
അഹമ്മദബാദ്: ഗുജറാത്തിലെ ക്ഷത്രിയ താക്കൂർ സേന നേതാവും എംഎല്‍എയുമായ അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. പാർട്ടി നേതൃത്വം താക്കൂര്‍ സമുദായത്തെ അവഗണിക്കുന്നെന്ന് ആരോപിച്ചാണ് അല്‍പേഷ് താക്കൂർ പാർട്ടി വിടുന്നതെന്നാണ് സൂചന. പതാൻ ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാൻ അൽപേഷ് താൽപര്യം കാണിച്ചിരുന്നെങ്കിലും കോൺഗ്രസ് മുൻ എംപി ജഗദീഷ് താക്കൂറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. സബർകാന്ത ലോക്സഭ മണ്ഡലത്തിലും താക്കൂർ സേനയ്ക്ക് കോൺഗ്രസ് സീറ്റ് നിക്ഷേധിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു അൽപേഷ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേയ്ക്ക് പോയേക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ അദ്ദേഹം അതെല്ലാം നിക്ഷേധിച്ച് രംഗത്തെത്തിയിരുന്നു. 2017-ലാണ് അൽപേഷ് താക്കൂർ കോൺഗ്രസിലെത്തുന്നത്.
കോണ്‍ഗ്രസില്‍ ഉറച്ചുനിന്നുകൊണ്ട് തന്നെ താക്കൂര്‍ സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നാണ് അന്ന് അല്‍പേഷ് താക്കൂര്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് എംഎൽഎയുമായി. എതിർ സ്ഥാനാർത്ഥിയായിരുന്ന ബിജെപി നേതാവിനെ 15,000ൽ പരം വോട്ടുകൾക്കാണ് അൽപേഷ് താക്കൂർ പരാജയപ്പെടുത്തിയത്.