ഇന്ത്യയിലെ കോടീശ്വരന്മാര്‍ പണം നിക്ഷേപിക്കുന്നത് എവിടെയാണ്? സാധാരണക്കാര്‍ക്കും പഠിക്കാം

Published : May 20, 2026, 10:21 AM IST
Investment

Synopsis

ഇന്ത്യയിലെ കോടീശ്വരന്മാർ പരമ്പരാഗത നിക്ഷേപ മാർഗ്ഗങ്ങളായ മ്യൂച്വൽ ഫണ്ടുകൾ ഉപേക്ഷിച്ച് ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെൻ്റ് ഫണ്ടുകളിലേക്ക് (എഐഎഫ്) മാറുകയാണ്. പ്രത്യേകിച്ച്, മികച്ച വളർച്ചാ സാധ്യതയുള്ളതും എന്നാൽ അധികമാരും ശ്രദ്ധിക്കാത്തതുമായ ചെറുകിട-ഇടത്തരം സംരംഭങ്ങളിൽ (എസ്എംഇ) ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഫണ്ടുകൾക്കാണ് ഇപ്പോൾ ആവശ്യക്കാർ ഏറെയുള്ളത്. 

ഇന്ത്യയിലെ വന്‍കിട നിക്ഷേപകരുടെ പണം എങ്ങോട്ടേക്കാണ് പോകുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യത്തെ കോടീശ്വരന്മാര്‍ക്കിടയില്‍ (10 കോടി രൂപയോ അതില്‍ കൂടുതലോ ആസ്തിയുള്ള കുടുംബങ്ങള്‍) ഒരു വലിയ മാറ്റം പ്രകടമാണ്. ഒരുകാലത്ത് അവര്‍ക്ക് ഏറെ പ്രിയങ്കരമായിരുന്ന മ്യൂച്വല്‍ ഫണ്ടുകളോടോ റിയല്‍ എസ്റ്റേറ്റ് മേഖലയോടോ ഇപ്പോള്‍ പഴയതുപോലെയുള്ള താല്പര്യം ഇവര്‍ കാണിക്കുന്നില്ല. പകരം, അവര്‍ തങ്ങളുടെ കോടികള്‍ 'എഐഎഫ്' നിക്ഷേപങ്ങളിലേക്ക് മാറ്റുകയാണ്. അതില്‍ തന്നെ ചെറുകിട- ഇടത്തരം സംരംഭങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഫണ്ടുകള്‍ക്കാണ് ഇപ്പോള്‍ വലിയ ഡിമാന്‍ഡ്.

മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ഒരു 'വേഗപ്പൂട്ടുണ്ട്'

ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് മികച്ച സമ്പാദ്യശീലം ഉണ്ടാക്കിയെടുക്കുന്നതില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ വഴിയും മറ്റും ഓഹരി വിപണിയിലേക്ക് സാധാരണക്കാരെ എത്തിക്കാന്‍ ഇതിലൂടെ സാധിച്ചു. എന്നാല്‍ വലിയ ലാഭം ലക്ഷ്യമിടുന്നവര്‍ക്ക് മ്യൂച്വല്‍ ഫണ്ടുകളുടെ ചില നിയമങ്ങള്‍ ഒരു പരിമിതിയായി മാറാറുണ്ട്.

സെബിയുടെ നിക്ഷേപ വൈവിധ്യവല്‍ക്കരണ നിയമങ്ങള്‍ അനുസരിച്ച്, ഒരു മ്യൂച്വല്‍ ഫണ്ട് മാനേജര്‍ക്ക് ഫണ്ടിന്റെ വലിയൊരു പങ്ക് (ഉദാഹരണത്തിന് 20%) ഒരു നിശ്ചിത കമ്പനിയില്‍ മാത്രം നിക്ഷേപിക്കാന്‍ കഴിയില്ല. മികച്ച വളര്‍ച്ചാ സാധ്യതയുള്ള, എന്നാല്‍ വിപണി മൂല്യം 200 കോടിയോളം മാത്രമുള്ള ചെറിയ കമ്പനികളില്‍ വലിയ തുക നിക്ഷേപിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് സാധിക്കില്ല. റിസ്‌ക് കുറയ്ക്കാന്‍ നിക്ഷേപം പലയിടങ്ങളിലായി വീതിച്ചു നല്‍കണം എന്നുള്ളതുകൊണ്ടാണിത്. എന്നാല്‍, ഇന്ത്യന്‍ വിപണിയുടെ വളര്‍ച്ച പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന വന്‍കിട നിക്ഷേപകര്‍ക്ക് ഇത് പലപ്പോഴും ഒരു 'വേഗപ്പൂട്ട്' പോലെ അനുഭവപ്പെടാം.

