മുഖ്യമന്ത്രിയാവാന്‍ ജഗന്‍ ഹൈക്കമാന്‍ഡിന് 1500 കോടി വാഗ്ദാനം ചെയ്തുവെന്ന് ഫറൂഖ് അബ്ദുള്ള

By Web TeamFirst Published Mar 28, 2019, 8:01 AM IST
Highlights

ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന ആന്ധ്രാപ്രദേശില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്കുദേശം പാര്‍ട്ടിക്കായി പ്രചാരണത്തിന് എത്തിയപ്പോള്‍ ആണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവായ ഫറൂഖ് അബ്ദുള്ള ഈ വിവാദ വെളിപ്പെടുത്തല്‍ 

കഡപ്പ: 2009-ല്‍ അന്നത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വൈഎസ് രാജശേഖരറെഡ്ഡിയുടെ മരണാനന്തരം മകന്‍ ജഗന്‍മോഹന്‍ റെഡ്ഡി മുഖ്യമന്ത്രി സ്ഥാനം ലഭിക്കാന്‍ 1500  കോടി വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തലുമായി ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. 

ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന ആന്ധ്രാപ്രദേശില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്കുദേശം പാര്‍ട്ടിക്കായി പ്രചാരണത്തിന് എത്തിയപ്പോള്‍ ആണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവായ ഫറൂഖ് അബ്ദുള്ള ഈ വിവാദ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ജഗന്‍റെ പാര്‍ട്ടിയായ വൈഎസ്ആര്‍ കോണ്‍ഗ്രസിന്‍റെ ശക്തികേന്ദ്രമായ കഡപ്പയില്‍ നായിഡുവിനൊപ്പം പ്രചാരണം നടത്തുന്നതിനിടെയായിരുന്നു ഫറൂഖ് അബ്ദുള്ള ഞെട്ടിപ്പിക്കുന്ന ആരോപണം പുറത്തുവിട്ടത്.

വർഷം 2009. ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖര റെഡ്ഡി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച് ദിവസങ്ങൾക്ക് ശേഷം മകൻ ജഗൻ ദില്ലിയിലെ എന്‍റെ വീട്ടിൽ വന്നു. മുഖ്യമന്ത്രി പദവി കിട്ടാൻ കോൺഗ്രസ് ഹൈക്കമാന്‍റിന് ആയിരത്തി അഞ്ഞൂറ് കോടി നൽകാൻ ഞാൻ തയ്യാറാണ് എന്ന് അയാൾ എന്നോട് പറഞ്ഞു.... കഡപ്പയില്‍ നായിഡുവിനായി വോട്ട് ചോദിക്കുന്നതിനിടെ ഫറൂഖ് അബ്ദുള്ള പറഞ്ഞു.

ജഗൻ മോഹൻ റെഡ്ഡിക്കും ചന്ദ്രബാബു നായിഡുവിനും എതിരെ മാറി മാറി വരുന്ന ആരോപണങ്ങൾ പ്രചാരണവിഷയമാകുന്ന ആന്ധ്രയിൽ പെട്ടെന്ന് തന്നെ പുതിയ വെളിപ്പെടുത്തല്‍ വിവാദമായി. ആരോപണം നിഷേധിച്ച് കോൺഗ്രസും വൈെസ്ആർ കോൺഗ്രസും രംഗത്തെത്തി. മുഖ്യമന്ത്രിയാവാൻ ജഗൻ പല വഴികൾ നോക്കിയിട്ടുണ്ടാകാം. എന്നാൽ ഹൈക്കമാന്‍റിന് പണം കൊടുത്തിട്ടില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. ആരോപണം അടിസ്ഥാനരഹിതവുമെന്നും അപമാനകരവുമെന്ന് പ്രതികരിച്ച വൈഎസ്ആര്‍ കോണ്‍ഗ്രസ് ഫറൂഖ് അബ്ദുള്ളയ്ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 

2014-ലെ വിഭജനത്തിന് ശേഷം തെലങ്കാനയില്‍ ടിആര്‍എസ് ആധിപത്യമുറപ്പിച്ചപ്പോള്‍ ആന്ധ്രാപ്രദേശ് പിടിക്കാന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസും തെലുങ്കുദേശം പാര്‍ട്ടിയും തമ്മിലുള്ള ശക്തമായ മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. വൈഎസ്ആറിന്‍റെ സഹോദരന്‍റെ ദുരൂഹമരണത്തില്‍ ഇരുപാര്‍ട്ടികളും പരസ്പരം പോരടിക്കുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍ വരുന്നത്. ജഗനേയും വൈഎസ്ആര്‍ കോണ്‍ഗ്രസിനേയും നേരിടാന്‍ പ്രതിപക്ഷ നിരയിലെ നേതാക്കളെ ആന്ധ്രയിലെത്തിച്ച് പ്രചാരണം സജീവമാക്കുകയാണ് ചന്ദ്രബാബു നായിഡു. മമതാ ബാനർജി, അരവിന്ദ് കെജ്രിവാൾ, എച്ച് ഡി ദേവഗൗഡ എന്നിവർ വരും ദിവസങ്ങളിൽ പ്രചാരണത്തിനെത്തും. പ്രതിപക്ഷ പാർട്ടികളുടെ മഹാറാലിയും മാർച്ച് 31ന് വിശാഖപട്ടണത്ത് നടക്കും.

click me!