
സ്വന്തമായി ഒരു വീട് വയ്ക്കുക, അല്ലെങ്കിൽ വീട് വാങ്ങുക എന്നത് 30കളിലേക്ക് കടക്കുന്ന ഏതൊരാളുടെയും ആഗ്രഹമാണ്. ആഗ്രഹത്തിലുമുപരി ഒരു വീട് സ്വന്തമാക്കുക എന്നത് മലയാളിയെ സംബന്ധിച്ച് അഭിമാനത്തിന്റെ കൂടെ പ്രശ്നമാണ്. ജോലി കിട്ടി, പതിയെ ഒരു വണ്ടി വാങ്ങിക്കഴിഞ്ഞാൽ മിക്ക മിഡിൽ ക്ലാസ് യുവാക്കളുടെയും ടെൻഷൻ വീട് വക്കാനുള്ള പണം സ്വരൂപിക്കലിനെക്കുറിച്ചായിരിക്കും. എന്നാൽ പണ്ടത്തെക്കാലത്തെ അപേക്ഷിച്ച് ജനിച്ചു വളർന്ന സ്ഥലത്തല്ല പലരും പിന്നീടുള്ള ജീവിതം കെട്ടിപ്പടുക്കുന്നത്. എന്നാലും റിട്ടയർമെന്റ് കാലം പ്ലാൻ ചെയ്യുമ്പോഴേക്കും വീട് വേണമെന്നത് പലരുടെയും വലിയ ആഗ്രഹമാണ്. ഇത്തരക്കാർക്ക് എപ്പോഴുമുള്ള വലിയ സംശയമാണ് വീട് വാടകക്കെടുക്കണോ അതോ വാങ്ങണോ എന്നുള്ളത്. ഒരു മിഡിൽ ക്ലാസ്, അപ്പർ മിഡിൽ ക്ലാസ് ഫാമിലിയെ സംബന്ധിച്ച് ശമ്പളത്തിൽ നിന്ന് വാടക ഇനത്തിൽ പണം ചെലവഴിക്കുമ്പോൾ, വീട് വാങ്ങാൻ ലോൺ തന്നെയാണ് മാർഗം. ഇത് താരതമ്യം ചെയ്ത് നോക്കാം..
ഉദാഹരണത്തിനായി, ഒരു കോടി രൂപ വിലമതിക്കുന്ന ഒരു വീടിനായി 20 വർഷം ലോണടക്കേണ്ടി വരുന്ന പ്രകാരം കണക്കാക്കി നോക്കാം. 2025 ൽ കൊച്ചി, തിരുവനന്തപുരം പോലുള്ള നഗരങ്ങൾക്ക് ഒത്ത നടുക്കായി രണ്ടോ മൂന്നോ മുറിയുള്ള, അത്യാവശ്യം നല്ല ഒരു വീടോ ഫ്ലാറ്റോ വാങ്ങുന്നതിന് ഒരു കോടിക്കടുത്ത് തുക കണക്കാക്കാം. ഇവയ്ക്ക് ഏതാണ്ട് 20 ശതമാനത്തോളം തുക മുൻകൂറായി അടയ്ക്കേണ്ടി വരും. ബാക്കി 80 ലക്ഷം രൂപ ഭവന വായ്പയായി എടുക്കാമെന്ന് കരുതുക.
20 വർഷത്തേക്ക് ശരാശരി 8.5% പലിശ നിരക്കിൽ ലഭിക്കുന്ന ഭവനവായ്പയ്ക്ക് പ്രതിമാസ ഇഎംഐ ഏകദേശം 69,426 രൂപയാണ്. അതായത് മൊത്തത്തിൽ, വാങ്ങുന്നയാൾ ഏകദേശം 86.6 ലക്ഷം രൂപ പലിശയായി മാത്രം നൽകേണ്ടിവരും. ഇങ്ങനെ കണക്കു കൂട്ടുമ്പോൾ ഡൗൺ പേയ്‌മെന്റായി 20 ലക്ഷം രൂപ, പ്രിൻസിപ്പൽ ലോൺ 80 ലക്ഷം രൂപ, പലിശയായി 86.6 ലക്ഷം രൂപ എന്നിങ്ങനെ ആകെ 1.86 കോടി രൂപയാണ് ചെലവാകുന്നത്.
