കായിക ലോകത്ത് നിന്ന് തെരഞ്ഞെടുപ്പ് ​ഗോദയിലേക്ക്; വിജയമുറപ്പിച്ച് താരങ്ങൾ

By Web TeamFirst Published Mar 19, 2019, 7:41 PM IST
Highlights

ഒളിപിക്‌സ് മെഡല്‍ ജേതാവും ഷൂട്ടിംഗ് ചാമ്പ്യനുമായ രാജ്യവർധൻ സിം​ഗ് രത്തോഡ്, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ കൃതി ആസാദ്, ‍നവ്ജോത് സിം​ഗ് സിദ്ദു തുടങ്ങിയവരാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ പട്ടികയിൽ ഇടം നേടിയത്. 

ദില്ലി: വിവിധ ഇനത്തിൽ കളിക്കളത്തിൽ രാജ്യത്തിന് വേണ്ടി പോരാടിയ ഒരുപിടി കായികതാരങ്ങൾ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു. ഒളിപിക്‌സ് മെഡല്‍ ജേതാവും ഷൂട്ടിംഗ് ചാമ്പ്യനുമായ രാജ്യവർധൻ സിം​ഗ് രത്തോഡ്, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ കൃതി ആസാദ്, ‍നവ്ജോത് സിം​ഗ് സിദ്ദു തുടങ്ങിയവരാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ പട്ടികയിൽ ഇടം നേടിയത്. 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദില്ലിയില്‍ നിന്ന് മത്സരിക്കാൻ മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗിനെ ബിജെപി ക്ഷണിച്ചിരുന്നു. നിലവില്‍ ബിജെപിയുടെ പര്‍വേശ് വര്‍മ പ്രതിനിധീകരിക്കുന്ന വെസ്റ്റ് ദില്ലി സീറ്റില്‍ സെവാഗിനെ സ്ഥാനാര്‍ഥിയാക്കാമെന്ന വാഗ്ദാനമാണ് ബിജെപി മുന്നോട്ടുവച്ചത്‌. എന്നാൽ, വ്യക്തിപരമായ കാരണങ്ങളാല്‍ മത്സരിക്കാനില്ലെന്ന് സേവാഗ് ബിജെപി നേതൃത്വത്തെ അറിയിക്കുകയായിരുന്നു. അതേസമയം, ഡിസംബറില്‍ വിരമിച്ച ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബിജെപി സീറ്റില്‍ ദില്ലി ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.  

രാഷ്ട്രീയത്തിലായാലും കളിക്കളത്തിലായാലും രാജ്യത്തിന് വേണ്ടി കായിക താരങ്ങൾക്കും എന്തെങ്കിലുമൊക്കെ ചെയ്യാനാകുമെന്നാണ് തോന്നുന്നതെന്ന് രാജ്യവര്‍ധന സിം​ഗ് റാത്തോഡ് പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി കേന്ദ്ര കായിക വകുപ്പ് ഭരിക്കാന്‍ നിയമിച്ച കായിക താരമാണ് രാജ്യവര്‍ധന. വാര്‍ത്താ വിതരണ വകുപ്പിലെ സഹമന്ത്രിയായിരുന്ന റാത്തോഡ് നിലവിൽ യുവജന, കായിക വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാണ്.

16-ാമത് ലോക്സഭാ തെരഞ്ഞടുപ്പിൽ രാജസ്ഥാനെ പ്രതിനിധീകരിച്ചാണ് 47കാരനായ രാജ്യാവർധൻ കേന്ദ്രമന്ത്രിസഭയിൽ എത്തുന്നത്. 2004-ലെ ഏതന്‍സ് ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടിയിട്ടുള്ള റാത്തോഡ് മൂന്ന് കോമണ്‍വെല്‍ത്ത് സ്വര്‍ണ മെഡലുകളും രണ്ട് ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ മെഡലുകളും നേടിയിട്ടുണ്ട്.

