തെരഞ്ഞെടുപ്പ് പരാജയം: സിപിഎം പോളിറ്റ് ബ്യൂറോ ഇന്ന് ദില്ലിയില്‍

By Web TeamFirst Published May 26, 2019, 6:12 AM IST
Highlights

കേരളത്തിലെ തകർച്ചയും ബംഗാളിലെ ചോർച്ചയും വിലയിരുത്തും. ശബരിമല വിഷയം തിരിച്ചടിയായോ എന്നും പരിശോധിക്കും.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ ചേരും. കേരളത്തിൽ സിപിഎമ്മിന് ഒരു സീറ്റ് മാത്രം കിട്ടിയ സാഹചര്യവും പശ്ചിമബംഗാളിൽ പാര്‍ട്ടി വോട്ടുകൾ ഏതാണ്ട് പൂര്‍ണമായി തന്നെ ചോര്‍ന്നുപോയതും യോഗം ചര്‍ച്ച ചെയ്യും. 

ഒരു സീറ്റുപോലും ബംഗാളിൽ സിപിഎമ്മിന് ഇല്ല. കേരളത്തിൽ നിന്ന് കിട്ടിയ ഒരു സീറ്റും തമിഴ്നാട്ടിൽ നിന്നുള്ള രണ്ട് സീറ്റും മാത്രമാണ് സിപിഎം പതിനേഴാം തെരഞ്ഞെടുപ്പില്‍ നേടിയത്. പശ്ചിമ ബംഗാളില്‍ സീറ്റുകളൊന്നും ലഭിച്ചില്ലെന്ന് മാത്രമല്ല, സിറ്റിങ്ങ് സീറ്റുകളിലടക്കം പാര്‍ട്ടി കോണ്‍ഗ്രസ്സിനും പിന്നാലെ നാലാമതായിരുന്നു. കേരളത്തിലെ അനുകൂല സാഹചര്യത്തില്‍ പോലും സിപിഎമ്മിനുണ്ടായത് വന്‍ പരാജയമാണ്. ഈ സാഹചര്യത്തിലാണ് സിപിഎം പോളിറ്റ് ബ്യൂറോ ഇന്ന് ചേരുന്നത്.

പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച തെരഞ്ഞെടുപ്പ നയം പാർട്ടി പരിശോധിക്കും.കേരളത്തിലെ പരാജയകാരണം ശബരിമല ഉൾപ്പടെയുള്ള വിഷയങ്ങളാണോ എന്നതടക്കമുള്ള കാര്യങ്ങൾ ഇന്നത്തെ പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യും. ജൂണ്‍ ആദ്യവാരത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി യോഗവും ചേരുന്നുണ്ട്.

click me!