ലോക്‌സഭാ ചരിത്രത്തിൽ ഏറ്റവും ഉയർന്ന സ്ത്രീപ്രാതിനിധ്യം: നേട്ടത്തിന് കൈയ്യടി ബിജെപിക്കും മമതയ്ക്കും

By Web TeamFirst Published May 24, 2019, 5:03 PM IST
Highlights

ബിജെപി മത്സരിപ്പിച്ച 47 സ്ത്രീകളിൽ പ്രഗ്യാ സിങ് ഠാക്കൂറടക്കം 34 പേരും വിജയിച്ചുകയറി

ദില്ലി: ദേശീയ രാഷ്ട്രീയത്തിൽ വനിതാ മുന്നേറ്റത്തിന്റെ വലിയ നേട്ടം പറയാനുണ്ട് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിന്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന സ്ത്രീ പ്രാതിനിധ്യം ഈ തെരഞ്ഞെടുപ്പിലൂടെ 17ാം ലോക്സഭയിലേക്ക് ഉണ്ടായെന്നതാണ് അത്. ഏറ്റവും കൂടുതൽ വനിതാ എംപി മാർ ബിജെപിയിൽ നിന്നാണ്. ബിജെപി മത്സരിപ്പിച്ച 47 സ്ത്രീകളിൽ പ്രഗ്യ സിങ് ഠാക്കൂറടക്കം 34 പേരും ജയിച്ചുകയറി. 

അതേസമയം ഇക്കുറി 41 ശതമാനം വനിതാ സ്ഥാനാർത്ഥികളെ നിർത്തി രാജ്യത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ മമതയ്ക്കും അഭിമാനിക്കാനുണ്ട്. 17 സ്ത്രീകളിൽ 11 പേരും ഇനി ലോക്സഭയിലുണ്ടാകുമെന്നതാണത്. ഇതിന് പുറമെ ഒഡിഷയിൽ നവീൻ പട്‌നായികിന്റെ ബിജു ജനതാദൾ മത്സരിപ്പിച്ച സ്ത്രീകളിൽ ആറ് പേരാണ് ലോക്സഭയിലേക്ക് യോഗ്യത നേടിയത്. ഏറ്റവും കൂടുതൽ സ്ത്രീകളെ ലോക്സഭയിലേക്ക് അയച്ച ക്രഡിറ്റ് യുപിക്കും പശ്ചിമ ബംഗാളിനുമാണ്. 

സോണിയാ ഗാന്ധി, മനേക ഗാന്ധി, സ്മൃതി ഇറാനി, ഹേമ മാലിനി, കനിമൊഴി കരുണാനിധി എന്നിവരാണ് ലോക്സഭയിലേക്ക് യോഗ്യത നേടിയവരിൽ പ്രമുഖർ. ആന്ധ്രപ്രദേശിൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടി മത്സരിപ്പിച്ച നാല് സ്ത്രീകളും തമിഴ്‌നാട്ടിൽ ഡിഎംകെ മത്സരിപ്പിച്ച രണ്ട് പേരും ജയിച്ചുകയറി.

click me!