അനുനയിപ്പിക്കാൻ ജെഡിഎസ്; വാഗ്ദാനം മാണ്ഡ്യക്ക് പകരം മൈസൂരു; വഴങ്ങാതെ സുമലത

Published : Mar 09, 2019, 08:11 AM ISTUpdated : Mar 09, 2019, 08:45 AM IST
അനുനയിപ്പിക്കാൻ ജെഡിഎസ്; വാഗ്ദാനം മാണ്ഡ്യക്ക് പകരം മൈസൂരു; വഴങ്ങാതെ സുമലത

Synopsis

സുമലതയെ പിന്തിരിപ്പിക്കാനാണ് ജെഡിഎസിന്‍റെ നീക്കം. മണ്ഡ്യക്ക് പകരം മൈസൂരു സീറ്റാണ് വാഗ്ദാനം. എന്നാൽ, മത്സരിക്കുന്നെങ്കിൽ മണ്ഡ്യയിൽ തന്നെയെന്ന നിലപാട് സുമലത ആവർത്തിച്ചുവെന്നാണ് സൂചന

ബെംഗലുരു: മാണ്ഡ്യയിൽ മത്സരിക്കാനൊരുങ്ങുന്ന നടി സുമലതയെ അനുനയിപ്പിക്കാൻ ജെഡിഎസ് നേതൃത്വം. മാണ്ഡ്യക്ക് പകരം മൈസൂരു സീറ്റിൽ ജെഡിഎസ് സ്ഥാനാർത്ഥിയാവാൻ എച്ച് ഡി ദേവെഗൗഡ സുമലതയെ ക്ഷണിച്ചു. അതേ സമയം ഭർത്താവ് മരിച്ച് ദിവസങ്ങൾക്കകം സുമലത രാഷ്ട്രീയത്തിലിറങ്ങിയത് ശരിയായില്ലെന്ന മന്ത്രി എച്ച് ഡി രേവണ്ണയുടെ പരാമർശം വിവാദമായി.

മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡയെ ജെഡിഎസ് മാണ്ഡ്യയിലെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചുകഴിഞ്ഞു. കന്നിയങ്കത്തിനിറങ്ങുന്ന നിഖിലിന് അന്തരിച്ച കോൺഗ്രസ് നേതാവ് അംബരീഷിന്‍റെ ഭാര്യ സുമലത വെല്ലുവിളിയാകുമെന്ന് നേതൃത്വത്തിന് ആശങ്കയുണ്ട്. ബിജെപിയുടെ പിന്തുണയും അംബരീഷിനുളള സ്വീകാര്യതയും കോൺഗ്രസിലെ അതൃപ്തിയും സുമലതയെ തുണച്ചാൽ അട്ടിമറിക്ക് സാധ്യതയേറെ. 

ഇത് മുന്നിൽ കണ്ടാണ് അവരെ പിന്തിരിപ്പിക്കാനുളള ജെഡിഎസ് നീക്കം. മണ്ഡ്യക്ക് പകരം മൈസൂരു സീറ്റാണ് വാഗ്ദാനം. ദേവെഗൗഡയും കുമാരസ്വാമിയും ഇക്കാര്യം സുമലതയുമായി നേരിട്ട് സംസാരിച്ചു. എന്നാൽ, മത്സരിക്കുന്നെങ്കിൽ മണ്ഡ്യയിൽ തന്നെയെന്ന നിലപാട് സുമലത ആവർത്തിച്ചുവെന്നാണ് സൂചന. 

ഇതിന് പിന്നാലെയാണ് മന്ത്രി എച്ച് ഡി രേവണ്ണയുടെ പരാമർശം വിവാദമായത്. ഹിന്ദു ആചാരപ്രകാരം ഭർത്താവിന്‍റെ മരണശേഷം വിധവ കുറച്ചുനാളത്തേക്ക് വീടിന് പുറത്തിറങ്ങരുതെന്നാണ് രേവണ്ണ പറഞ്ഞത്. മന്ത്രി മാപ്പുപറയണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി. മണ്ഡ്യയിലെ ജനം രേവണ്ണയ്ക്ക് മറുപടി കൊടുക്കുമെന്ന് സുമലത പ്രതികരിച്ചു. 

വിവാദങ്ങൾക്കിടയിലും മണ്ഡ്യയിൽ പര്യടനം തുടരുകയാണ് സുമലത. മത്സരിക്കാനുളള നടിയുടെ തീരുമാനത്തിനെതിരെ കോൺഗ്രസ് നേതാക്കൾ കാര്യമായി രംഗത്തുവരാത്തത് ജെഡിഎസിനെ ചൊടിപ്പിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?