എന്താണ് ഈ എഐഎഫ്?

മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ രീതിയിലാണ് ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. പ്രത്യേകിച്ച് കാറ്റഗറി I, കാറ്റഗറി III എഐഎഫുകളില്‍ ഫണ്ട് മാനേജര്‍മാര്‍ക്ക് മികച്ച വളര്‍ച്ചാ സാധ്യതയുള്ള കുറച്ചു കമ്പനികളെ മാത്രം തിരഞ്ഞെടുത്ത് കൂടുതല്‍ ആഴത്തില്‍ പഠനം നടത്തി വലിയ തുക നിക്ഷേപിക്കാന്‍ സാധിക്കും.

ഇത്തരം ഫണ്ടുകളില്‍ നിക്ഷേപിക്കാനുള്ള ഏറ്റവും കുറഞ്ഞ തുക 1 കോടി രൂപയാണ്. അതുകൊണ്ടു തന്നെ സാധാരണക്കാര്‍ക്ക് ഇതില്‍ നേരിട്ട് നിക്ഷേപിക്കാന്‍ കഴിയില്ല. ഉയര്‍ന്ന റിസ്‌ക് എടുക്കാന്‍ ശേഷിയുള്ള, ദീര്‍ഘകാല നിക്ഷേപകരെ മാത്രമാണ് ഈ ഫണ്ടുകള്‍ ലക്ഷ്യമിടുന്നത്.

ആരും ശ്രദ്ധിക്കാത്ത 'എസ്എംഇ'

ബിഎസ്ഇ എസ്എംഇ , എന്‍എസ്ഇ ഇമേര്‍ജ് പ്ലാറ്റ്ഫോമുകളിലായി അയ്യായിരത്തിലധികം ചെറുകിട കമ്പനികള്‍ ഇന്ത്യയില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ വലിയ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഫണ്ടുകള്‍ക്കോ സാധാരണ നിക്ഷേപകര്‍ക്കോ ഇവയെക്കുറിച്ച് വലിയ ധാരണയുണ്ടാകാറില്ല. പ്രതിരോധ മേഖലയ്ക്ക് ആവശ്യമായ ഘടകങ്ങള്‍ നിര്‍മ്മിക്കുന്നവര്‍, സ്‌പെഷ്യാലിറ്റി കെമിക്കലുകള്‍, ആഭ്യന്തര ലോജിസ്റ്റിക്‌സ്, ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലെ ഇപിസി കമ്പനികള്‍ എന്നിവയെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഇവയില്‍ പല കമ്പനികളും പ്രതിവര്‍ഷം 25% മുതല്‍ 40% വരെ വരുമാന വളര്‍ച്ച നേടുന്നവയാണ്. ഇവയുടെ സാമ്പത്തിക ഭദ്രതയും മികച്ചതാണ്. വലിയ ഫണ്ടുകള്‍ക്ക് കടന്നുചെല്ലാന്‍ പറ്റാത്ത ഇത്തരം ഇടങ്ങളിലേക്കാണ് എഐഎഫ് ഫണ്ടുകള്‍ പണമിറക്കുന്നത്.

