Latest Videos

ശിവസേനയുടെ 'മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി'; ആദിത്യ താക്കറെ കോടികളുടെ സ്വത്ത് വിവരം പരസ്യപ്പെടുത്തി

By Web TeamFirst Published Oct 3, 2019, 7:10 PM IST
Highlights
  • 11.38 കോടിയുടെ ജംഗമ സമ്പത്തും 4.67 കോടിയുടെ സ്ഥാവര സമ്പത്തുമുണ്ട്
  • ക്രിമിനല്‍ കേസുകളിലൊന്നും പ്രതിയല്ല

മുംബൈ: ചരിത്രത്തിലാദ്യമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച താക്കറെ കുടുംബാംഗം ആദിത്യ താക്കറയെ മുഖ്യമന്ത്രി
സ്ഥാനാര്‍ത്ഥിയെന്നാണ് ശിവസേന വിശേഷിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് പത്രിക സമര്‍പ്പണത്തിന്‍റെ ഭാഗമായി സ്വത്ത് വിവരം
പരസ്യപ്പെടുത്തിയിരിക്കുകയാണ് ആദിത്യ. 16 കോടിയുടെ സമ്പത്താണ് താക്കറെ കുടുംബത്തിലെ ഇളംതലമുറക്കാരനുള്ളത്.

ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെയുടെ മകനും യൂത്ത് സേന അധ്യക്ഷനുമായ ആദിത്യ മുംബൈ നഗരത്തിലെ വോര്‍ളി മണ്ഡലത്തിലാണ് ജനവിധി തേടുന്നത്. 11.38 കോടിയുടെ ജംഗമ സമ്പത്തും 4.67 കോടിയുടെ സ്ഥാവര സമ്പത്തുമുണ്ടെന്നാണ് 29 കാരന്‍ നാമനിര്‍ദ്ദേശപത്രികയ്ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇതില്‍ 10.36 കോടി വിവിധ ബാങ്ക് അക്കൗണ്ടുകളിലായാണുള്ളത്. 4.56 കോടിയുടെ ഫിക്സഡ് ഡിപ്പോസിറ്റും 5.79 കോടിയുടെ സേവിംഗ്സുമാണുള്ളത്. 6.5 ലക്ഷം രൂപ വില വരുന്ന ബിഎംഡബ്ല്യൂ കാര്‍ സ്വന്തമായുണ്ടെന്നും ആദിത്യ വ്യക്തമാക്കി. 64. 65 ലക്ഷത്തിന്‍റെ സ്വര്‍ണ സമ്പാദ്യമാണുള്ളത്. 10.22 ലക്ഷത്തിന്‍റെ മറ്റ് സമ്പാദ്യങ്ങളുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്.

ക്രിമിനല്‍ കേസുകളിലൊന്നും പ്രതിയല്ലെന്നും ആദിത്യ വ്യക്തമാക്കി. ബാല്‍താക്കറെയുടെ കൊച്ചുമകനായ ആദിത്യ, താക്കറെ കുടുംബത്തില്‍ നിന്ന് ആദ്യമായി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനിറങ്ങുന്നത് വ്യക്തമായ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. മുഖ്യമന്ത്രി പദമാണ് ലക്ഷ്യമെങ്കിലും ബിജെപി വഴങ്ങിയിട്ടില്ല. തെരഞ്ഞെടുപ്പില്‍ ശിവസേന മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തിന് അരയും തലയും മുറുക്കി പാര്‍ട്ടി രംഗത്തെത്തുമെന്നുറപ്പാണ്.

click me!