ, അതില്‍ എത്ര ശതമാനം അടിസ്ഥാന നിരക്കാണെന്നും എത്ര ശതമാനം സ്‌പ്രെഡ് ആണെന്നും ചോദിച്ചറിയാറില്ല.
ഒറ്റനോട്ടത്തില്‍ 8.2 ശതമാനവും 8.6 ശതമാനവും തമ്മില്‍ വലിയ വ്യത്യാസമൊന്നും തോന്നില്ല. പ്രതിമാസ തിരിച്ചടവില്‍ ചെറിയൊരു വര്‍ധനവ് മാത്രമേ അപ്പോള്‍ കാണുകയുള്ളൂ. എന്നാല്‍ 20-ഓ 25-ഓ വര്‍ഷത്തേക്ക് വായ്പ തുടരുമ്പോഴാണ് ഈ ചെറിയ വ്യത്യാസത്തിന്റെ യഥാര്‍ത്ഥ മുഖം വ്യക്തമാകുന്നത്. പലിശയിലെ ഈ ചെറിയ വര്‍ധനവ് വഴി ഇഎംഐ-കളില്‍ ആയിരക്കണക്കിന് രൂപയും, വായ്പാ കാലാവധി തീരുമ്പോഴേക്കും ലക്ഷക്കണക്കിന് രൂപയുമാണ് അധികമായി അടയ്‌ക്കേണ്ടി വരിക. അതുകൊണ്ട് പരസ്യങ്ങളില്‍ കാണുന്ന നിരക്ക് മാത്രം നോക്കി വായ്പകള്‍ താരതമ്യം ചെയ്യുന്നത് ചിലപ്പോള്‍ അബദ്ധമായേക്കാം. ആ നിരക്കിന് പിന്നില്‍ എന്തൊക്കെയുണ്ടെന്ന് മനസിലാക്കുന്നത് വളരെ പ്രധാനമാണ്.
ഒരാള്‍ക്കുള്ള സ്‌പ്രെഡ് ആയിരിക്കില്ല മറ്റൊരാള്‍ക്ക്
ഈ സ്‌പ്രെഡ് എല്ലാവര്‍ക്കും ഒരുപോലെ ആയിരിക്കില്ല എന്നതാണ് പലരെയും കുഴപ്പത്തിലാക്കുന്ന ഒരു കാര്യം. ക്രെഡിറ്റ് സ്‌കോര്‍, വരുമാനത്തിന്റെ സ്ഥിരത, തൊഴില്‍, വായ്പാ തുക, മൊത്തത്തിലുള്ള തിരിച്ചടവ് ശേഷി എന്നിവയെല്ലാം പരിശോധിച്ച ശേഷമാണ് ബാങ്കുകള്‍ എത്ര സ്‌പ്രെഡ് വേണമെന്ന് തീരുമാനിക്കുന്നത്. മികച്ച ക്രെഡിറ്റ് സ്‌കോറും കൃത്യമായ സാമ്പത്തിക അടിത്തറയുമുള്ള ഒരാള്‍ക്ക് കുറഞ്ഞ സ്‌പ്രെഡില്‍ വായ്പ ലഭിച്ചേക്കാം. എന്നാല്‍ സാമ്പത്തികമായി റിസ്‌ക് കൂടുതലുള്ള ഒരാള്‍ക്ക് സ്‌പ്രെഡ് നിരക്ക് കൂടുതലായിരിക്കും. അതായത്, നല്ലൊരു ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്തുന്നത് വഴി വായ്പയുടെ മൊത്തം ചെലവ് കുറയ്ക്കാന്‍ സാധിക്കും.
ഒപ്പിടും മുന്‍പ് ഇതുകൂടി ചോദിക്കാം
ഭവനവായ്പയുടെ രേഖകളില്‍ ഒപ്പുവെക്കുന്നതിന് മുന്‍പ് ഇഎംഐ എത്രയാണെന്ന് മാത്രം ചോദിച്ചാല്‍ പോരാ. ബാങ്ക് ഉപയോഗിക്കുന്ന അടിസ്ഥാന നിരക്ക് ഏതാണ്, അതിനൊപ്പം എത്രയാണ് സ്‌പ്രെഡ് ചേര്‍ത്തിട്ടുള്ളത്, വായ്പാ കാലയളവില്‍ പ്രത്യേക സാഹചര്യങ്ങളില്‍ ഈ സ്‌പ്രെഡ് മാറുകയോ വര്‍ധിക്കുകയോ ചെയ്യുമോ തുടങ്ങിയ കാര്യങ്ങള്‍ കൂടി ചോദിച്ചറിയണം.ബാങ്കുകള്‍ നല്‍കുന്ന വിവിധ ഓഫറുകള്‍ താരതമ്യം ചെയ്യാനും, വായ്പയുടെ യഥാര്‍ത്ഥ ചെലവ് മനസിലാക്കാനും ഇത് സഹായിക്കും.
ഭവനവായ്പകളെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ അത് സാധാരണയായി പലിശനിരക്കില്‍ തുടങ്ങി അവിടെത്തന്നെ അവസാനിക്കുകയാണ് പതിവ്. എന്നാല്‍ ഈ പലിശനിരക്ക് എങ്ങനെയാണ് കണക്കാക്കുന്നത് എന്ന് പരിശോധിക്കുമ്പോഴാണ് സമാനമെന്ന് തോന്നുന്ന രണ്ട് വായ്പകള്‍ തമ്മിലുള്ള വലിയ വ്യത്യാസം മനസ്സിലാകുന്നത്. അതുകൊണ്ട് വായ്പയെടുക്കുന്നതിന് മുന്‍പ് ബാങ്കുകളോട് ഈ കാര്യങ്ങള്‍ കൂടി ചോദിച്ചു മനസിലാക്കുന്നത് ഭാവിയില്‍ വലിയ ഗുണം ചെയ്യും. സ്‌പ്രെഡ് എന്നത് തുടക്കത്തില്‍ ഒരു ചെറിയ കാര്യമായി തോന്നാമെങ്കിലും, 20 വര്‍ഷത്തിലധികം നീളുന്ന വായ്പകളില്‍ ഇഎംഐയെയും അടച്ചു തീര്‍ക്കുന്ന മൊത്തം പലിശയെയും വലിയ രീതിയില്‍ സ്വാധീനിക്കാന്‍ ഈ നമ്പറിന് സാധിക്കും.