വയനാട്ടിൽ രാഹുലിനെ ഇറക്കി കോൺ​ഗ്രസ് ലക്ഷ്യം വയ്ക്കുന്നത് 130 സീറ്റുകൾ

By Web TeamFirst Published Mar 23, 2019, 11:23 PM IST
Highlights

തെക്കേ ഇന്ത്യയിൽ നിന്ന് കൂടുതൽ സീറ്റ്  നേടുന്നതിനൊപ്പം രാഹുലിന്‍റെ സാന്നിധ്യം പാർലമെൻറിൽ ഉറപ്പാക്കാനും വയനാട്ടില്‍ മത്സരിക്കുന്നത് സഹായിക്കുമെന്നാണ് എഐസിസി വിലയിരുത്തൽ

ദില്ലി: 130 സീറ്റെങ്കിലും ലക്ഷ്യം വച്ചുള്ള കോൺഗ്രസ് നീക്കത്തിന്‍റെ ഭാഗമാണ് രാഹുൽ ഗാന്ധിയെ വയനാട്ടിൽ ഇറക്കാനുള്ള തീരുമാനം. തെക്കേ ഇന്ത്യയിൽ നിന്ന് കൂടുതൽ സീറ്റ് നേടുന്നതിനൊപ്പം രാഹുലിന്‍റെ സാന്നിധ്യം പാർലമെൻറിൽ ഉറപ്പാക്കാനും വയനാട്ടില്‍ മത്സരിക്കുന്നത് സഹായിക്കുമെന്നാണ് എഐസിസി വിലയിരുത്തൽ.

കർണ്ണാടകം, തമിഴ്നാട്, കേരളം എന്നിങ്ങനെ മൂന്ന് സംസ്ഥാന ഘടകങ്ങളും രാഹുൽ ഗാന്ധി മത്സരിക്കണമെന്ന് ആവശ്യപ്പെടുന്ന നിർദ്ദേശം എഐസിസിക്കു മുമ്പാകെ വച്ചിരുന്നു. തമിഴ്നാട്ടിൽ ഇനി ശിവഗംഗ സീറ്റിലെ സ്ഥാനാർത്ഥിയെ മാത്രമേ പ്രഖ്യാപിക്കാനുള്ളു. കർണ്ണാടകത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. തമിഴ്നാടും കര്‍ണാടകയും ഒഴിവാക്കി രാഹുൽ വയനാട് തെരഞ്ഞെടുക്കുമ്പോൾ കോൺഗ്രസിന് ലക്ഷ്യം വയ്ക്കുന്നത് പ്രധാനമായും മൂന്ന് കാര്യങ്ങളാണ്. 

ഒന്ന് തെക്കേ ഇന്ത്യയിൽ നിന്ന് കൂടുതൽ പാർട്ടി എംപിമാരെ ലോക്സഭയിൽ എത്തിക്കുക. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ 50 സീറ്റ് തെക്കേ ഇന്ത്യയിൽ നിന്നും പാര്‍ട്ടിക്ക് കിട്ടണം. കേരളത്തിലും കർണ്ണാടകത്തിലുമായി നാല്പത്. തമിഴ്നാട്ടിലും തെലങ്കാനയിലുമായി പത്ത്. രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് അമ്പത് സീറ്റുകളെങ്കിലും സ്വാധീനിക്കുമെന്ന് കോൺഗ്രസ് കരുതുന്നു.

രണ്ട് അമേഠിയിൽ രാഹുൽ ഗാന്ധിയ്ക്ക് വിയർക്കേണ്ടി വരും. രണ്ടായിരത്തിനാലിൽ 2,90, 853 വോട്ടിന്‍റെ ഭൂരിപക്ഷം. 2009ൽ അത് 3,70,198 ആയി ഉയർന്നു. എന്നാൽ, സ്മൃതി ഇറാനിക്കെതിരെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം 1.07, 903ആയി ഇടിഞ്ഞു. 2017ലെ യുപി തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിനു ശേഷം ബിജെപിയുടെ പ്രധാന ലക്ഷ്യം അമേഠിയാണ്. ഈ സാഹചര്യത്തിൽ ഉറച്ച വയനാട്ടിൽ നില്ക്കുന്നത് പാർലമെന്‍റിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യം ഉറപ്പാക്കും.

മൂന്ന് രാഹുൽ തെക്കേ ഇന്ത്യയിൽ എത്തുന്നത് തമിഴ്നാട്ടിലെ ഡിഎംകെ സഖ്യത്തെ സഹായിക്കാം. മഹാരാഷ്ട്രയിലും ഇതിന്‍റെ പ്രതിഫലനം ഉണ്ടാകാം. യുപിഎയുടെ ആകെ അംഗസംഖ്യ ഉയരാൻ ഈ വിജയങ്ങൾ സഹായിക്കുമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു. അതേസമയം രാഹുൽ ഭയന്നോടി എന്ന പ്രചാരണം ശക്തമാക്കാൻ ബിജെപി ഈ മത്സരം അവസരമാക്കും.

ഉത്തർപ്രദേശിൽ നെഹ്റു കുടുംബങ്ങളുടെ തട്ടകമൊഴികെയുള്ള മണ്ഡലങ്ങളിൽ കോൺഗ്രസ് ഇത്തവണ വലിയ പ്രതീക്ഷ വച്ചു പുലർത്തുന്നില്ല. അതിനാൽ വയനാട്ടിൽ കൂടി മത്സരിക്കുന്നത് കൊണ്ട് ഉത്തർപ്രദേശിൽ നഷ്ടമുണ്ടാകില്ല. എന്നാൽ, മറ്റു വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് ഈ രണ്ട് സീറ്റ് പരീക്ഷണം ആയുധമാകും. എങ്കിലും മോദിവിരുദ്ധ ചേരിക്ക് മുൻതൂക്കം കിട്ടിയാൽ നേതൃസ്ഥാനം ആവശ്യപ്പെടാനുള്ള അംഗസംഖ്യ ഈ തെക്കേഇന്ത്യൻ പരീക്ഷണം നല്കും എന്നു തന്നെയാണ് കോൺഗ്രസിന്‍റെ പ്രതീക്ഷ.

click me!