മോദിക്കെതിരെ ഇത്ര തെറി പറഞ്ഞ ഒരു മനുഷ്യൻ ഇപ്പോഴെന്താ മാറ്റിപ്പറയുന്നത്?

By Web TeamFirst Published Mar 14, 2019, 9:29 PM IST
Highlights

ടോം വടക്കൻ പ്രത്യയശാസ്ത്ര കാഴ്ചപ്പാടുള്ള ആളാണെന്ന് തെറ്റിദ്ധരിച്ചു. മുപ്പത് വർഷം നിലനിന്ന പ്രത്യയശാസ്ത്രം പെട്ടെന്ന് ഒരു ദിവസം എങ്ങനെ മാറാനായെന്നും എഐസിസി ദേശീയ വക്താവ് ഡോ.ഷമ മുഹമ്മദ്.

തിരുവനന്തപുരം: മോദിക്കെതിരെ ഇത്രകാലം തെറി പറഞ്ഞുനടന്ന ഒരു മനുഷ്യൻ ഇപ്പോഴെന്താ മാറ്റിപ്പറയുന്നതെന്ന് കോൺഗ്രസ് ദേശീയ വക്താവ് ഡോ.ഷമ മുഹമ്മദ്. കോൺഗ്രസ് ദേശീയ വക്താവായിരുന്ന ടോം വടക്കന്‍റെ ബിജെപി പ്രവേശത്തെപ്പറ്റി ന്യൂസ് അവർ ചർച്ചയിൽ പ്രതികരിക്കുകയായിരുന്നു ഡോ.ഷമ. അധികാരത്തിന് വേണ്ടി മാത്രമാണ് ടോം വടക്കന്‍റെ പാർട്ടി മാറ്റമെന്നും ഷമാ മുഹമ്മദ് പറഞ്ഞു. എന്നാൽ ബിജെപി അദ്ദേഹത്തിന് മത്സരിക്കാൻ ടിക്കറ്റ് നൽകില്ലെന്നും എഐസിസി ദേശീയ വക്താവ് കൂട്ടിച്ചേർത്തു. കാരണം ടോം വടക്കന് ജനപിന്തുണയില്ല.

ജനാധിപത്യത്തിൽ ഏത് പാർട്ടിയിൽ ചേരാനും ആർക്കും സ്വാതന്ത്ര്യമുണ്ടെന്നും ടോം വടക്കൻ ബിജെപിയിലേക്ക് പോയതുകൊണ്ട് കോൺഗ്രസിന് ക്ഷീണമൊന്നും ഇല്ലെന്നും ഷമാ മുഹമ്മദ് പറഞ്ഞു. കീർത്തി ആദാസ്, സാവിത്രി ഭായ് ഫൂലെ തുടങ്ങിയ ബിജെപി നേതാക്കൾ കോൺഗ്രസിലേക്കും വന്നിട്ടുണ്ട്.

ടോം വടക്കൻ പ്രത്യയശാസ്ത്ര കാഴ്ചപ്പാടുള്ള ആളാണെന്ന് തെറ്റിദ്ധരിച്ചു. മുപ്പത് വർഷം നിലനിന്ന പ്രത്യയശാസ്ത്രം പെട്ടെന്ന് ഒരു ദിവസം എങ്ങനെ മാറാനായെന്നും അവർ ചോദിച്ചു. വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണ് അദ്ദേഹം പാർട്ടി മാറിയത്. പുൽവാമ ഭീകരാക്രമണത്തിൽ കോൺഗ്രസിന്‍റെ നിലപാടിലുള്ള അഭിപ്രായ വ്യത്യാസം കൊണ്ടാണ് ബിജിപിയിലേക്ക് പോകുന്നത് എന്നാണ് ടോം വടക്കൻ പറയുന്നത്. എന്നാൽ പുൽവാമ ആക്രമണത്തിന് പിന്നാലെ പാർട്ടിക്കുള്ളിൽ നടന്ന ചർച്ചകളിൽ ടോം വടക്കൻ വിയോജിപ്പൊന്നും പറഞ്ഞിട്ടില്ലെന്നും ഷമാ മുഹമ്മദ് ന്യൂസ് അവർ ചർച്ചയിൽ പറഞ്ഞു.

click me!