2026 ഏപ്രിലിലെ വിപണി തെളിവ്

2026 ഏപ്രില്‍ മാസം ആഗോള വിപണികള്‍ക്ക് അസ്ഥിരത നിറഞ്ഞതായിരുന്നു. രാഷ്ട്രീയ പിരിമുറുക്കങ്ങളും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും കാരണം പ്രമുഖ സൂചികകളെല്ലാം ഉലഞ്ഞു. എന്നാല്‍ ആഭ്യന്തര വിപണിയെ മാത്രം ആശ്രയിച്ചു വളരുന്ന ഇത്തരം ഇന്ത്യന്‍ എസ്എംഇ കമ്പനികള്‍ക്ക് ആഗോള പ്രതിസന്ധികള്‍ വലിയ തിരിച്ചടിയുണ്ടാക്കിയില്ല. ഈ പ്രതിസന്ധി ഘട്ടത്തിലും എസ്എംഇ കേന്ദ്രീകൃത ഫണ്ടുകള്‍ പ്രമുഖ സൂചികകളേക്കാള്‍ ഏറെ മുന്നിലെത്തി. ഇന്ത്യയുടെ യഥാര്‍ത്ഥ വളര്‍ച്ചാ എഞ്ചിന്‍ നിഫ്റ്റി 50 കമ്പനികള്‍ മാത്രമല്ല, മറിച്ച് 500 കോടി മുതല്‍ 2000 കോടി രൂപ വരെ വിപണി മൂല്യമുള്ള ഇത്തരം വളര്‍ന്നുവരുന്ന കമ്പനികള്‍ കൂടിയാണെന്ന വന്‍കിട നിക്ഷേപകരുടെ ചിന്ത ശരിവെക്കുന്നതായിരുന്നു ഇത്.

സാധാരണ നിക്ഷേപകര്‍ക്ക് ഇതില്‍ നിന്ന് എന്ത് പഠിക്കാം?

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായി മാറിക്കൊണ്ടിരിക്കുന്ന, അധികം ആരും ശ്രദ്ധിക്കാത്ത ആഭ്യന്തര വിപണി കേന്ദ്രീകൃത കമ്പനികളിലാണ് വലിയ വളര്‍ച്ച ഒളിഞ്ഞിരിക്കുന്നത്. അടുത്ത ഒരു ദശകത്തിനുള്ളില്‍ മികച്ച സമ്പാദ്യം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍, യഥാര്‍ത്ഥ വളര്‍ച്ചയുള്ള ഇത്തരം മേഖലകളില്‍ നിങ്ങള്‍ നിക്ഷേപം നടത്തിയിട്ടുണ്ടോ എന്ന് സ്വയം വിലയിരുത്തുക. വലിയ നിക്ഷേപകര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ കണ്ടെത്തിയ ഈ വഴി ഇപ്പോഴും സാധാരണക്കാര്‍ക്ക് മുന്നില്‍ തുറന്നു കിടക്കുകയാണ്.

ശ്രദ്ധിക്കുക : ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ തികച്ചും അറിവിലേക്കായി മാത്രമുള്ളതാണ്. ഇത് വിപണിയിലെ നിക്ഷേപങ്ങള്‍ക്കുള്ള നേരിട്ടുള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി വിപണിയിലെയും എഐഎഫുകളിലെയും നിക്ഷേപങ്ങള്‍ വിപണിയിലെ വലിയ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപ പദ്ധതികളുടെ മുന്‍കാലങ്ങളിലെ മികച്ച പ്രകടനം ഭാവിയിലും അതേപടി ആവര്‍ത്തിക്കുമെന്ന് ഉറപ്പ് നല്‍കുന്നില്ല. നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പ് സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ ഉപദേശം തേടേണ്ടതും സ്വന്തം നിലയില്‍ കൃത്യമായ പഠനങ്ങള്‍ നടത്തേണ്ടതുമാണ്. സാമ്പത്തിക തീരുമാനങ്ങള്‍ മൂലമുണ്ടാകുന്ന യാതൊരുവിധ നഷ്ടങ്ങള്‍ക്കും ഈ ലേഖനം ഉത്തരവാദിയായിരിക്കില്ല.

PREV
Read more Articles on
click me!

Recommended Stories

വീടുകളിലും ലോക്കറിലുമിരിക്കുന്ന പഴയ സ്വര്‍ണമെവിടെ? ഇന്ത്യക്കാരുടെ 'മൈൻഡ്' ആകെ മാറിയെന്ന് റിപ്പോ‍ർട്ടുകൾ
കുട്ടികൾക്കുള്ള പണം ഇനി കയ്യിൽ കൊടുത്തയക്കേണ്ട, 'പോക്കറ്റ് മണി' പുതിയ മാർഗമാക്കാം, പുത്തന്‍ ഫീച്ചറുമായി പേടിഎം