ബിജെപി സസ്പെൻഡ് ചെയ്തതിനെ തുടർന്ന് കോൺ​ഗ്രസിൽ ചേർന്ന കീർത്തി ആസാദ്, മുൻ ഫുട്ബോൾ ക്യാപ്റ്റൻ പ്രസൂൺ ബാനർജി (തൃണമൂൽ കോൺ​ഗ്രസ്), ദേശീയ ഷൂട്ടിം​ഗ് താരം കലികേഷ് നാരായൺ സിം​ഗ് ദേവ് (ബിജെഡി) തുടങ്ങിയവർ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചവരാണ്. 1991-ൽ ദേശീയ ജൂനിയർ ഷൂട്ടിം​ഗ് ചാമ്പ്യൻഷിപ്പിലെ സ്വർണ മെ‍ഡൽ ജേതാവാണ് കലികേഷ് നാരായൺ.

2009-ൽ നടന്ന 15-ാമത് ലോക്സഭാ തെരഞ്ഞെടുപ്പിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദിൻ മൊറാബാദിൽ മത്സരിച്ച് വിജയിച്ചിരുന്നു. മുൻ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജോത് സിം​ഗ് സിദ്ദുവും 2009-ലാണ് ബിജെപിയെ പ്രതിനിധീകരിച്ചാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. 2014-ൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപി വിട്ട് സിദ്ദു കോൺ​ഗ്രസിൽ ചേർന്നു.   

2004-ൽ ഇന്ത്യയുടെ മധ്യദൂര ഓട്ടക്കാരിയായ ജ്യോതിർമയി സിഖ്ദാർ ബം​ഗാളിലെ കൃഷ്ണന​ഗർ ലോക്സഭാ മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു. 1995ലും 1998ലും നടന്ന ഏഷ്യൻ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ ഇന്ത്യയുടെ അഭിമാന താരമാണ് ജ്യോതിർമയി. പ്രശസ്ത ഹോക്കി താരം അസ്ലം ഷേർ ഖാൻ 1989ലാണ് ആദ്യമായി ലോക്സഭയിൽ തെരഞ്ഞെടുക്കപ്പെടുന്നത്. 1991-ൽമധ്യപ്രദേശിലെ ബേട്ടുൽ മണ്ഡലത്തിൽ കോൺ​ഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചെങ്കിലും തുടർന്ന് നടന്ന നാല് തെരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടു.

സുനിൽ ​ഗവാസ്ക്കറിനൊപ്പം നിരവധി തവണ ഇന്നിം​ഗ്സ് തുറന്ന ചേതൻ ചൗഹാനാണ് അസ്ലം ഖാന് ശേഷം വന്ന കായികതാരം. ഉത്തർപ്രദേശിലെ അംറോഹ ലോക്സഭാ മണ്ഡലത്തിൽനിന്ന് സുനിൽ ​ഗവാസ്ക്കർ രണ്ട് തവണ ബിജെപി എംപിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1991,1998 വർഷങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിലാണ് ​ഗവസ്ക്കർ ലോക്സഭയിലെത്തിയത്. 

ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാനായ മുഹമ്മദ് കെയ്ഫ് (കോൺ​ഗ്രസ്), ഇന്ത്യൻ ഫുട്ബോൾ താരം ബൈചും​ഗ് ബൂട്ടിയ(തൃണമൂൽ കോൺ​ഗ്രസ്) എന്നിവർ 2009-ലെ പൊതുതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും വിജയിച്ചില്ല. ഉത്തർപ്രദേശിലെ ഫുൽപുരിർ ലോക്സഭാ മണ്ഡലത്തിലാണ് മുഹമ്മദ് കെയ്ഫ് മത്സരിച്ചത്. 2014ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ തൃണമൂൽ കോൺ​ഗ്രസ് വിട്ട് ബൂട്ടിയ സ്വന്തം പാർട്ടി രൂപീകരിച്ചു.

ദേശീയ നീന്തൽ താരവും സിനിമാതാരവുമായ നഫീസ അലിയും രാഷ്ട്രീയത്തിൽ ജനവിധി തേടിയിരുന്നെങ്കിലും 2004, 2009 തെരഞ്ഞടുപ്പുകളിൽ പരാജയപ്പെട്ടതോടെ തെരഞ്ഞെടുപ്പ് ​ഗോദയിൽനിന്ന് വിടവാങ്ങി. മലയാളത്തിൽ മമ്മൂട്ടി നായകനായ ബി​ഗ്ബി​ഗ് എന്ന ചിത്രത്തിൽ‌ അഭിനയിച്ചിട്ടുണ്ട്. 
  

click me!