അണ്ണാ ഡിഎംകെ എംഎൽഎ പാർട്ടി പദവി രാജിവച്ചു

By Web TeamFirst Published May 21, 2019, 2:26 PM IST
Highlights

അണ്ണാ ഡിഎംകെയുടെ പോഷക സംഘടനയായ അമ്മ പേരാവൈയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു ഇദ്ദേഹം

ചെന്നൈ: അണ്ണാ ഡിഎംകെയ്ക്ക് എതിരായ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്ന തൊട്ടടുത്ത ദിവസം എംഎൽഎ പാർട്ടിയിലെ നേതൃസ്ഥാനം ഒഴിഞ്ഞു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ നേരിൽ കണ്ട് അദ്ദേഹം രാജിക്കത്ത് നൽകി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

അണ്ണാ ഡിഎംകെയുടെ പോഷക സംഘടനയായ അമ്മ പേരാവൈയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു എൻഡി വെങ്കിടാചലം. ഇദ്ദേഹം തമിഴ്‌നാട്ടിലെ പെരുന്തുരൈ മണ്ഡലത്തിലെ എംഎൽഎയാണ്.

നേതൃപദവി ഒഴിഞ്ഞാലും താൻ പാർട്ടി പ്രവർത്തകനായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു വർഷം മുൻപാണ് ഇദ്ദേഹത്തിന് അമ്മാ പേരാവൈയുടെ നേതൃസ്ഥാനം നൽകിയത്. നേതൃപദവി ഒഴിയാനുള്ള യഥാർത്ഥ കാരണം ഇപ്പോൾ പറയില്ലെന്നും ഒരു സമയം വരുമെന്നും അപ്പോൾ പറയാമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

വെങ്കിടാചലവും തമിഴ്‌നാട്ടിലെ മന്ത്രി കെസി കറുപ്പണ്ണനും തമ്മിൽ അത്ര നല്ല ബന്ധത്തിലല്ല. സംസ്ഥാന പരിസ്ഥിതി വകുപ്പ് മന്ത്രിസ്ഥാനം കുറേക്കാലമായി വെങ്കിടാചലം ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഇത് കിട്ടാത്തതിനാലാവാം രാജിയെന്നാണ് കരുതുന്നത്.

click me!