അതേ സമയം, നിങ്ങളുടെ ലൊക്കേഷൻ ഇവിടെ വളരെ പ്രധാനമാണ്. നിങ്ങളുടെ പ്രോപ്പർട്ടിയുടെയും, സ്ഥലത്തിന്റെയും മൂല്യം അനുസരിച്ച് വില പ്രതിവർഷം 6% വർദ്ധിക്കുന്നുവെന്ന് കണക്കാക്കിയാൽ, ഈ വീടിന്റെ മൂല്യം 20 വർഷത്തിനുള്ളിൽ ഏകദേശം 3.21 കോടി രൂപയായി ഉയരും. ചുരുക്കത്തിൽ,1.86 കോടി രൂപ ചെലവഴിച്ചാലും, നിങ്ങൾക്ക് 3.21 കോടി രൂപയുടെ ആസ്തി ഉണ്ടാക്കാം.
ഇനി വീടോ ഫ്ലാറ്റോ വാടകക്കെടുക്കുന്നതിന്റെ കണക്കുകൾ നോക്കാം. അതേ നഗരത്തിൽ ഒരു കോടി രൂപ വിലമതിക്കുന്ന ഒരു വീടാണ് നിങ്ങൾ വാടകയ്‌ക്കെടുക്കുന്നത് എന്നിരിക്കട്ടെ, പ്രതിമാസം ഏകദേശം 40,000 രൂപ വാടകയിനത്തിൽ ചെലവാക്കുന്നുണ്ടെന്ന് കരുതുക. പ്രതിവർഷം ഏകദേശം 10% വാടക വർദ്ധനവോടെ, വാടക 20 വർഷത്തിനുള്ളിൽ 2.65 ലക്ഷം രൂപ വരെ എത്താൻ സാധ്യതയുണ്ട്. മൊത്തത്തിൽ 20 വർഷത്തിനുള്ളിൽ വാടക വീടുകൾക്കായി നിങ്ങൾ ഏകദേശം 2.75 കോടി രൂപ ചെലവഴിക്കാനിടയുണ്ട്. എന്നാൽ ഇതിനൊപ്പം നിങ്ങൾ ആസ്തി ബിൽഡ് ചെയ്യുന്നില്ല എന്നും ശ്രദ്ധിക്കുക.
ദീർഘകാലാടിസ്ഥാനത്തിൽ നോക്കുമ്പോൾ, ഒരു മിഡിൽ ക്ലാസ്, അപ്പർ മിഡിൽ ക്ലാസ് ഫാമിലിയെ സംബന്ധിച്ച് ഒരു വീട് സ്വന്തമാക്കുന്നത് കൂടുതൽ നേട്ടമുണ്ടാക്കും. ഒടുവിൽ ആസ്തി കയ്യിലിരിക്കും എന്നതാണ് അതിന്റെ കാരണം. ഇതേ കാലയളവിൽ അതേ ലക്ഷ്വറിയുള്ള ഒരു വീട് വാടകയ്‌ക്കെടുക്കുന്നതിന് ഒരേ ചിലവ് തന്നെയാണെങ്കിലും അതിൽ ഒരിക്കലും പിന്നീട് കാര്യമൊന്നുമുണ്ടാകില്ല. ഇങ്ങനെയൊക്കെ ആണെങ്കിലും ഇത് നിങ്ങളുടെ വരുമാനം, ജീവിതശൈലി, ലൊക്കേഷൻ, നിങ്ങളുടെ മറ്റ് പ്ലാനുകൾ എന്നിവയെ എല്ലാം ആശ്രയിച്ചിരിക്കുന്നു.